ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനെ പൂർണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ നീക്കം. യുഎൻ സുരക്ഷാ കൗൺസിലിൽ പാക്കിസ്ഥാനെതിരെ നിലപാട് ശക്തമാക്കാൻ രാജ്യാന്തര സമൂഹത്തോട് ആഹ്വാനം ചെയ്തതിനു പിന്നാലെ വ്യാപാര രംഗത്തും ഇന്ത്യ ‘പടയൊരുക്കം’ ശക്തമാക്കി. ഇതിന്റെ ആദ്യപടിയായി പാക്കിസ്ഥാനുള്ള അഭിമതരാജ്യ പദവി (മോസ്റ്റ് ഫേവേർഡ് നേഷൻ–എംഎഫ്എൻ) ഇന്ത്യ റദ്ദാക്കി.

സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗത്തിനു ശേഷമായിരുന്നു ഇതുസംബന്ധിച്ചു ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പ്രതികരണം.1996ലാണ് പാക്കിസ്ഥാന് അഭിമതരാജ്യ പദവി ഇന്ത്യ നൽകുന്നത്. ഇന്ത്യ–പാക് ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് ഈ പദവി നൽകിയിട്ടില്ല.

പദവിയുടെ ഭാഗമായി പാക്കിസ്ഥാന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. ലോകവ്യാപാര സംഘടനാ ചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇവ. എന്നാൽ നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ഇനി ഇന്ത്യയ്ക്ക് എത്രവേണമെങ്കിലും വർധിച്ച കസ്റ്റംസ് തീരുവ ഈടാക്കാം. പാക്കിസ്ഥാനു നല്‍കിയ മറ്റ് ഇളവുകളും ഇല്ലാതായി.

പുൽവാമയിൽ 44 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ജയ്ഷെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഈ പദവി എടുത്തുമാറ്റുന്നതെന്നു ജയ്റ്റ്‌ലി വ്യക്തമാക്കി. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരും അവർക്കു സഹായം ലഭ്യമാക്കിയവരും വലിയ വില നൽകേണ്ടി വരുമെന്നും ജയറ്റ്‌ലി പറഞ്ഞു. പാക്കിസ്ഥാനെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാ ഇടപെടലും നടത്തും. നയതന്ത്രതലത്തിൽ ഇതിനുവേണ്ട എല്ലാ ശ്രമങ്ങളും തുടരുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. 

2016-17ൽ ഏകദേശം 14,755 കോടി രൂപയുടെ വ്യാപാരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്നത്. കഴിഞ്ഞ വർഷം അത് ഏകദേശം 15,655 കോടിയായി ഉയർന്നു. ഏകദേശം 3175 കോടി രൂപയുടെ ചരക്കുകൾ ഇന്ത്യ പാക്കിസ്ഥാനിൽ നിന്നു കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തു.

പഴങ്ങൾ, സിമന്റ്, തുകൽ, രാസവസ്തുക്കൾ, സുഗന്ധദ്രവ്യം തുടങ്ങിയവയാണ് പ്രധാന ഇറക്കുമതികള്‍. പരുത്തി, കൃത്രിമനിറങ്ങൾ, രാസവസ്തുക്കൾ, പച്ചക്കറികൾ, ഇരുമ്പ്, സ്റ്റീൽ തുടങ്ങി 12,480 കോടി രൂപയുടെ ചരക്കുകൾ പാക്കിസ്ഥാനിലേക്കു കയറ്റി അയയ്ക്കുകയും ചെയ്തു. ചരക്കുകളുടെ കൈമാറ്റം നിലയ്ക്കില്ലെങ്കിലും കേന്ദ്ര തീരുമാനം പാക്കിസ്ഥാനു ലഭിച്ചുവരുന്ന ഇളവുകളെ സാരമായി ബാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com