ADVERTISEMENT

ഏറ്റുമാനൂർ∙ ഇന്ത്യയിൽ ആദ്യമായി ബദിരനും മൂകനുമായ ഒരാൾ പുരോഹിത പദവിയിലെത്തുന്നു. തൃശൂർ സ്വദേശിയും കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് അംഗവുമായ ഡീക്കൺ ജോസഫ് തേർമഠം (36) ആണ് അപൂർവ നിയോഗമെത്തിയത്. ഇന്ത്യയിൽ 6 കോടിയോളം വരുന്ന ബധിരസമൂഹത്തിൽ നിന്ന് ഒരു വ്യക്തി വൈദിക പദവിലെത്തുമ്പോൾ ബധിരരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കോട്ടയം അയ്മനത്തെ നവധ്വനിക്കും ഇത് അഭിമാന നിമിഷമാണ്. തൃശൂർ കേച്ചേരിയിൽ തേർമഠത്തിൽ ടി.എൽ.തോമസ്-റോസി തോമസ് ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ മകനാണ് ജോസഫ് തേർമഠത്തിനു ജന്മനാ കേൾവി–സംസാരശേഷി ഇല്ലായിരുന്നു. ചെറുപ്പം മുതൽ പുരോഹിതനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം. എന്നാൽ തന്റെ പരിമിതികൾ അതിനു അനുവദിക്കില്ലെന്നു മനസ്സിലാക്കിയ ജോസഫ് വലിയ മനോ വിഷമത്തിലാണ് ജീവിതം തള്ളി നീക്കിയത്.

ഇതിനിടയിലാണ് കാഴ്ച പരിമിതിയുള്ള ഒരു വൈദീകനെപ്പറ്റി ജോസഫ് അറിയുന്നത്. ഇതോടെ പൗരോഹിത്യ പ്രതീക്ഷ വീണ്ടും ഉണർന്നു. 2016ലാണ് ഹോളിക്രോസ് സഭാംഗമായ ഫാ.ബിജു മൂലക്കരയെക്കുറിച്ച് അറിയുന്നത്. ബധിരരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സഭയായിരുന്നു ഹോളിക്രോസ്. തുടർന്നു കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ കോട്ടയം അയ്മനത്ത് പ്രവർത്തിക്കുന്ന നവധ്വനിയിലെത്തുകയും ഫാ. ബിജു മൂലേക്കരയുടെ കീഴിൽ വൈദീക കർമങ്ങൾ പരിശീലിക്കുകയുമായിരുന്നു. മെയ് 02 നു ഉച്ചകഴിഞ്ഞ് 2നു തൃശൂർ വ്യാകുലമാതാ ബസ്സിക്കയിൽ വച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കൈവയ്‌പു വഴി ഡീക്കൻ ജോസഫ് തേർമഠം ശുശ്രൂഷാ പൗരോഹിത്യത്തിനായി അഭിഷിക്തനാകും. വൈദികനായതിനു ശേഷം ഇന്ത്യയിലെ വിവിധ ബധിര മിനിസ്ട്രികളുമായി ബന്ധപ്പെട്ട് ശുശ്രൂഷ ചെയ്യാനാണ് ഡീക്കൺ ജോസഫിന്റെ ആഗ്രഹം. ആഗോള കത്തോലിക്കാ സഭയിൽ ഏകദേശം 25-ഓളം ബധിര വൈദികർ ഉണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ബധിര സമൂഹത്തിൽ നിന്ന് ഒരാൾ വൈദിക പദവിയിലെത്തുന്നത്. ജോസഫിന്റെ ഏകസഹോദരൻ സ്റ്റാലിൻ ബാങ്ക് ജീവനക്കാരനുമാണ്. സഹോദര ഭാര്യ സൺലി സ്റ്റാലിൻ.

∙ വിദ്യാഭ്യാസ കാലം

മുംബൈയിലെ സെൻ്റ് ജോർജ്ജ് സ്‌കൂൾ മലാട്, ഡോൺ ബോസ്ക്‌കോ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . തുടർന്നു കാന്തിവല്ലിയിലെ താക്കൂർ കോളജ് ഓഫ് സയൻസ് ആന്റ് കൊമേഴ്‌സിൽ ചേർന്ന് സയൻസിൽ പ്ലസ് ടൂ വിദ്യാഭ്യാസം നേടി. തുടർന്ന് മുംബൈയിലെ വിലെ പാർലെ കോളജിൽ ചേർന്ന് ബിഎസ്സി സുവോളജിയിൽ ഡിഗ്രി സമ്പാദിച്ചു. അപ്പോഴും പൗരോഹിതനാകുകയെന്ന മോഹം ജോസഫിനുള്ളിൽ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കാഴ്ച പരിമിതിയുള്ള ഒരു വൈദീകനെപ്പറ്റി ജോസഫ് അറിയുന്നത്. ഇതോടെ ദൈവ വിളിയിലേക്കുള്ള പാത വീണ്ടും തുറക്കുകയായിരുന്നു. 2008-2017 കാലഘട്ടത്തിൽ അദ്ദേഹം അമേരിക്കയിലായിരുന്നു. 2008 ൽ ഫാ.ടോം കോളിൻ വഴി ഡൊമിനിക്കൻ മിഷനറീസ് ഓഫ് ദ ഡെഫ് അപ്പോസ്‌തലേറ്റ് സെമിനാരിയിൽ ചേർന്നു. 2010 ൽ അദ്ദേഹം അസോഷിയേറ്റ് ഓഫ് ആർട്‌സ് ഇൻ എ എസ് എൽ ബിരുദം നേടി.2009-ൽ ആദ്യവ്രതവും 2012 ൽ നിത്യവ്രതവും ചെയ്‌തു. തുടർന്ന് തന്റെ വിളി ഇവിടെയല്ലെന്നു തിരിച്ചറിഞ്ഞ ജോസഫ് വ്രതത്തിൽനിന്ന് ഇളവ് വാങ്ങി സെമിനാരിയിൽ നിന്ന് 2015 ൽ തിരികെ പോന്നു. 2015-2017 കാലയളവിൽ അമേ രിക്കയിലെ സാൻഫ്രാൻസിസ്ക്‌കോയിലെ സെന്റ് ബെനഡിക്‌ട് ഡഫ് പാരിഷിൽ സേവനം ചെയ്തു.

∙ ഹോളിക്രോസ് സഭയ്ക്ക് ചരിത്ര നിമിഷം

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് ബധിരരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സഭയാണ്. കാനഡാക്കാരനായ റവ ഫാ.ഹാരി സ്റ്റോക്ക് ഏതാണ്ട് 35-ഓളം വർഷങ്ങളായി ഇന്ത്യയിലങ്ങോളമിങ്ങോളം ബധിരർക്കുവേണ്ടിയുള്ള സേവനങ്ങൾ ചെയ്‌തിരുന്നു. ഒപ്പം ബധിരർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പലർക്കും അദ്ദേഹം ഒരു പ്രചോദനവുമായിരുന്നു. അദ്ദേഹമാണ് 2003- ൽ ഫാ.ബിജുവിനെ ഈ മേഖലയിലേയ്ക്ക് കൈപിടിച്ചു ഉയർത്തിയത്. 2008-ൽ തന്റെ പ്രഥമ ദിവ്യബലി ആംഗ്യഭാഷയിലർപ്പിച്ച റവ.ഫാ ബിജു തന്റെ പ്രവർത്തന ങ്ങൾ ആരംഭിച്ചു. 2017 വരെ കേരളത്തിലെ ബധിര വിദ്യാലയങ്ങളിൽ ആംഗ്യഭാഷ യിൽ കൂദാശകൾ പരികർമ്മം ചെയ്‌തും കൗൺസലിങ്, മൂല്യാധിഷ്‌ഠിത ക്ലാസുകൾ എന്നിവയിലൂടെയും ബധിര വ്യക്തികളെ സഹായിച്ചു കൊണ്ടിരുന്നു. 2017 ൽ ബധിരർക്കു വേണ്ടി നവധ്വനി എന്ന പ്രസ്ഥാനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള മുതിർന്ന വ്യക്തികളെ കേന്ദ്രീകരിച്ചും പ്രോഗ്രാമുകൾ ആരംഭിച്ചു. ആ സമയത്താണ് ജോസഫ് തേർമഠം അദ്ദേഹത്തെ കാണാനിടയായത്. ജോസഫിന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഫാ.ബിജു അദ്ദേഹത്തെ ഹോളിക്രോസ് കോൺഗ്രിഗേഷനിലേയ്ക്ക് നയിച്ചു. 2017 -ൽ ഹോളിക്രോസിൽ പ്രവേശിച്ച ജോസഫ് 2018-ൽ പരിശീലനത്തിനായി പൂനെയിലായിരുന്നു. 2019-ൽ ഏർക്കാട് നോവിഷ്യേറ്റ് പൂർത്തിയാക്കിയതിനു ശേഷം റീജിയൻസി കാലയളവിൽ 2020-21 അയ്‌മനത്തും 2022-ൽ ഘാൻപൂർ ബധിരവിദ്യാലയത്തിലും ശുശ്രൂഷ ചെയ്‌തു. 2023 ൽ പൂനെയിലെ ഹോളിക്രോസ് സെമിനാരിയിലെ പഠനത്തിനു ശേഷം ഡീക്കൻ പട്ടം ലഭിച്ചു.
 

English Summary:

Joseph Thermadom India's first hearing and speech challenged priest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com