ADVERTISEMENT

തിരുവനന്തപുരം∙ നേരിട്ടു ഹാജരാകാൻ മടിച്ച ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം. സിഎംആർഎലിന്റെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി എക്സാലോജിക് സൊലൂഷൻസിലേക്കാകാം ഇ.ഡി നീങ്ങുക. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമേയുള്ളൂ. തുടർന്നുള്ള ചോദ്യം ചെയ്യലിന് ഇ.ഡി തിരഞ്ഞെടുക്കുന്ന സമയവും രീതിയും സംബന്ധിച്ചാണു സിപിഎമ്മിന്റെ ഉദ്വേഗം.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം എട്ടുമാസത്തെ സമയപരിധി നിശ്ചയിച്ചാണ്. സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് എന്നിവർക്കും ഇവരുമായി ഇടപാടുള്ള കമ്പനികൾക്കും നോട്ടിസ് നൽകിയുള്ള ‘ചട്ടപ്പടി’ അന്വേഷണമാണ് അവരുടേത്. ഒരിക്കൽ കെഎസ്ഐഡിസിയിൽ എത്തി ചില രേഖകൾ ശേഖരിച്ചു പോയതല്ലാതെ, കടുത്ത നടപടികളിലേക്കു കടന്നിട്ടില്ല. കേരളത്തിലെയും ബെംഗളൂരുവിലെയും കോടതികളിൽ കെഎസ്ഐഡിസിയും എക്സാലോജിക്കും നൽകിയ കേസുകളും അന്വേഷണ നടപടികൾ നീളാൻ കാരണമായി.

എന്നാൽ എസ്എഫ്ഐഒയുടെ രീതിയല്ല ഇ.ഡി പിന്തുടരുന്നത്. കേസെടുത്തു മൂന്നാഴ്ചയ്ക്കകം സിഎംആർഎലിലെ പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു. നോട്ടിസ് നൽകിയിട്ടും ഹാജരാകാതിരുന്ന കർത്തായ്ക്കു രണ്ടാമതു നോട്ടിസ് നൽകിയതിനു പിന്നാലെ വീട്ടിലെത്തി ചോദ്യം ചെയ്തത് ഏതു നടപടിയിലേക്കും ഇ.ഡി നീങ്ങുമെന്നതിന്റെ സൂചനയാണ്. ഇതു മുൻകൂട്ടി കണ്ടാണു കഴിഞ്ഞദിവസം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ഡൽഹി ഹൈക്കോടതിയിലും ഹർജി നൽകാൻ സിഎംആർഎൽ മുതിർന്നത്.

കർത്തായുടെ വീട്ടിലേക്കെത്തിയ ഇ.ഡിയുടെ തിടുക്കമാണു സിപിഎം സംശയിക്കുന്നത്. സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്നതാണ് ഇ.ഡിയുടെ പ്രധാന അന്വേഷണ വിഷയമെന്നതിനാൽ എക്സാലോജിക്കിലേക്ക് അന്വേഷണമെത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ ചോദ്യംചെയ്യലിനെ നിയമപരമായി തടയുക പ്രയാസമാവും. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയലക്ഷ്യം തുറന്നുകാട്ടുന്ന വിധമാകും പിന്നെ പാർട്ടിയുടെ നീക്കം.

English Summary:

CPM is in doubt about next move of Enforcement Directorate on exalogic case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com