ADVERTISEMENT

പാനൂർ (കണ്ണൂർ) ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ ഷെറിൽ മരിച്ച കേസിൽ 3 പ്രവർത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് നിർമാണവുമായി സിപിഎമ്മിനു ബന്ധമില്ലെന്നു നേതാക്കൾ തുടർച്ചയായി അവകാശപ്പെടുന്നതിനിടെയാണ് അറസ്റ്റ്. ഒട്ടേറെ അക്രമക്കേസുകളിൽ പ്രതിയായ കിഴക്കെ കതിരൂരിലെ രജിലേഷ് (43), മണിക്കട്ടറയിൽ ജിജോഷ് (38), വടകര മടപ്പള്ളി കേളോത്ത് ബാബു (68) എന്നിവരാണ് അറസ്റ്റിലായത്. ഇവരി‍ൽനിന്നു 3 കിലോഗ്രാം വെടിമരുന്നും കണ്ടെത്തി.

ബോംബ് നിർമിക്കാൻ വെടിമരുന്ന് എത്തിച്ചത് ഇവരാണെന്നു പൊലീസ് പറയുന്നു. വെടിമരുന്നു സൂക്ഷിക്കാൻ ലൈസൻസുള്ള ബാബുവിൽനിന്നാണത്രെ വെടിമരുന്നു കിട്ടിയത്. ഈ മാസം 3ന് പാട്യം കുണ്ടുചിറയിൽ ബൈക്കിലെത്തിയ 2 പേരിൽ നിന്നാണു വെടിമരുന്നു കൈപ്പറ്റിയത്. പണം ഓൺലൈനായാണു നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കതിരൂർ മനോജ് വധക്കേസിലെ പ്രതി സജിലേഷിന്റെ സഹോദരനായ രജിലേഷ്, പൊന്ന്യം സർവീസ് സഹകരണ ബാങ്ക് ശാഖയിലെ നൈറ്റ് വാച്ച്മാനാണ്. അവിടെനിന്നാണ് ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തത്. 3 പേരെയും റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ 12 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായി.

കോടതി പൊലീസ് കസ്റ്റഡിയിൽവിട്ട 3 മുതൽ 11 വരെ പ്രതികളെ ചോദ്യംചെയ്യലിനു ശേഷം വീണ്ടും റിമാൻഡ് ചെയ്തു. ഗുരുതര പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിനീഷാണ് ബോംബ് നിർമാണത്തിനു നേതൃത്വം നൽകിയതെന്ന് പൊലീസ് ഇന്നലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ബോംബ് നിർമിച്ചതെന്നു ചോദ്യംചെയ്യലിൽ വ്യക്തമായെന്നും റിപ്പോർട്ടിലുണ്ട്. ഈമാസം 5ന് പുലർച്ചെയാണു പാനൂരിനടുത്ത് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ സ്ഫോടനം നടന്നത്.

English Summary:

Three person arrested for delivering ammunition on Panoor bomb blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com