ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ പിടിയിലായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനൽകണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. അതിർത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്.

പാക്കിസ്ഥാന്റെ വ്യോമാക്രമണശ്രമം പരാജയപ്പെടുത്തുന്നതിനിടെ തടവിലാക്കപ്പെട്ട പൈലറ്റിന്റെ മോചനത്തിനായി ഇന്ത്യ സമ്മർദം ശക്തമാക്കുകയാണ്. ജനീവ കരാർ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടൻ വിട്ടു നൽകണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചർച്ച നടത്തി. പാക്കിസ്ഥാന്റെ സമ്മർദങ്ങൾക്കു മുന്നിൽ വഴങ്ങേണ്ടതില്ലെന്ന നിർദേശമാണ് സൈന്യത്തിന് സർക്കാർ നൽകിയിട്ടുള്ളത്. അതിനിടെ, അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്.

അതിർത്തിയിൽ സുരക്ഷ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. അതിർത്തി മേഖലയിലെ സ്കൂളുകൾക്ക് ഇന്നും അവധി നൽകി. അതിനിടെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ ശബ്ദ സന്ദേശം പുറത്തു വന്നു. ജയ്ഷ് ഭീകര ക്യാംപ് ആക്രമിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് മസൂദ് അസർ പറയുന്നു.

അതിനിടെ, സംഘർഷ സാഹചര്യങ്ങൾ തീരുന്നവരെ ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ എല്ലാ പാർട്ടികളും രാഷ്ട്രീയ പരിപാടികൾ മാറ്റിവെയ്ക്കണമെന്ന നിർദേശം കോൺഗ്രസ് മുന്നോട്ടുവച്ചു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാവുകയും തുടർന്ന് സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നു പോവുകയും ചെയ്ത സമയത്ത് ഖേലോ ഇന്ത്യ പരിപാടിയുടെ ആപ്പ് പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. വ്യോമാക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി രംഗത്തുവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com