ADVERTISEMENT

കോഴിക്കോട് ∙ വയനാട് സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിവിഷനൽ‌ ഫോറസ്റ്റ് ഓഫിസർ എ.ഷജ്നയെ സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് 20 മണിക്കൂർ തികയും മുൻപേ മരവിപ്പിച്ചു. ഷജ്നയ്ക്കൊപ്പം സസ്പെൻഷൻ നേരിടേണ്ടി വന്ന കൽപറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.സജീവൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ (ഗ്രേഡ്) ബീരാൻ കുട്ടി എന്നിവർക്കെതിരെയുള്ള നടപടികളും ഇതോടെ മരവിപ്പിക്കപ്പെട്ടു. നേരത്തേ സസ്പെൻഡ് ചെയ്യപ്പെട്ട കൽപറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെതിരെയുള്ള നടപടി മാത്രം തുടരും. 

ബുധനാഴ്ച അർധരാത്രിയോടെയാണു ഷജ്ന ഉൾപ്പെടെ മൂന്നു പേരെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. സൗത്ത് വയനാട് ഡിവിഷന്റെ ചുമതല നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനും, ഫ്ളയിങ് സ്ക്വാഡിന്റെ ചുമതല താമരശ്ശേരി റേഞ്ച് ഓഫിസർ വിമലിനും നൽകാനും ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവു മരവിപ്പിക്കാൻ വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് ഇന്നലെ വൈകിട്ടു നിർദേശം നൽകി. ഒറ്റ വരി ഉത്തരവിലാണു സസ്പെൻഷൻ മരവിപ്പിച്ചിരിക്കുന്നത്. വനം വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം തിരിച്ചു പോക്കെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

സുഗന്ധഗിരിയിൽ 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ 106 മരങ്ങൾ അനധികൃതമായി വെട്ടിക്കടത്തിയതാണു കേസിന് ആധാരം. ഡിഎഫ്ഒയുടെ ഭാഗത്തു നിന്നു മേൽനോട്ടച്ചുമതലകളിൽ വീഴ്ച ഉണ്ടായെന്നു വിജിലൻസ് ഉന്നത അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എപിസിസിഎഫ് പ്രമോദ് ജി. കൃഷ്ണൻ ബുധനാഴ്ച ഷജ്നയോടു വിശദീകരണം ചോദിച്ചിരുന്നെങ്കിലും, അസിസ്റ്റന്റ് കൺസർവേറ്റർ മുതൽ മുകളിലോട്ടുള്ളവരുടെ നിയമനാധികാരി സർക്കാർ ആയതിനാൽ ഈ മെമ്മോ പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. സർക്കാരിൽ നിന്നു പിന്നീടു വിശദീകരണം ചോദിക്കലോ മറ്റോ ഉണ്ടാവാതെയാണു സസ്പെൻഷൻ ഉത്തരവിറങ്ങിയത്. 

വേണ്ടത്ര നടപടിക്രമങ്ങൾ പാലിക്കാതെയാണു സസ്പെൻഷൻ ഉത്തരവ് ഇറക്കിയതെന്ന വിമർശനം ഇന്നലെ രാവിലെത്തന്നെ ഉയർന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായക മത്സരം നടക്കുന്ന വടകര മണ്ഡലത്തിലെ തലശ്ശേരിയിൽ വേരുകളുള്ള കുടുംബത്തിന്റെ വോട്ടുകൾ നഷ്ടപ്പെടുത്തേണ്ട എന്ന വിലയിരുത്തലും സസ്പെൻ‌ഷൻ പിൻവലിച്ചതിനു പിന്നിലുള്ളതായി സൂചനയുണ്ട്. ലക്ഷദ്വീപിൽ നിന്നുൾപ്പെടെ എൻസിപി നേതാക്കളുടെ കടുത്ത സമ്മർദവും ഇതിനായി ഉണ്ടായതായി പറയപ്പെടുന്നു.

English Summary:

DFO's suspension was frozen within hours on sugandhagiri tree felling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com