ADVERTISEMENT

തിരുവല്ല ∙ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ യുവാവും യുവതിയും മരിച്ചു. മുളക്കുഴ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ രാജുവിന്റെ മകൻ ജയിംസ് ചാക്കോ (30), വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസന്റെ മകൾ ആൻസി (26) എന്നിവരാണ് മരിച്ചത്.

ആൻസിക്ക് ഏറ്റുമാനൂരിൽ നടന്ന ഇന്റർ‌വ്യൂവിൽ പങ്കെടുത്തശേഷം മടങ്ങുന്ന വഴിയാണ് അപകടം. ഇരുവരുടെയും വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ ധാരണയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ട് 4.10ന് എംസി റോഡിൽ പെരുന്തുരുത്തിയിലാണ് അപകടം. കോട്ടയത്തുനിന്നു പത്തനംതിട്ടയിലേക്കു വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ 22 പേർക്ക് പരുക്കേറ്റു.

രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് അശുപത്രിയിലാണ്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച 18 പേരെ ചികിത്സ നൽകിയശേഷം വിട്ടയച്ചു. ബസിൽ 35 യാത്രക്കാരുണ്ടായിരുന്നു. പന്നിക്കുഴി പാലം കഴിഞ്ഞ ചെറിയ വളവിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡിന്റെ വശംചേർന്നു പോകുകയായിരുന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച ശേഷം കണ്ണടക്കടയിൽ ഇടിച്ചാണ് ബസ് നിന്നത്.

15 മീറ്ററോളം ജയിംസിനെയും ആൻസിയെയും വലിച്ചു നിരക്കികൊണ്ടുപോയി. ബസിന്റെ മുൻചക്രത്തിനടിയിൽ കുരുങ്ങികിടക്കുകയായിരുന്നു സ്കൂട്ടർ. കടയുടെ സമീപം നിർത്തിയിട്ടിരുന്ന കാറും രണ്ടു സ്കൂട്ടറുകളും ബസ് ഇടിച്ചു തെറിപ്പിച്ചു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. കടയിൽ ഈ സമയം രണ്ടു ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പരുക്കില്ല.കടയുടെ മുൻവശം പൂർണമായി തകർന്നു. ബസിന്റെ നിയന്ത്രണം വിട്ടയുടനെ ഡ്രൈവർ കുഴഞ്ഞുവീണതായി ദൃക്സാക്ഷി പറഞ്ഞു.മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ ബസ് ഡ്രൈവറാണ് ജയിംസ്. മാതാവ്: കുഞ്ഞുമോൾ. സഹോദരി ബിന്ദു. ലീലാമ്മയാണ് ആൻസിയുടെ മാതാവ്. സഹോദരൻ: അഖിൽ.

ഇടിയുടെ ഇല്ലം, പെരുംദുരന്തം

തിരുവല്ല ∙ എസി റോഡിൽ തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ അപകടങ്ങൾ ഏറുന്നു. പെരുന്തുരുത്തി, ഇടിഞ്ഞില്ലം പ്രദേശങ്ങളാണ് യാത്രക്കാർക്ക് ഭയാശങ്ക ഉയർത്തുന്നത്. ഇന്നലെ വൈകിട്ട് 4 മണിയോടെ പെരുന്തുരുത്തിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേർ മരിച്ചതാണ് ഒടുവിലത്തേത്. റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതോടെ ഈ ഭാഗത്ത് ആഴ്ചയിൽ 3 അപകടമെങ്കിലും പതിവാണ്. വാഹനങ്ങളുടെ അമിത വേഗമാണ് പ്രശ്നം. അപകടം ഉണ്ടാക്കിയതിൽ ഏറിയ പങ്കും കെഎസ്ആർടിസി ബസുകളാണ്. മരിച്ചവരിൽ കൂടുതലും ഇരുചക്ര വാഹന യാത്രക്കാരും.

എംസി റോഡിൽ ഈ ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ സംവിധാനമില്ല. വാഹനങ്ങളെ അലക്ഷ്യമായി മറികടക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നു. നാൽക്കവലയായ ഇടിഞ്ഞില്ലത്തെ വീതിക്കുറവും പ്രശ്നമാണ്. 

ബസിൽ ഉണ്ടായിരുന്നത് 35 പേർ

തിരുവല്ല ∙ ഇന്നലെ 7.45 ന് കോട്ടയത്തു നിന്നു കുമളിക്കു പോയി 2.50 നു കോട്ടയത്തു മടങ്ങിയെത്തിയയുടനെ പത്തനംതിട്ടയ്ക്കു സർവീസ് നടത്തിയ ബസാണ് പെരുന്തുരുത്തിയിൽ അപകടത്തിൽപ്പെട്ടത്. ബസിൽ 35 പേരുണ്ടായിരുന്നതായി കണ്ടക്ടർ പറഞ്ഞു. ബസിന്റെ മുൻസീറ്റിൽ യാത്രക്കാർ കാര്യമായി ഉണ്ടായിരുന്നില്ല. ബസ് റോഡിൽ നിന്നു അഞ്ചു മീറ്ററോളം ദൂരത്തിലുള്ള കടയിലാണ് ഇടിച്ചുകയറിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com