ADVERTISEMENT

കൊട്ടാരക്കര, പത്തനാപുരം ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയെ ഉടൻ അറസ്റ്റ് ചെയ്യും. 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രദീപും സംഘവും ആക്രമിച്ചു പരുക്കേൽപ്പിച്ചതായാണു കേസ്. 

നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണു പ്രദീപ് കോട്ടാത്തല. ഈ കേസിൽ ജാമ്യത്തിൽ തുടരവേ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച കേസിൽ കൂടി പ്രതിയായതു പൊലീസ് പരിശോധിക്കുകയാണ്. കാസർകോട് ക്രൈംബ്രാഞ്ചാണു മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ് അന്വേഷിക്കുന്നത്. 

ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കാസർകോട്ടെ അന്വേഷണ സംഘത്തിനു ചിലർ കൈമാറിയതായാണു വിവരം. ജാമ്യ വ്യവസ്ഥ റദ്ദാക്കാനുള്ള സാഹചര്യം ഉണ്ടോയെന്നു സംഘം പരിശോധിക്കുന്നു. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് സംഘം വൈകാതെ പ്രദീപിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണു വിവരം. കുറ്റപത്രം നൽകുന്നതിനു മുന്നോടിയായാണു ചോദ്യം ചെയ്യൽ. 

കഴിഞ്ഞ ദിവസം വെട്ടിക്കവല കോക്കാട് ക്ഷീര ഉൽപാദക സംഘം കെട്ടിടം ഉദ്ഘാടനച്ചടങ്ങിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്(ബി) പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയായിരുന്നു. എന്നാൽ പ്രദീപിനും സംഘത്തിനും എതിരെ ചുമത്തിയ അതേ വകുപ്പു പ്രകാരം മർദനമേറ്റവർക്കെതിരെയും കേസെടുത്ത പൊലീസ് നടപടി വിവാദമായി. കേസ് ദുർബലപ്പെടുത്താനാണ് ഇതെന്നാണു കോൺഗ്രസ് ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുബിൻ, സുബീഷ്, രാജേഷ് എന്നിവർക്കാണു മർദനമേറ്റത്. ഇവർ ആരെയും ആക്രമിക്കുന്ന ദൃശ്യങ്ങളില്ല. സ്റ്റേഷനിൽ നിന്നു ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസ്. 

ഇന്നലെ കോക്കാട് കോൺഗ്രസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഇന്ന് 11ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിയിലേക്കു മാർച്ച് നടത്തും. 

English Summary: Pratheep Kottathala will be arrested in attack on youth congress members case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com