ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമയിൽ ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യൻ സേന ഇന്നു വകവരുത്തിയതു പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ ചീഫ് ഓപ്പറേഷനൽ കമാൻഡറും മസൂദ് അസ്ഹറിന്റെ ഉറ്റ അനുയായിയുമായ കംമ്രാനെ. ഇയാളെ കൂടാതെ അഫ്ഗാൻ ബോംബ് സ്പെഷലിസ്റ്റ് ഘാസി റഷീദും സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. 

കശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14ന് 40 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരാണ് ഇവരെന്നാണു നിഗമനം. പുൽവാമയിൽ ചാവേറിനു ബോംബ് നിര്‍മിച്ചു നല്‍കിയതു കംമ്രാനാണെന്നാണു നിഗമനം.

എന്നാൽ, 12 മണിക്കൂർ നീണ്ട പോരാട്ടത്തിനിടെ മേജറടക്കം നാലു സൈനികരെ ഇന്ത്യയ്ക്കു നഷ്ടമായി. 55 രാഷ്ട്രീയ റൈഫിൾസിലെ മേജര്‍ വി.എസ്.ധൗന്‍ദിയാല്‍, ഹവില്‍ദാര്‍ ഷിയോ റാം, അജയ് കുമാര്‍, ഹരി സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.

ജയ്ഷെ മുഹമ്മദിലെ പാക്കിസ്ഥാനി ചീഫ് ഓപ്പറേഷനൽ കമാൻഡറായി അറിയപ്പെടുന്ന കംമ്രാൻ, കശ്മീർ താഴ്‌വരയിൽ തീവ്രവാദം പടർത്തുന്നതിലും സംഘടനയിലേക്കു ആളുകളെ റിക്രൂട്ട് ചെയ്തു പരിശീലനം നൽകുന്നതിലും സജീവമായിരുന്നു.

വർഷങ്ങളായി ഇയാൾക്കുവേണ്ടി ഇന്ത്യ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഗ്രാമങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു ഒളിച്ചുകടന്നു രക്ഷപ്പെട്ടു. ഈ യാത്രകളിലൂടെയാണു സംഘടനയിലേക്കുള്ള റിക്രൂട്ടിങ്ങും നടത്തിയത്.

19കാരൻ ആദിൽ അഹമ്മദ് ദറിനെ ചാവേറാക്കി ഇന്ത്യൻ സൈന്യത്തെ ആക്രമിക്കുന്നതിനു പദ്ധതി തയാറാക്കിയതു ഘാസി റഷീദ് ആണെന്നാണു സേന കരുതുന്നത്. ജയ്ഷെ മുഹമ്മദിന്റെ കമാൻഡറാണ് ഇയാൾ. മസൂദ് അസ്ഹറാണ് ഇയാളെ നിയോഗിച്ചത്. ജയ്ഷെ മുഹമ്മദിന്‍റെ ഭീകരവാദ പരിശീലകനായ അബ്ദുൽ റഷീദ് 2018 ഡിസംബറിൽ ഇന്ത്യയിലെത്തി. ഇൗ മാസം 11ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍നിന്നു രക്ഷപ്പെട്ടു.

അഫ്ഗാനിൽ അമേരിക്കയ്ക്കെതിരെ ആക്രമണം നടത്തി. ഐഇഡി പോലുള്ള അത്യുഗ്ര സ്ഫോടക വസ്തുക്കളുണ്ടാക്കുന്നതില്‍ വിദഗ്ധനാണ്. മസൂദ് അസ്ഹറിന്റെ അനന്തരവൻമാരെ കൊലപ്പെടുത്തിയതിനു പകരം വീട്ടാൻ കശ്മീരിലെ പ്രാദേശിക യുവാക്കളെ പരിശീലിപ്പിക്കുകയായിരുന്നു ഘാസിയുടെ ദൗത്യം.

കാൽനടയായാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ആദിൽ അഹമ്മദ് ദറിനെ ഒരു വർഷത്തോളം രഹസ്യമായി പരിശീലിപ്പിച്ചെന്നാണു വിവരം.

ഇതിനിടെ, പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ കരസേനയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ മുന്നോട്ടുവച്ചു. ഭീകരർക്കായി കശ്മീരിൽ വ്യാപക തിരച്ചിൽ ആരംഭിച്ച സൈന്യവും ജമ്മു കശ്മീർ പൊലീസും ജയ്ഷ് അനുകൂലികളായ 23 പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിനു നേതൃത്വം നൽകിയ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനു പാക്ക് സേനയുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടി, ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും ഊർജിത നീക്കങ്ങൾ നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com