ADVERTISEMENT

തിരുവനന്തപുരം∙ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിൽ പതിനാറിടത്തും സിപിഎം തന്നെ മത്സരിക്കാൻ ധാരണ. എകെജി സെന്ററില്‍ ചേർന്ന  ഇടതുമുന്നണിയോഗത്തിലാണ് തീരുമാനം. നാലിടത്ത് സിപിഐ മത്സരിക്കും. സീറ്റ് നൽകണമെന്ന ജെഡിഎസിന്റെ ആവശ്യം അംഗീകരിച്ചില്ല. യോഗത്തിൽ ജെഡിഎസ് പ്രതിഷേധം അറിയിച്ചു. സീറ്റ് നൽകാത്തതിൽ എൽജെഡിയും പ്രതിഷേധം അറിയിച്ചു. ഇരുകൂട്ടരെയും മുഖ്യമന്ത്രി പിണറായി വിജയൻ അനുനയിപ്പിച്ചു. പ്രത്യേക സാഹചര്യമായതിനാൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് ജെഡിഎസ് നേതൃയോഗത്തിൽ ഉയർന്നത്. സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. ജോസ് തെറ്റയിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ പ്രതിഷേധം മുന്നണിയോഗത്തിൽ അറിയിച്ചെന്നും ഫാഷിസ്റ്റ് ശക്തികൾ വരാതിരിക്കാൻ എൽഡിഎഫിൽ തുടരണമെന്നും  കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച കോട്ടയമെങ്കിലും കിട്ടണമെന്ന നിലപാടിലായിരുന്നു ജെഡിഎസ്. എന്നാൽ ഈ സീറ്റ് സിപിഎം ഏറ്റെടുത്തു. സീറ്റ് വിട്ടുനൽകാനാവില്ലെന്ന് സിപിഎം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജെഡിഎസ് ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രിയെ പിൻവലിച്ചോ ഒറ്റയ്ക്ക് മത്സരിച്ചോ പ്രതിഷേധിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ ഇതെല്ലാം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നായിരുന്നു സിപിഎം വിലയിരുത്തൽ. 

അതേസമയം, പൊന്നാനിയില്‍ മത്സരിക്കുന്നതിന് പി.വി.അന്‍വർ എംഎൽഎയുടെ പേര് ലോക്സഭ മണ്ഡലം കമ്മിറ്റി വീണ്ടും നിര്‍ദേശിച്ചു. അന്‍വറിന് പകരം മറ്റൊരാളുടെ പേരു നിര്‍ദേശിക്കാന്‍ സംസ്ഥാന സമിതി  ആവശ്യപ്പെട്ടിരുന്നു. വി അബ്ദുറഹിമാൻ, കെ.ടി.ജലീൽ എന്നിവരുടെ പേരുകൾ ഉയർന്നുവന്നു. മന്ത്രിയെന്ന നിലയിൽ മത്സരിക്കേണ്ടതില്ല എന്നു കോടിയേരി പറഞ്ഞതിനാൽ ജലീലിനെ ഒഴിവാക്കി. മത്സരിക്കാനില്ലെന്ന് അബ്ദുറഹിമാനും ഉറപ്പിച്ചുപറഞ്ഞതോടെ വീണ്ടും അൻവറിലേക്ക് മണ്ഡ‍ലം കമ്മിറ്റി എത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com