ADVERTISEMENT

കൊച്ചി∙ മാസവാടകയ്ക്കെടുത്ത നൂറോളം കാറുകൾ പണയപ്പെടുത്തി കോടികൾ തട്ടിയെടുത്ത് ട്രാവൽസ് ഉടമകൾ മുങ്ങി. ബിനാനിപുരം മുപ്പത്തടത്തെ ‘സ്പാങ്കർ ട്രാവൽസ്’ ഉടമകളായ സിനോയ്, ജിനീഷ് എന്നിവരാണു മുങ്ങിയത്. ബിനാനിപുരം പൊലീസ് കേസെടുക്കുകയും 35 കാറുകൾ മലബാർ ജില്ലകളിൽ നിന്ന്, കാറുടമകളുടെ സഹായത്തോടെ വീണ്ടെടുക്കുകയും ചെയ്തു. 68 പേർ ഇതിനകം ബിനാനിപുരം സ്റ്റേഷനിൽ പരാതി നൽകിക്കഴി‍ഞ്ഞു.

കാറുകൾ 30,000 രൂപ മുതൽ 4 ലക്ഷം രൂപ വരെ വാങ്ങി കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ ചില വ്യക്തികൾക്കു പണയമായി നൽകുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 13,000 രൂപ മുതൽ 25,000 രൂപ വരെ പ്രതിമാസം നൽകാമെന്ന കരാറിലാണു ട്രാവൽസ് ഉടമകൾ കാറുകൾ വാടകയ്ക്കെടുത്തത്. വാടകയ്ക്കു വാഹനങ്ങൾ ആവശ്യമുണ്ടെന്ന് ഓൺലൈൻ വ്യാപാര ആപ് ആയ ഒഎൽഎക്സിൽ പരസ്യം കണ്ടു ബന്ധപ്പെട്ടവരും വാഹനം വിൽക്കാൻ ഒഎൽഎക്സിൽ പരസ്യം നൽകിയവരുമാണു തട്ടിപ്പിനിരയായത്.

ഇതിൽ, കരാറിലേർപ്പെട്ടു മാസങ്ങൾ മാത്രം കഴിഞ്ഞവരും ഒരു വർഷമായവരുമുണ്ട്. മാസവാടക മുടങ്ങുകയും വാഹനം തിരിച്ചു കിട്ടാതെയും ആയപ്പോഴാണു കാറുടമകൾക്കു ചതി മനസിലായത്. ചിലർക്ക് 3 മാസത്തെ വാടക കിട്ടാനുണ്ട്. ട്രാവൽസിന്റെ ഓഫിസ് അ‍ടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ മാസം 22 വരെ ട്രാവൽസ് ഉടമകളെ ഫോണിൽ കിട്ടിയിരുന്നുവെന്നും അതിനു ശേഷം ഇരുവരും മുങ്ങിയിരിക്കുകയാണെന്നും കാറുടമകൾ പറഞ്ഞു.

4 കാറുകൾ വരെ ട്രാവൽസിനു നൽകിയവരുണ്ട്. പലരും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു കടമെടുത്താണു വാഹനം വാങ്ങിയത്. ഇരകളിലധികവും ടാക്സി ഡ്രൈവർമാരാണ്. കഴിഞ്ഞമാസം 27 മുതലാണു പരാതികൾ ബിനാനിപുരം പൊലീസിനു ലഭിച്ചു തുടങ്ങിയത്. കേസ് അന്വേഷണത്തിലാണെന്നും വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ബിനാനിപുരം എസ്ഐ ജമാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com