ADVERTISEMENT

വയലാർ ∙ സായുധ സമരത്തിന്റെ ഓർമകളുണർത്തുന്ന വയലാറിലെ കോൺഗ്രസ് തറവാടാണ് വേദി. അതിഥി ആയുധം താഴെവച്ചു കോൺഗ്രസിലെത്തിയ പഴയ മാവോയിസ്റ്റ് നേതാവ്, തെലങ്കാനയിലെ മന്ത്രി ഡി.അനസൂയ എന്ന സീതക്ക. 

വയലാർ രക്തസാക്ഷി സ്മാരകത്തിനരികിൽ, കോൺഗ്രസ് നേതാവ് വയലാർ രവിയുടെ വീട്ടിൽ കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുക്കാനാണു സീതക്കയെത്തിയത്. 

ചടങ്ങിനു ശേഷം കോൺഗ്രസിനു വോട്ട് തേടി റോഡിലൂടെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ഉൾപ്പെടെ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നടന്നു. വീടുകളിൽ കയറി വോട്ട് ചോദിച്ചു. ‘കൈപ്പത്തിക്കു വോട്ടു ചെയ്യുക, കെ.സി സാറിനെ വിജയിപ്പിക്കുക’– സീതക്കയുടെ മുദ്രാവാക്യം പ്രവർത്തകർ ഏറ്റുവിളിച്ചു. ഇസ്തിരിയിട്ട ഇംഗ്ലിഷിൽ അല്ല; അറിയാവുന്ന ഇംഗ്ലിഷ് വാക്കുകൾ അടുക്കിവച്ചു ലളിതമായാണു പ്രസംഗം. ‘കർണാടകയിലും തെലങ്കാനയിലെയും കോൺഗ്രസ് വിജയങ്ങൾക്കു ചുക്കാൻ പിടിച്ച കെ.സിയെ വിജയിപ്പിക്കേണ്ടതു കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. 2 ആശയങ്ങൾ തമ്മിലുള്ള തിരഞ്ഞെടുപ്പാണിത്, ആർഎസ്എസിന്റെ വെറുപ്പിന്റെ ആശയവും രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയവും. 

ബിജെപി പറയുന്നത് കോൺഗ്രസ് കുടുംബപാർട്ടിയാണെന്നാണ്. രാജ്യത്തിനായി ത്യാഗം സഹിച്ച കുടുംബമാണിത്. കേരളത്തോട് എനിക്കു ബഹുമാനമാണ്. കാരണം ഇതു മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും നാടാണ്’.

സീതക്കയെ കേൾക്കാനെത്തിയവർ കയ്യടിച്ചു. അവരുടെ അഭ്യർഥനയ്ക്കു വഴങ്ങി സ്വന്തം ജീവിതയാത്ര ചുരുക്കി വിവരിച്ചു. ആദിവാസി കുടുംബത്തിൽ ജനിച്ചു 10 വർഷം മാവോയിസ്റ്റ് ഗ്രൂപ്പിൽ പ്രവർത്തിച്ചതും കീഴടങ്ങിയ ശേഷം എൽഎൽബിയും എൽഎൽഎമ്മും പിഎച്ച്ഡിയും നേടിയതും രാഷ്ട്രീയത്തിൽ ഇറങ്ങിയതും മന്ത്രി ആയതും... വീണ്ടും കൂട്ട കയ്യടി. സീതക്ക ഉപസംഹരിച്ചു: ‘രാഷ്ട്രീയത്തിൽ എനിക്കു പ്രചോദനം രാഹുൽ ഗാന്ധിയാണ്. ഞാൻ നിങ്ങളോടു വോട്ടു ചോദിക്കുന്നത് അദ്ദേഹത്തിനു വേണ്ടിയാണ്’.

English Summary:

Former Maoist Leader Seethaka Ignites Congress Campaign in Kerala's Vayalar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com