ADVERTISEMENT

കോട്ടയം ∙ ഭവാനിയമ്മയുടെ വാശി ജയിച്ചു; വോട്ട് പെട്ടിയിലായി, വോട്ടിടാൻ പെട്ടിയുമായി. തന്റെ വിലയേറിയ വോട്ട് ബിഗ് ഷോപ്പറിൽ ഇടാനുള്ളതല്ലെന്നും പെട്ടിയിലേ വോട്ട് ഇടൂ എന്നും കൊല്ലാട് കൊല്ലംപറമ്പിൽ ഭവാനിയമ്മ (93) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിപിടിച്ചതു വാർത്തയായിരുന്നു. നാലുമണിക്കൂർ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തിയ ഇവർ ഒടുവിൽ വഴങ്ങിയത് അസി. റിട്ടേണിങ് ഓഫിസർ നേരിട്ട് വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ്.

വോട്ടിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വോട്ടുപെട്ടിയിൽ ബാലറ്റ് നിക്ഷേപിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഭവാനിയമ്മ ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതിയും നൽകിയിരുന്നു. ആ ആഗ്രഹം ഇന്നലെ സഫലമായി. ഇന്നലെ വൈകിട്ട് ഉദ്യോഗസ്ഥരെത്തിയപ്പോഴും ഭവാനിയമ്മ ആദ്യം തിരക്കിയതു പെട്ടിയുണ്ടോ എന്നാണ്. ഉദ്യോഗസ്ഥർ പെട്ടിയുമായെത്തിയപ്പോഴാണു  വോട്ട് രേഖപ്പെടുത്താൻ തയാറായത്.

അസന്നിഹിതരുടെയും 85 വയസ്സിനു മുകളിൽ പ്രായമായവരുടെയും വോട്ടുകൾ വീട്ടിലെത്തി ചെയ്യിക്കുന്ന രീതി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആരംഭിച്ചപ്പോഴാണു വോട്ടുസഞ്ചി പുകിലായത്. അന്നും ഭവാനിയമ്മ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി കൊടുത്തിരുന്നു. അന്നത്തെ സംഭവത്തിൽ ഭവാനിയമ്മയുടെ മകനും റിട്ട. ബിഡിഒയുമായ കെ.ജി.സലിംകുമാറിനെതിരെ വോട്ടിങ് തടസ്സപ്പെടുത്തി എന്നാരോപിച്ചു കേസുമെടുത്തിരുന്നു. കേസ് തീർന്നിട്ടില്ല.

vote-at-home-bhavaniamma-1
English Summary:

Electoral officers with ballot boxes instead of Big Shopper for vote at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com