ADVERTISEMENT

വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഒറ്റപ്പെട്ട അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൂത്തിനു സമീപം നിന്നു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇടുക്കി വണ്ടിപ്പെരിയാർ വളളക്കടവിൽ കോൺഗ്രസ് – സിപിഎം– ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. കയ്യാങ്കളി രൂക്ഷമായതോടെ വൻ പൊലീസ് സംഘം എത്തി പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തു.

ആലപ്പുഴയിലെ കുട്ടനാട് വടക്കൻ വെളിയനാട് പോളിങ് ബൂത്തിനു സമീപം സിപിഎം പ്രവർത്തകൻ വടക്കൻ വെളിയനാട് നടുവിലേപറമ്പിൽ രാമചന്ദ്രനു മഴുകൊണ്ടു വെട്ടേറ്റു. സിപിഎം മുൻ അംഗം എഴുപതിൽചിറ മണിക്കുട്ടൻ അറസ്റ്റിലായി. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യം രാമചന്ദ്രൻ എതിർത്തതാണു അക്രമത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. തുറവൂരിൽ ബിജെപി മധ്യമേഖലാ സെക്രട്ടറി എൽ.പത്മകുമാർ ബിജെപി പ്രവർത്തകനെ മർദിച്ചതായി പരാതിയുയർന്നു.

∙ കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കാറമേൽ എൽപി സ്കൂളിൽ 78 –ാം ബൂത്തിലെ യുഡിഎഫ് ഏജന്റ് വി.വി.രഞ്ജിത്തിനെ (42) സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചുവെന്ന് ആരോപണം. കാറമേൽ യുപി സ്കൂളിൽ തിരഞ്ഞെടുപ്പിനിടെ യുഡിഎഫ് പ്രവർത്തകരുടെ അക്രമത്തിൽ 2 എൽഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റെന്നും പരാതിയുണ്ട്. പട്ടുവം പഞ്ചായത്തിലെ മുതുകുട എൽപി സ്കൂൾ 98–ാം ബൂത്തിലെത്തിയ സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെയും ഒപ്പമുണ്ടായിരുന്ന ഏജന്റിനെയും സിപിഎം പ്രവർത്തകർ തടഞ്ഞു.  

പരിയാരം പഞ്ചായത്തിലെ വെള്ളാവ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത് സ്കൂട്ടറിൽ തിരിച്ചു പോവുകയായിരുന്ന യുഡിഎഫ് പ്രവർത്തകൻ പുതിയാത്ത് രാമർ കുട്ടിയെ (70) സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി സ്കൂട്ടർ മറിച്ചിട്ട് മർദിച്ചു. കരിവെള്ളൂർ പുത്തൂരിൽ കരിവെള്ളൂർ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ശശിധരന്റെ ബുള്ളറ്റ് തകർത്തു. 

ചെറുവാഞ്ചേരി ചീരാറ്റയിൽ 52–ാം ബൂത്തിലെ യുഡിഎഫ് ഏജന്റും യൂത്ത് ലീഗ് നേതാവുമായ ടി.പി.സജീറിനെ മറ്റൊരു ബൂത്തിൽ കറങ്ങിനടന്നതിനു കസ്റ്റഡിയിലെടുത്തു. ഏഴോം പഞ്ചായത്തിലെ കണ്ണോം എൽപി സ്കൂൾ 85–ാം നമ്പർ ബൂത്തിൽ മാതാവിനൊപ്പം വോട്ട് ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് ഏഴോം മണ്ഡലം വൈസ് പ്രസിഡന്റ് ടി.അമൽനാഥിനെ സിപിഎം പ്രവർത്തകർ മർദിച്ചു. തളിപ്പറമ്പ് പട്ടുവം എംഎം യുപി സ്കൂൾ 75–ാം ബൂത്തിലെ സിപിഎം ഏജന്റ് സുനിൽകുമാറിനും മർദനമേറ്റു. 

വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ കൂത്തുപറമ്പിനടുത്ത അടിയറപ്പാറയിൽ ഒരു സംഘം എൽഡിഎഫുകാർ  ഭീഷണിപ്പെടുത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.ഷിബിനയുടെ വീട്ടിൽക്കയറി അമ്മയെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. 

കാസർകോട് ∙ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വനിയുടെ ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിലെ 102–ാം ബൂത്ത് ഏജന്റിനെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി. ചെറുവത്തൂർ പിലിക്കോട് പുത്തിലോട്ട് എയുപി സ്കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റ് കെ.കുഞ്ഞിക്കൃഷ്ണനു മർദനമേറ്റു.

ചെർക്കളയിൽ യുഡിഎഫ് കളളവോട്ട് ചെയ്തുവെന്നാരോപിച്ച് എൽഡിഎഫ് രംഗത്തെത്തിയതു സംഘർഷം സൃഷ്ടിച്ചു. ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 112 –ാം ബൂത്തിലെ എൽഡിഎഫ് ഏജന്റ് ബാലൻ ചെർക്കളത്തിനു മർദനമേറ്റു.  ബഹളം ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതായും പരാതിയുണ്ട്. 

∙ ബൂത്ത് സന്ദർശനത്തിനെത്തിയപ്പോൾ യുഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് മലപ്പുറം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫ് മഞ്ചേരി നെല്ലിക്കുത്ത് വിഎച്ച്എസ്എസ് ബൂത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.  യുഡിഎഫ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അര മണിക്കൂർ വോട്ടെടുപ്പ് തടസ്സപ്പെട്ടു. കോട്ടയ്ക്കൽ നഗരസഭയിലെ തോക്കാംപാറയിൽ എൽഡിഎഫിന്റെ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി.

∙ മണ്ണാർക്കാട് ആനമൂളി ബൂത്തിൽ എൽഡിഎഫ് പ്രവർത്തകർക്കു പൊലീസ് സൗകര്യം ഒരുക്കുന്നതായി ആരോപിച്ച് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കടകളിൽ സ്ഥാനാർഥികളുടെ പോസ്റ്റർ പതിച്ചതിനെത്തുടർന്ന് എടത്തനാട്ടുകര പൊൻപാറയിലെ ബൂത്തിനു സമീപത്തെ കടകൾ അടയ്ക്കാൻ നിർദേശിച്ചതിനെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി.

∙ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽപെടുന്ന കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കിഴക്കമ്പലം അമ്പുനാട് 59–ാം നമ്പർ ബൂത്തിനു സമീപം സിപിഎം–ട്വന്റി20 പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രവർത്തക കൈതക്കൂമ്പിൽ ഡോളി കുര്യാക്കോസിനു (41) പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നെടുങ്കണ്ടത്ത് വൈകിട്ട് സംഘർഷം

നെടുങ്കണ്ടം ∙ ഇന്നലെ വൈകിട്ട് ആറരയോടെ നെടുങ്കണ്ടത്ത് എൽഡിഎഫ് – യുഡിഎഫ് സംഘർഷം. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ വാഹനം തടഞ്ഞുനിർത്തി ബൂത്ത് ഏജന്റിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. താന്നിമൂട് 79 -ാം നമ്പർ ബൂത്തിനു സമീപം എൽഡിഎഫ് പ്രവർത്തകർ സ്ലിപ്പ് വിതരണം ചെയ്തെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു. പോളിങ് അവസാനിച്ചപ്പോൾ ഇതിന്റെ വൈരാഗ്യത്തിൽ കോൺഗ്രസ് ബൂത്ത് ഏജന്റ് ത്രിവിക്രമൻ നായരെ എൽഡിഎഫ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണു രംഗം ശാന്തമാക്കിയത്. പൊലീസ് പോയതോടെ ബൂത്ത് ഏജന്റിനെ യുഡിഎഫ് സ്ഥാനാർഥിയുടെ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു. ഇതിനിടെ സിപിഎം പ്രവർത്തകർ ത്രിവിക്രമൻ നായരെ ആക്രമിച്ചെന്നാണു പരാതി. പരുക്കേറ്റ ത്രിവിക്രമനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഡിഎഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് എൽഡിഎഫ് ആരോപിച്ചു.

English Summary:

violence reported in kerala in connection with loksabha elections 2024 polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com