ADVERTISEMENT

തൃശൂർ ∙ ചൂട് ഇന്ന് ഇരട്ടിക്കും. കാരണം, ഇന്നു പെയ്തിറങ്ങുന്നതു പൂരമാണ്; ആൾപ്പൂരം, ആവേശപ്പൂരം, ആനന്ദപ്പൂരം... പൂരമഴ തോരും വരെ; നാളെ ഉച്ച വരെ പൂരച്ചൂടിലാണു നമ്മൾ. ‌‌വാദ്യമേളങ്ങളുടെ സിംഫണി, കാഴ്ചകളുടെ കാർണിവൽ, ഭക്തർക്കു കൺനിറയെ കാണാൻ എഴുന്നള്ളിവരുന്ന ദേവീദേവന്മാർ, കാണാൻ ഒഴുകിയെത്തുന്ന ജനാവലി... പൂരപ്രേമികളിലൊരാളായി നമുക്കൊപ്പം വടക്കുന്നാഥനും ചേരുന്ന പൂരം. വഴിയായ വഴിയെല്ലാം തൃശൂരിലേക്കു തുറന്നുകഴിഞ്ഞു. തേക്കിൻകാട് മൈതാനി ഇന്ന് ഒരു ദിവസത്തേക്കു കടലാണ്– ആൾക്കടൽ.

ഇന്നലെ ഉച്ചയ്ക്ക് എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തിയെത്തി തെക്കേനട തുറന്നതോടെ പൂരത്തിനു വിളംബരമായി. അപ്പോൾ പുറത്തു കൂടിനിന്ന ജനത്തിന്റെ ആർപ്പുവിളി പൂരാവേശത്തിന്റെ പ്രഖ്യാപനമായി. 

രാവിലെ 11.30ന് മേളവിരുന്നു തുടങ്ങുകയായി. പഴയ നടക്കാവിൽ‌ തെക്കേമഠത്തിനു സമീപമെത്തിയാൽ കോങ്ങാട് മധു പകരുന്ന പഞ്ചവാദ്യമധുരം. മഠത്തിൽവരവ് എന്നു ലോകം പേരിട്ടുവിളിക്കുന്ന വാദ്യവിസ്മയം. ഉച്ചയ്ക്ക് 1.15ന് നായ്ക്കനാലിൽ ഈ പഞ്ചവാദ്യം കലാശിക്കും. ചെണ്ടയുടെ മാസ്മരികതയാണ് അനുഭവിക്കേണ്ടതെങ്കിൽ 11.45ന് പാറമേക്കാവിൽ ചെമ്പടമേളം ഉണ്ട്. 

12.15ന് 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളുമ്പോഴും ചെമ്പടയുടെ അകമ്പടിത്താളം. പിന്നെ ചെമ്പട കലാശിച്ചു പാണ്ടിമേളം ആരംഭിക്കും. ഇതാണു വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് 2.10ന് ഇലഞ്ഞിത്തറമേളയായി മാറുന്നത്. കിഴക്കൂട്ട് അനിയൻ മാരാരാണ് ഇവിടെ പ്രമാണി. 4.30 വരെ പിന്നെ ഇലഞ്ഞിച്ചുവട് വേറൊരു ലോകമാണ്. 

ഉച്ചയ്ക്ക് 3ന് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിനു പുറത്ത് ശ്രീമൂലസ്ഥാനത്തു കൊട്ടിത്തിമിർക്കും. 4.45ന് സമാപനം.

English Summary:

Thrissur Pooram Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com