ADVERTISEMENT

കൊച്ചി∙ ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർഥിപ്പേരുകൾ സംബന്ധിച്ച ചൂടുള്ള ചർച്ച തുടരുമ്പോൾ എറണാകുളവും കാതോർക്കുകയാണ്, ഇത്തവണ ആര്? യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംപി കെ. വി. തോമസ് എത്തുമോ?

സ്ഥാനാർഥിത്വം കെ.വി.തോമസ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, വീണ്ടുമൊരു സ്ഥാനാർഥിത്വത്തിന്റെ പകിട്ട് തോമസ് മാഷിന്റെ നടപ്പിലും വാക്കിലും ഭാവത്തിലുമുണ്ട്. സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റു നിർണയ ചർച്ചകൾ പൂർത്തിയാക്കിയ ശേഷമേ ഇക്കാര്യം ആലോചിക്കൂ എന്നാണു നേതാക്കൾ പറയുന്നത്.

യുഡിഎഫിന് ഏറെ സാധ്യതയുള്ള മണ്ഡലമാണ് എറണാകുളം. ലത്തീൻ കത്തോലിക്കാ സമുദായം സ്വന്തമെന്നു കരുതുന്ന മണ്ഡലം. അതേ സമുദായക്കാരനായ കെ.വി.തോമസ് സിറ്റിങ് എംപിയും പരിചയപ്പെടുത്തൽ വേണ്ടാത്ത ആളും. കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിൽ നിലവിൽ അദ്ദേഹംതന്നെയാണ് മുന്നിൽ. സിറ്റിങ് എംപിമാർ മൽസരിക്കട്ടെ, എംഎൽഎമാർ വേണ്ടെന്നുള്ള സൂചനകൾ കെ.വി.തോമസ് സ്ഥാനാർഥിയാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ചെറുപ്പക്കാർ വരണ്ടേ ?

ഇതേ ചോദ്യം കെ.വി.തോമസിനോടു ചോദിച്ചാൽ വേണ്ടെന്ന് അദ്ദേഹം പറയില്ല. വിജയസാധ്യത കൂടി പരിഗണിക്കണമെന്നു പറഞ്ഞിട്ടേ മാഷ് വാചകം പൂർത്തിയാക്കൂ. പ്രായം മാത്രമല്ല, പ്രവർത്തന മികവും വിജയസാധ്യതയുമാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത് എന്നാണു കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്.

എറണാകുളത്തെ വികസന പ്രവർത്തനങ്ങളിലെല്ലാം തന്റെ കയ്യൊപ്പുണ്ട്. അതുകൊണ്ടു തന്നെ എറണാകുളത്തെ ജനം തനിക്കു വീണ്ടും അവസരം നൽകുമെന്ന പ്രതീക്ഷ തന്നെയാണു കെ.വി. തോമസിന്.

അഭിപ്രായ സർവേ ആരെ പിന്തുണയ്ക്കും?

ഇൗ കാടിളക്കങ്ങൾക്കിടയിൽ കോൺഗ്രസിൽ ഒരു സർവേ നടക്കുന്നുണ്ട്. അതിൽ കെ.വി.‌തോമസ് കടന്നുകയറുമോ? ആ സർവേ കോൺഗ്രസ് പ്രവർത്തകർക്കിടയിലാണെന്നതാണു പ്രധാനം. സ്ഥാനാർഥി നിർണയത്തിന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി കണ്ടെത്തിയ മാർഗമാണിത്.

ഓരോ ബൂത്തിലും ആപ്പ് വഴി മൊബൈൽ ഫോണിലൂടെ നടത്തുന്ന അഭിപ്രായ സർവേയിലൂടെ സ്ഥാനാർഥി നിർണയം നടത്തുന്നതിനുള്ള പദ്ധതിയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങിയിട്ടുള്ളത്. ഓരോ പ്രവർത്തകരുടെയും അഭിപ്രായം അറിയാൻ ആപ്പിലൂടെ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ബൂത്ത് തലം മുതലുള്ള പ്രവർത്തകരോട് ആര് സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെടാൻ ആപ്പിലൂടെ അവസരമുണ്ടാകും. ഇത്തരത്തിൽ ഒരു അഭിപ്രായ വോട്ടെടുപ്പുണ്ടായാൽ കെ.വി.തോമസ് എംപി അതിനെ അതിജീവിക്കുമോ എന്നതു കാത്തിരുന്നു കാണണം.

ഉന്നതങ്ങളിലെ സ്വാധീനം

കോൺഗ്രസിലെ തലമുറ മാറ്റം കെ.വി.തോമസിനു ഡൽഹിയിലുള്ള ബന്ധത്തിലും കുറവു വരുത്തിയെന്നാണു കോൺഗ്രസ് പ്രവർത്തകരുടെ വിലയിരുത്തൽ. സോണിയാ ഗാന്ധിക്കടുത്തുണ്ടായിരുന്ന സ്വാധീനം രാഹുൽ ഗാന്ധിക്കടുത്തില്ല. അവിടെ പുതിയ ടീമാണ്. രാഹുലിന്റെ മനസിലെന്താണെന്ന് ആർക്കും അറിവുമില്ല. യുവ തലമുറയിൽ ആരെങ്കിലും വരണമെന്നു തീരുമാനിച്ചാൽ സംഗതി മാറിമറിയും.

പകരം ആര്?

ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദിന്റെ പേരു പലപ്പോഴും സ്ഥാനാർഥിത്വത്തിലേക്കു പരിഗണിച്ചിട്ടുണ്ട്. എറണാകുളം മുൻ എംപി ജോർജ് ഇൗഡന്റെ മകൻ, എറണാകുളം എംഎൽഎ ഹൈബി ഇൗഡൻ മറ്റൊരു പേരാണ്. എൻഎസ്‌യു പ്രസിഡന്റായിരുന്ന ഹൈബിക്ക് ഡൽഹി രാഷ്ട്രീയവും നന്നായിവഴങ്ങും, രാഹുലുമായി നേരിട്ടു ബന്ധവുമുണ്ട്.

എംഎൽഎമാർ മൽസരിക്കേണ്ട എന്നു തീരുമാനിച്ചാൽ ഹൈബി തഴയപ്പെടും. മുൻ കൊച്ചി മേയർ ടോണി ചമ്മണി, തൃക്കാക്കര മുൻ എംഎൽഎയും യുഡിഎഫ് കൺവീനറുമായ ബെന്നി ബഹനാൻ എന്നിവരെയും പരിഗണിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com