ADVERTISEMENT

‘കഥകൾ കെട്ടിച്ചമച്ച് മുസ്‌ലിം വിരോധം വളർത്തുന്നു’: മോദിക്കെതിരെ കേസ് എടുക്കണം: പിണറായി

ശ്രീകണ്ഠപുരം (കണ്ണൂർ) ∙ രാജസ്ഥാനിൽ പ്രചാരണത്തിനിടെ മുസ്‌ലിംവിരുദ്ധ പ്രസംഗം നടത്തിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ പ്രസംഗം നടത്തിയ പ്രധാനമന്ത്രി സങ്കൽപ കഥകൾ കെട്ടിച്ചമച്ച് മുസ്‌ലിം വിരോധം വളർത്തുകയാണ്. മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്ന് പ്രധാനമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാൾക്ക് എങ്ങനെയാണു പറയാൻ കഴിയുക ? ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണിത്. നടപടിയുണ്ടാകില്ലെന്ന ആത്മവിശ്വാസം പ്രധാനമന്ത്രിക്ക് എങ്ങനെയുണ്ടാകുന്നു ? മോദിയുടെ പ്രസംഗത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതൽ നുണ പറയുന്നത് മോദി; ‘പ്രകടനപത്രിക കൊടുക്കാം, മോദി വായിച്ചു പഠിക്കട്ടെ’: കെ.സി

കൊച്ചി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ നുണ പ്രചരിപ്പിക്കുന്നയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് അവാസ്തവമായ കാര്യങ്ങളാണു മോദി പ്രചരിപ്പിക്കുന്നത്. 

പത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വർഗീയ ധ്രുവീകരണം നടത്താനാണു ശ്രമം. പ്രകടനപത്രിക കൈമാറാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു സമയം തേടിയിട്ടുണ്ട്. പ്രധാനമന്ത്രി അതു വായിച്ചുപഠിക്കട്ടെ. വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും സ്‌ഥാനാർഥികളും പത്രിക മോദിക്ക് അയച്ചുകൊടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൻമോഹൻ പറഞ്ഞത് 

∙ 2006 ൽ ദേശീയ വികസന സമിതി യോഗ ശേഷം അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ രാജസ്ഥാനിലും ഉത്തർപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ വിഷയമാക്കിയതും വിവാദമായതും.

മൻമോഹൻ സിങ് പറഞ്ഞത്: ‘‘നമ്മുടെ മുൻഗണനകൾ എന്തെന്ന കാര്യത്തിൽ വ്യക്തതയുണ്ട്. കൃഷി, ജലസേചനം, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ, പൊതുവായുളള അടിസ്ഥാനസൗകര്യങ്ങൾ, പട്ടികവിഭാഗങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം. വികസനത്തിന്റെ പങ്ക് തുല്യമായി ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വിഭവങ്ങൾക്കുമേൽ അവർക്ക് പ്രാഥമിക അവകാശമുണ്ട്.’’

ഇതു ബിജെപി ഉന്നയിച്ചപ്പോൾ ‘വിവിധ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷങ്ങൾ എന്നിവരെ പൊതുവിൽ പറഞ്ഞതാണ്’ എന്ന് 2006 ഡിസംബർ 10ന് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണമിറക്കി. സമൂഹത്തിലെ മെച്ചപ്പെട്ട അവസ്ഥയുള്ളവർക്ക് വികസനത്തിന്റെ നേട്ടം സ്വാഭാവികമായി ലഭിക്കും. അത് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.  

സിപിഎം പരാതി പൊലീസ് സ്വീകരിച്ചില്ല

ന്യൂഡൽഹി ∙ മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ‍ഡൽഹി മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല. തുടർന്ന് ഡൽഹി പൊലീസ് കമ്മിഷണർക്ക് ഇ–മെയിലിൽ പരാതി നൽകി.

English Summary:

Narendra Modi's hate speech: Congress and CPM hit back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com