ADVERTISEMENT

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എയ്റ) അനുമതി നൽകി. ഇതോടെ ആഭ്യന്തര, രാജ്യാന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. ഏപ്രിൽ ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകമാവുക. യാത്രാനിരക്കിനൊപ്പം ടിക്കറ്റിൽ ഉൾപ്പെടുത്തി ഈടാക്കുന്ന യൂസർ ഡവലപ്മെന്റ് ഫീസ്, വിമാനക്കമ്പനികളിൽ നിന്ന് ഈടാക്കുന്ന പാർക്കിങ്, ലാൻഡിങ് നിരക്കുകൾ, എയ്റോബ്രിജ്, ഇൻലൈൻ എക്സ്റേ നിരക്കുകൾ എന്നിവയും വർധിപ്പിക്കും. കാർഗോ നിരക്കുകളിലും വർധനയുണ്ട്.

രാജ്യാന്തര യാത്രക്കാർക്ക് യൂസർ ഡവലപ്മെന്റ് ഫീസിൽ മാത്രം ഏതാണ്ട് 700 രൂപയുടെയും ആഭ്യന്തര യാത്രക്കാർക്ക് 500 രൂപയുടെയും വർധനയാണ് ഉണ്ടാവുക. നിലവിൽ രാജ്യാന്തര യാത്രാ ടിക്കറ്റുകൾക്ക് നികുതി ഉൾപ്പെടെ 1263 രൂപയും ആഭ്യന്തര യാത്രയ്ക്ക് 378 രൂപയുമാണ് യൂസർ ഡവലപ്മെന്റ് ഫീസായി ഈടാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ രാജ്യാന്തര യാത്രക്കാരിൽനിന്ന് നികുതി ഉൾപ്പെടെ 1982 രൂപയും ആഭ്യന്തര യാത്രക്കാരിൽ നിന്ന് 885 രൂപയും ഈടാക്കാനാണ് അനുമതി ലഭിച്ചത്. 2028 വരെയുള്ള ഓരോ സാമ്പത്തിക വർഷങ്ങളിലും ഈ നിരക്കുകളിൽ നിശ്ചിത ശതമാനം വർധനയ്ക്കും അനുമതിയുണ്ട്.

2018ൽ‌ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതു മുതൽ 2023 വരെ ഈടാക്കാവുന്ന നിരക്കുകൾ 2018ൽ എയ്റ അംഗീകരിച്ചു നൽകിയിരുന്നു. 2023 മാർച്ച് 31 വരെയായിരുന്നു ഇതിന്റെ കാലാവധി. എന്നാൽ നിരക്ക് പുതുക്കുന്നതിന് അനുമതി ലഭിക്കാത്തതിനാൽ 2024 മാർച്ച് 31 വരെ 2023ലെ നിരക്കാണ് തുടരുന്നത്. ഒരു വർഷമായി നിരക്ക് പുതുക്കാത്തത് കിയാലിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു.

English Summary:

Kannur airport ticket prices will go up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com