ADVERTISEMENT

കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ തെരുവോരത്ത് അനിശ്ചിതകാല സമരം തുടങ്ങി. തന്റെ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണു സമരം.  ‘നീതി നൽകുക’ എന്നെഴുതിയ ബോർഡ് പിടിച്ചു മുഖം മറച്ചാണ് തിരക്കേറിയ തെരുവോരത്ത് ഇരിക്കുന്നത്. സർക്കാർ തനിക്കൊപ്പമാണെന്ന് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർ ആവർത്തിക്കുമ്പോഴാണ് നീതി തേടി താൻ തെരുവിലിരിക്കേണ്ടി വരുന്നതെന്ന് അതിജീവിത പറഞ്ഞു.

2023 മാർച്ച് 18ന് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഫീമെയിൽ സർജറി ഐസിയുവിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ശശീന്ദ്രൻ എന്ന ജീവനക്കാരൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പൊലീസിന്റെ നി‌ർദേശ പ്രകാരം ഗൈനക്കോളജിസ്റ്റ് ഡോ.കെ.വി.പ്രീതി തന്റെ മൊഴിയെടുത്തെങ്കിലും, പറഞ്ഞ കാര്യങ്ങൾ പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്ന് അതിജീവിത ആരോപിക്കുന്നു.

ഡോക്ടറുടെ നടപടിക്കെതിരെ കമ്മിഷണർക്കു നൽകിയ പരാതിയിൽ അന്നത്തെ മെഡിക്കൽ കോളജ് എസിപി കെ.സുദർശൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന്റെ പകർപ്പിനായി അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്കു വിവരാവകാശ നിയമപ്രകാരം വരെ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പകർപ്പു കിട്ടിയില്ല. റിപ്പോർട്ട് ലഭിക്കും വരെ സമരം തുടരുമെന്ന് അതിജീവിത പറഞ്ഞു. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പുനരന്വേഷണത്തിനു കോടതിയെ സമീപിക്കാനാവൂ. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അതിജീവിത ആരോപിച്ചു.

അപ്പീലിലും തീരുമാനം വൈകുന്നു

∙ ഡോ. കെ.വി.പ്രീതിക്കെതിരെയുള്ള പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ നിന്നു റിപ്പോർട്ട് ലഭിക്കാത്തതിനാൽ സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് 2 മാസം മുൻപ് അപ്പീൽ നൽകിയിട്ടും നടപടിയായില്ല. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അതിജീവിത നൽകിയ പരാതിയിലും കമ്മിഷനു മുൻപിൽ പൊലീസ് ഹാജരായിട്ടില്ല. അതിനാൽ കമ്മിഷന്റെ പൊലീസ് വിഭാഗത്തോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.

English Summary:

Survivor of ICU torture case started street protest in front of city police commissioner's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com