ADVERTISEMENT

കണ്ണൂർ ∙ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിന്റെ കാര്യത്തിൽ ബാഹ്യ ഇടപെടൽ നടന്നുവെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്. വ്യാഴാഴ്ച വൈകിട്ട് 4.15ന് ആണ് ഉദ്യോഗസ്ഥർ കല്യാശ്ശേരി പഞ്ചായത്തിലെ കപ്പോത്തുകാവ് 164-ാം ബൂത്തിലെ വോട്ടറായ എടക്കാടൻ ഹൗസിൽ ദേവിയെ വോട്ട് ചെയ്യിക്കാനായി എത്തിയത്. ഉദ്യോഗസ്ഥർ കടന്നുവരുന്നതു മുതൽ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ മടക്കാൻ ആവശ്യപ്പെടുന്നതുവരെയുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുന്ന 7 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ സഹിതമാണ് കാസർകോട് മണ്ഡലം എൻഡിഎ ചീഫ് ഇലക്‌ഷൻ ഏജന്റ് പരാതി നൽകിയത്. 

ഉദ്യോഗസ്ഥർ എത്തിയപാടേ തിരിച്ചറിയൽ കാർഡ് ചോദിക്കുന്നതു മുതൽ ഇവർ തമ്മിലുള്ള സംഭാഷണങ്ങളും ക്യാമറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീടിനു പുറത്ത് അടുക്കള വശത്ത് കസേരയിട്ട് ഇരിക്കുകയായിരുന്നു ദേവിയുടെ സമീപം ചെറിയ മേശ കൊണ്ടുവന്നിട്ട ശേഷം ഒപ്പിടാൻ ആവശ്യപ്പെട്ടു. തുടർന്നാണ് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയത്. വോട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനായി മറയും ക്രമീകരിച്ചിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ വെള്ളക്കടലാസിൽ ശരിയിട്ട് അതേപോലെ ബാലറ്റിൽ ഏതെങ്കിലും ചിഹ്നത്തിനു നേരെ ചെയ്യാൻ ആവശ്യപ്പെട്ടു. ആ സമയത്താണ് സിപിഎം ബൂത്ത് ഏജന്റ് ഇ.കെ.ഗണേശൻ അവിടേക്ക് എത്തുന്നത്. അതുവരെ വീട്ടിലേക്കുള്ള വഴിയിലെ കല്ലിൽ ഇരിക്കുകയായിരുന്നു ഗണേശൻ.

‘ചിഹ്നം നോക്ക്... ചിഹ്നം നോക്ക്... നമ്മുടെ ചിഹ്നം’ എന്നു പറഞ്ഞുകൊണ്ടാണ് മുറ്റത്തേക്ക് നടന്നു വരുന്നത്. വോട്ട് ചെയ്തുകഴിഞ്ഞോ എന്ന് ഉറപ്പില്ലാത്തതിനാൽ ‘കുത്തിക്കഴിഞ്ഞോ... കുത്തിക്കഴിഞ്ഞോ’ എന്നു ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനു ശേഷമാണു മേശയ്ക്കരികിലെത്തി ചിഹ്നം കാണിച്ചു കൊടുക്കുന്നത്. തുടർന്ന് മാറി നിന്നെങ്കിലും ‘എല്ലേലം ഇടണോ’ എന്നു ചോദിച്ച് ദേവി സംശയിച്ചു നിന്നതോടെ വീണ്ടും അരികിലെത്തി ചിഹ്നം തൊട്ടുകാണിച്ചു കൊടുത്ത് ‘ആടെ ഇട്ടോ’ എന്നു പറയുന്നതും, ‘ശരി കാണിച്ചു കൊടുക്ക്’ എന്ന് ഉദ്യോഗസ്ഥർ പറയുന്ന ശബ്ദവും ദൃശ്യങ്ങളും വിഡിയോയിലുണ്ട്.

വോട്ട് ചെയ്യാൻ സഹായം; വ്യവസ്ഥ ഇങ്ങനെ

വീട്ടിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ അന്ധതകൊണ്ടോ ശാരീരിക അവശതകൾ കൊണ്ടോ സ്വയം വോട്ടു ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ വോട്ടർക്ക് തന്റെ വോട്ട് രേഖപ്പെടുത്തുവാൻ സഹായിയെ നിയോഗിക്കാം. അതിനുള്ള അപേക്ഷ വീട്ടിൽ വന്നിരിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ സംഘത്തിനു സമർപ്പിച്ചാൽ മതി. എന്നാൽ സഹായിയായി പോളിങ് ഉദ്യോഗസ്ഥരെയോ സ്ഥാനാർഥിയുടെ പ്രതിനിധികളെയോ സ്ഥാനാർഥിയെയോ നിയോഗിക്കാൻ പാടില്ല. 

സഹായിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണമെന്നും സഹായിയും സത്യപ്രസ്താവന എഴുതി ഒപ്പിട്ട് പോളിങ് ഉദ്യോഗസ്ഥ സംഘത്തിനു നൽകണമെന്നും വ്യവസ്ഥയുണ്ട്. വോട്ട് രഹസ്യമായി രേഖപ്പെടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടറുടെ വീട്ടിൽ ഒരുക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

English Summary:

External influence in house vote in kalyassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com