ADVERTISEMENT

ജമ്മു ∙ പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പ്രതിഷേധത്തിൽ പുകഞ്ഞ് കശ്മീർ താഴ്‌വര. പാക്കിസ്ഥാനു മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രകടനങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് ജമ്മു നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. കശ്മീർ താഴ്‌വരയിലൂടെ സൈനികവാഹനവ്യൂഹം കടന്നുപോകുന്നത് തൽക്കാലത്തേക്കു നിർത്തി. പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

അവന്തിപ്പുരയില്‍ സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ഒറ്റപ്പെട്ട വാഹനമായതിനാൽ അത്തരം വാഹനങ്ങളോടുന്നതും സുരക്ഷാസേന കർശനമായി തടഞ്ഞിരിക്കുകയാണ്. കശ്മീരിന് അകത്തും വിവിധ ജില്ലകളിലേക്കുമുള്ള ഗതാഗതവും ഒരു ദിവസത്തേക്കു നിരോധിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിനുള്ള പ്രതികാരമായി എവിടെ, എപ്പോൾ, എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ സുരക്ഷാസേനയ്ക്ക് മുഴുവൻ അനുമതിയും നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാക്കിസ്ഥാൻ ഹൈകമ്മിഷണർ സൊഹെയ്ൽ മഹ്മൂദിനെ വിളിച്ചു വരുത്തി അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് പ്രതിഷേധം അറിയിച്ചത്.

വർഗീയ കലാപത്തിലേക്കു നീങ്ങുംവിധം അക്രമം ശക്തമാകുമെന്ന ആശങ്കയിൽ മുൻകരുതലെന്ന നിലയിലാണ് കർഫ്യൂവെന്ന് ജമ്മു ഡെപ്യൂട്ടി കമ്മിഷണർ രമേഷ് കുമാർ പറഞ്ഞു. കര്‍ഫ്യൂ ഏർപ്പെടുത്തിയ വിവരം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞിട്ടും പലയിടത്തും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല, പ്രത്യേകിച്ച് ഓൾഡ് സിറ്റിയിൽ. മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് സൈന്യം ഭരണകൂടത്തിന്റെ സഹായം തേടി. അക്രമം നടന്ന പ്രദേശങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. 

പുൽവാമയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മു നഗരത്തിൽ വെള്ളിയാഴ്ച ബന്ദ് പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകളും ചന്തകളുമെല്ലാം അടഞ്ഞുകിടന്നു. ജമ്മു ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിലായിരുന്നു കടകൾ അടച്ചിട്ടത്. ട്രാൻസ്പോർട്ട് ഓപറേറ്റേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുത്തു.

ജുവൽ ചൗക്ക്, പുരാനി മുണ്ടി, ശക്തിനഗർ, ജാനിപുർ, ഗാന്ധിനഗർ, ബക്ഷിനഗർ തുടങ്ങിയയിടങ്ങളിലെല്ലാം പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. ഗുജ്ജർ നഗറിൽ നിർത്തിയിട്ട വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പൊലീസ് അവസരോചിതമായി ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. ചിലയിടത്ത് നിർത്തിയിട്ട കാറുകൾ സമരക്കാര്‍ കത്തിച്ചു. 

പാക്കിസ്ഥാൻ വിരുദ്ധ, ഭീകരവാദ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പലയിടത്തും ടയറുകൾ കത്തിച്ചു വഴിമുടക്കിയിരിക്കുകയാണ്. ഭീകരാക്രമണത്തിൽ പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലയിടങ്ങളിൽ റോഡിൽ ബാരിക്കേഡും തീർത്തിട്ടുണ്ട്. ബജ്‌രംഗ് ദൾ, ശിവസേന, ദോഗ്ര ഫ്രണ്ട് എന്നിവയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചു പാക്കിസ്ഥാനെതിരെ പ്രതിഷേധ ധർണ നടന്നു. 

ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ കോടതികളിലെയും പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാർക്കുള്ള ആദരമായാണു സമരത്തിൽ പങ്കെടുത്തതെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com