ADVERTISEMENT

വളരുംതോറും പിളരൽ രക്തത്തിലുള്ള കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടുകയാണു കോട്ടയത്ത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയെച്ചൊല്ലിയുള്ള തർക്കം മുന്നണിമാറ്റത്തിലേക്കു വരെ നീണ്ട, ജില്ലയ്ക്കു പുറത്തും ശ്രദ്ധേയമായ പോരാട്ടം. ജയപരാജയങ്ങൾ പല രാഷ്ട്രീയ തീരുമാനങ്ങളുടെയും അടിത്തറയാകുമെന്നതിനാൽ ഇരുമുന്നണികളും തിരഞ്ഞെടുപ്പിനെ സഗൗരവം കാണുന്നു. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ചിരുന്ന ഉമ്മൻ ചാണ്ടിയുടെയും കെ.എം.മാണിയുടെയും ഓർമകൾ സജീവമാണ് രണ്ടു മുന്നണികളുടെയും പ്രചാരണത്തിൽ. 

1952ലെ ആദ്യ തിരഞ്ഞെടുപ്പിൽ 401 ലോക്സഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കോട്ടയത്താണ്; 80.49%. ഇപ്പോൾ ചൂട് പൊതുശത്രുവാണെങ്കിലും കനത്ത പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു സ്ഥാനാർഥികൾ. റബർ കർഷകരുടെ കടുത്ത അതൃപ്തിയും ഭരണവിരുദ്ധവികാരവും വോട്ടർമാരെ പോളിങ് ബൂത്തുകളിൽ എത്തിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

കണക്കു നോക്കിയാൽ കോട്ടയം യുഡിഎഫ് കോട്ടയാണ്. 17 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 12ലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. എന്നാൽ, ഇന്ദിരാതരംഗത്തിനിടയിലും ഇടതിനൊപ്പം നിന്ന ചരിത്രവും കോട്ടയത്തിനുണ്ട്. 7 നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റുമാനൂരും വൈക്കവുമൊഴികെ അഞ്ചും തങ്ങൾക്കൊപ്പമാണെന്നത് യുഡിഎഫിന് ആത്മവിശ്വാസമേകുന്നു. തോമസ് ചാഴികാടന്റെ വ്യക്തിബന്ധങ്ങളും ചിട്ടയായ പ്രചാരണ സംവിധാനങ്ങളും തങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ചിഹ്നം പരിചിതമാണെന്നതും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. മുന്നണിമാറ്റത്തിലൂടെ പ്രവർത്തകർക്കുണ്ടായിരുന്ന വിരോധം മന്ത്രിസ്ഥാനം നൽകിയതിലൂടെ പരിഹരിക്കാനായി എന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. 

എന്നാൽ മുന്നണി മാറിയവർക്കു കോട്ടയം കനത്ത തിരിച്ചടി നൽകുമെന്നും പാലാ മണ്ഡലത്തിൽ ഉൾപ്പെടെ ഇതു പ്രകടമാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ഇക്കാരണത്താൽ കോൺഗ്രസ് പ്രവർത്തകരും ഇരട്ടി ആവേശത്തിലാണ്. കേരള കോൺഗ്രസ് സ്ഥാപക ചെയർമാനായ കെ.എം.ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വത്തെ സർവാത്മനാ പിന്തുണച്ചതും അതിനാലാണ്. വൈകിയാണ് ലഭിച്ചതെങ്കിലും എല്ലാവരുടെയും മനസ്സിൽ പതിയുന്ന ഓട്ടോ‌റിക്ഷ ചിഹ്നമായി ലഭിച്ചതിന്റെ ആശ്വാസവും യുഡിഎഫ് ക്യാംപിലുണ്ട്.

എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിൽനിന്ന് തുഷാർ വെള്ളാപ്പള്ളി എത്തിയതു മണ്ഡലത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ എൽഡിഎഫ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നു യുഡിഎഫ് വിലയിരുത്തുന്നു. പ്രത്യേകിച്ച് കുമരകം, തിരുവാർപ്പ്, അയ്മനം, വൈക്കം മേഖലകളിൽ. ഏറ്റുമാനൂർ നിയമസഭാ മണ്ഡലം എൽഡിഎഫിനൊപ്പമാണെങ്കിലും അതിരമ്പുഴ, ആർപ്പൂക്കര മേഖലയിൽ ഫ്രാൻസിസ് ജോർജിന് അനുകൂലമായ ചലനങ്ങൾ ഉണ്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. 

താനൊരു റബർ കർഷകനാണെന്നും റബർ വിഷയത്തിൽ ഇടപെടലുകൾ നടത്തിയെന്നും പറഞ്ഞാണ് തുഷാറിന്റെ പ്രചാരണം. സമുദായ ശക്തിയുടെ പിൻബലവും മോദി പ്രഭാവവും വോട്ടാകുമെന്നാണ് പ്രതീക്ഷ. പരമ്പരാഗത വോട്ടുകളും ഈ ഘടകങ്ങളും ചേരുമ്പോൾ പ്രകടനം മികച്ചതാകുമെന്ന വിശ്വാസത്തിലാണ് എൻഡിഎ ക്യാംപ്.

തോമസ് ചാഴികാടൻ (71) 

കേരള കോൺഗ്രസ് (എം) 

∙ സിറ്റിങ് എംപി 

∙ ഏറ്റുമാനൂരിൽ നിന്നു 4 തവണ എംഎൽഎ

∙ കേരള കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാൻ

∙ ചാർട്ടേഡ് അക്കൗണ്ടന്റ്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 

അനുകൂലം

∙ ആദ്യമേയുള്ള സ്ഥാനാർഥി പ്രഖ്യാപനവും ചിട്ടയായ 

പ്രചാരണവും.

∙ രണ്ടില ചിഹ്നം.

∙ എംപി ഫണ്ട് മുഴുവൻ ചെലവഴിച്ചതിന്റെ മുൻതൂക്കം.

പ്രതികൂലം

∙ മുന്നണി മാറ്റം.

∙ നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ പരസ്യവിമർശനം.

കെ.ഫ്രാൻസിസ് ജോർജ് (68) 

കേരള കോൺഗ്രസ് 

∙ കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ. 

∙ രണ്ടുതവണ ഇടുക്കി എംപി.

∙ എംപിയായിരിക്കെ വിദേശകാര്യം, പ്രതിരോധം, വ്യവസായം, വാണിജ്യം, മാനവശേഷി വികസനം, പബ്ലിക് അണ്ടർടേക്കിങ്, പൊതുവിതരണം എന്നിവയുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റികളിൽ അംഗം. 

∙ മുൻ ബാങ്ക് ഉദ്യോഗസ്ഥൻ 

അനുകൂലം

∙ യുഡിഎഫിനു മേൽക്കയ്യുള്ള മണ്ഡലം

∙ രണ്ടു തവണ പാർലമെന്റിൽ അംഗമായ പരിചയം

∙ രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ പ്രചാരണം

പ്രതികൂലം

∙ ചിഹ്നം ലഭിക്കാൻ വന്ന കാലതാമസം.

∙ പാർട്ടി ജില്ലാ പ്രസിഡന്റിന്റെ രാജിയിലേക്കു വരെ നീണ്ട ആഭ്യന്തര പ്രശ്നം

തുഷാർ വെള്ളാപ്പള്ളി (55) 

ബിഡിജെഎസ് 

∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ കേരള ഘടകം കൺവീനറും.

∙ എസ്എൻഡിപി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്. 

∙ കഴിഞ്ഞ തവണ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിച്ചു.  

∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകൻ.

അനുകൂലം

∙ എസ്എൻഡിപി യോഗത്തിന്റെ ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന മണ്ഡലം

∙ കഴിഞ്ഞതവണ എൻഡിഎ സ്ഥാനാർഥിക്കു ലഭിച്ച ഉയർന്ന വോട്ട്

പ്രതികൂലം

∙ ബിജെപിക്കു സ്വാധീനക്കുറവുള്ള മണ്ഡലം

∙ വൈകിയ സ്ഥാനാർഥി പ്രഖ്യാപനം

English Summary:

Loksabha elections 2024 kottayam constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com