ADVERTISEMENT

തിരുവനന്തപുരം ∙ നാണമില്ലാതെ ബിജെപിയുടെ വോട്ടു വാങ്ങി ജയിക്കാൻ പറ്റുമോ എന്നു നോക്കിയിട്ട് ഒടുവിൽ തോറ്റ പ്രതിപക്ഷം ആ പ്രയാസത്താലാണ് ഇപ്പോൾ തോന്നിയതൊക്കെ വിളിച്ചു പറയുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപം. ഇത് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രമാണെന്നും കട്ടിട്ടു കള്ളൻ കള്ളൻ എന്നു വിളിച്ചാൽ കള്ളനെ കണ്ടെത്തില്ലെന്നാണു മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്നും തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി കൊടകര കേസ് അട്ടിമറിച്ചെന്നാരോപിച്ചു കോൺഗ്രസിലെ റോജി എം.ജോൺ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന്മേലായിരുന്നു നിയമസഭയിൽ ഇരുവരുടെയും ഏറ്റുമുട്ടൽ.

തോൽവിയുടെ മനോവിഷമം മാറ്റാൻ വഴിയൊന്നുമില്ലെന്ന പരിഹാസത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ തുടക്കം. കൊടകര കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടരന്വേഷണം നടക്കും. പണം എങ്ങനെ വന്നെന്ന് അപ്പോൾ ബിജെപി നേതാക്കൾ മറുപടി പറയേണ്ടി വരും. അങ്ങനെ അവർ പ്രതികളായി മാറും. എന്നാൽ, രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ‌ ആരെയും പ്രതിയാക്കില്ല.

കഴിഞ്ഞ തവണ ബിജെപിക്കു വേണ്ടി ഇവിടെ സംസാരിക്കാൻ പ്രതിപക്ഷം ഒരാൾക്കു പിന്തുണ കൊടുത്തിരുന്നു. ഇപ്പോൾ ബിജെപി എംഎൽഎ ഇല്ലാത്തതിനാൽ അവർക്കു വേണ്ടി സംസാരിക്കുകയാണ്. കേന്ദ്ര ഏജൻസികൾക്കു സ്വയം അന്വേഷിക്കാൻ ബാധ്യതയുണ്ട്. കേസ് കേരളം കൈമാറേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണമേറ്റെടുത്താൽ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കാണുന്നത് ഒൗപചാരിക ചടങ്ങാണ്. ചടങ്ങിൽ ഷാൾ അണിയിച്ചതിൽ എന്താണു പിശക്. അദ്ദേഹത്തിന്റെ മുഖത്തു നോക്കിത്തന്നെ ഞാൻ‌ പറഞ്ഞു ‘‘നമുക്കു രാഷ്ട്രീയമായി മത്സരിക്കാം, തർക്കിക്കാം. അതേസമയം നാടിന്റെ വികസനത്തിന് ഒന്നിച്ചു നിൽക്കാനാകണം.’’ ഒന്നിച്ചു നിൽക്കാം എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞത്.

കേന്ദ്ര ഏജൻസികളെ കേസ് ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് അതേ സീറ്റിലിരുന്ന് ഇപ്പോൾ മാറ്റിപ്പറയേണ്ട ഗതികേടാണെന്നു സതീശൻ പറഞ്ഞു. കൊടകര കേസിൽ കേന്ദ്ര ഏജൻസി എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിക്കു ഹാലിളകും. 

സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തയച്ചത് ആരാണ്? ലൈഫ് മിഷനിലെ 20 കോടിയിൽ ഒൻപതേ കാൽ കോടിയും അടിച്ചുമാറ്റി. എന്നിട്ട് കോൺഗ്രസ് എംഎൽഎ കേസ് കൊടുത്തതാണോ കുറ്റം. കൈക്കൂലി കൊടുത്തെന്ന കേസിനെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നു ന്യായീകരിക്കരുത്. സർക്കാരിനെതിരായ കേന്ദ്ര അന്വേഷണങ്ങളും ബിജെപിക്കാർക്കെതിരായ അന്വേഷണങ്ങളും ഒത്തുതീർക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

ഡമോക്ലീസിന്റെ വാളു പോലെ ബിജെപിക്കും സിപിഎമ്മിനും മുകളിൽ കേസുകൾ തൂങ്ങിയാടുകയാണെന്നും ഇരുകൂട്ടരും വാൾ പ്രയോഗിക്കില്ലെന്നും റോജി എം.ജോൺ പറഞ്ഞു. മുഖ്യമന്ത്രി തിരികെ കേരളത്തിൽ കാലു കുത്തും മുൻ‌പേ കസ്റ്റംസ് കമ്മിഷണറെ സ്ഥലംമാറ്റി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ബെംഗളൂരു ലഹരി കേസ് തീർക്കാൻ ഒത്തുകളിയില്ലെന്നു മുഖ്യമന്ത്രി

കൊടകര കേസും ബെംഗളൂരുവിലെ ലഹരിമരുന്നു കേസുമായി ഒരു ഒത്തുകളിയുടെയും പ്രശ്നവുമില്ലെന്നും ലഹരിമരുന്നു കേസിൽ പ്രതിയായ ആൾക്കെതിരെ ലഹരിമരുന്നു ബന്ധം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബിനീഷ് കോടിയേരി പ്രതിയായ കേസ് ഒത്തുകളിക്ക് ഉപയോഗിക്കുന്നുവെന്ന റോജിയുടെ ആരോപണത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും. അതിനു വ്യക്തികളെ ആക്ഷേപിക്കുന്ന രീതി സ്വീകരിക്കരുത്– മുഖ്യമന്ത്രി പറഞ്ഞു.

∙ ‘പ്രതിപക്ഷത്തിന് ബിജെപിയുടെ വോട്ട് വാങ്ങിയിട്ടും തോറ്റതിന്റെ പ്രയാസം’ – മുഖ്യമന്ത്രി പിണറായി വിജയൻ

∙ ‘മുഖ്യമന്ത്രിയുടേത് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രം’ – വി.ഡി. സതീശൻ

∙ ‘ബിജെപിക്കു വേണ്ടിയാണു കള്ളപ്പണം കടത്തിയതെന്നു വ്യക്തമായിരിക്കെ അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണം എന്നു പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്തൊരു നാണംകെട്ട നിലപാടാണ്. എങ്ങനെയാണ് ഇത്ര പച്ചയ്ക്കു നെറികേടു കാണിക്കുന്നത്.’ – മുഖ്യമന്ത്രി പിണറായി വിജയൻ

∙ ‘മിസ്റ്റർ പിണറായി വിജയൻ, ആയിരം പിണറായി വിജയന്മാർ ഒന്നിച്ചു വന്നാലും ഞങ്ങൾക്കു സംഘിപ്പട്ടം ചാർത്താൻ പറ്റില്ല. ബിജെപിയുടെ വോട്ട് വാങ്ങിയിട്ടു ഞങ്ങളോടു നാണമുണ്ടോ എന്നാണു ചോദിക്കുന്നത്. സകല ഒത്തുതീർപ്പിനും കൂട്ടുനിന്നു പ്രതികളെ സാക്ഷികളാക്കി മാറ്റുന്ന പിണറായി ഇന്ദ്രജാലമാണു കൊടകര കേസിൽ നടന്നത്.’ – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

English Summary : VD Satheesan against Pinarayi Vijayan in Kodkara case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com