ADVERTISEMENT

പാലക്കാട്∙ കേരളത്തിലെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് വധക്കേസ് പ്രതിയാണെന്നും കേരളാ പൊലീസിൽ സാധാരണക്കാർക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും വി.ടി. ബൽറാം എംഎൽഎ. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെങ്കിൽ പെരിയ കേസ് സിബിഐ അന്വേഷിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.

കേരള ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണ് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസ്. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ തൊഴിലാളിയെ മഴു കൊണ്ട് തലയ്ക്ക് വെട്ടി കൊന്ന കേസിലെ പ്രതിയായിട്ടുള്ള ആൾ കേരളത്തിന്‍റെ മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടാവും. കേരള പൊലീസില്‍ നമുക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബൽറാം പറഞ്ഞു.

ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ വച്ചു കൊല്ലപ്പെട്ടയാളാണ് ഷുഹൈബ്. ഇതുവരെയും ഷുഹൈബിന്‍റെ വീട്ടില്‍ പോകാന്‍ മുഖ്യമന്ത്രിക്ക് തോന്നാഞ്ഞത് എന്തുകൊണ്ടാണെന്നും വി.ടി. ബല്‍റാം ചോദിച്ചു. കേരളത്തിലെ സാംസ്കാരിക നായകന്‍മാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ സിപിഎമ്മിന് സ്തുതി പാടുകയാണ്. കപട സാംസ്കാരിക നായകന്‍മാരെ, ഇപ്പോള്‍ യഥാർഥ നായകരെ സാംസ്കാരിക കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വന്തം അനുഭവത്തില്‍ നിന്നും പഠിക്കാന്‍ സിപിഎം തയാറാവണമെന്നും ബൽറാം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഒരുപാട് സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്നു. പല സംസ്ഥാനത്തും പിന്നീട് പ്രതിപക്ഷത്തായി. പലയിടത്തും ഇപ്പോള്‍ അധികാരത്തില്‍ തിരിച്ചു വരുന്നു. രാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ ഭരിച്ച പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും പുറത്തു പോയതിന് അടുത്ത ദിവസം നാട്ടുകാര്‍ അടിച്ചോടിച്ചിട്ടുണ്ടെങ്കില്‍ അത് ത്രിപുരയിലും ബംഗാളിലും മാത്രമാണെന്നും വി.ടി.ബല്‍റാം പരിഹസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com