ADVERTISEMENT

ശ്രീനഗർ ∙ പുൽവാമയിലെ ചാവേർ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിൽ വിഘടനവാദികൾക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ. തിരച്ചിലിനും മറ്റു നടപടികൾക്കുമായി 100 കമ്പനി അർധസൈനികരെ വെളളിയാഴ്ച രാത്രി കശ്മീരിൽ വിമാനമാർഗം എത്തിച്ചു. സൈനിക നടപടിയുടെ ഭാഗമായി ഇന്നലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ അറസ്റ്റു ചെയ്തു.

കശ്മീരിൽ സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും നടത്തുന്ന തിരച്ചിൽ ഊർജിതപ്പെടുത്തുന്നതിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര നോട്ടിസ് പ്രകാരം ഇന്നലെ വൈകിട്ട് 100 കമ്പനി അർധസൈനികരെ കൂടി ശ്രീനഗറിലേക്ക് വിമാനമാർഗം എത്തിച്ചത്. അടുത്ത ദിവസങ്ങളിൽ നടപ്പാക്കേണ്ട നടപടികൾ സംബന്ധിച്ച് സുരക്ഷാ സേനയിലെയും ജമ്മു കശ്മീർ പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്തു.

പുൽവാമയിൽ സിആർപിഎഫ് ജവാന്മാരെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഇതിന്റെ തെളിവായി ചിത്രങ്ങളും വിഡിയോയും പുറത്തുവിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കനത്ത നടപടികളുമായി സൈനിക നേതൃത്വം കശ്മീരിൽ നടപടികൾ ആരംഭിച്ചത്. ചാവേർ ആക്രമണത്തിൽ പങ്കാളികളെന്നു കരുതുന്ന രണ്ടു പേർ ഉൾപ്പെടെ മൂന്നു ജെയ്ഷെ ഭീകരരെയാണ് ഇതിനകം കശ്മീർ താഴ്‌വരയിൽ വധിച്ചത്.

ശ്രീനഗറിലെ മൈസൂമയിലെ വസതിയിൽ നിന്നാണ് വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ജമാഅത്തേ ഇസ്‌ലാമി നേതാവ് അബ്ദുൽ ഹാമിദ് ഫയാസ് നിരവധി പേരുടെ അറസ്റ്റ് സുരക്ഷാ സേന രേഖപ്പെടുത്തി. ആർട്ടിക്കിൾ 35–എ സംബന്ധിച്ച് ഫെബ്രുവരി 25 ന് സുപ്രീം കോടതിയിൽ നിർണായക വാദം നടക്കാനിരിക്കെയാണ് യാസിൻ മാലിക്കിന്റെ അറസ്റ്റ്. 1954 ൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഈ ആർട്ടിക്കിൾ പ്രകാരമാണ് ജമ്മു കശ്മീരിലെ നിവാസികൾക്ക് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ലഭിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കളായ യാസിൻ മാലിക്, സയിദ് അലി ഷാ ഗീലാനി, ഷാബിർ ഷാ, സലീം ഗീലാനി തുടങ്ങിയവരുടെ സുരക്ഷ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com