ADVERTISEMENT

ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിൽ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിന് രൂക്ഷഭാഷയിൽ മറുപടി നൽകി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. പിത്രോദയുടെ വാക്കുകൾ ദൗർഭാഗ്യകരവും പാക്കിസ്ഥാന്റെ നീക്കത്തിനുള്ള അനുഗ്രഹവുമാണെന്ന് ജയ്റ്റ്ലി പ്രതികരിച്ചു. ഗുരു ഇങ്ങനെയാണു പറയുന്നതെങ്കിൽ അയാളുടെ വിദ്യാർഥികൾ എങ്ങനെയായിരിക്കുമെന്ന് ഒരാള്‍ക്ക് ഊഹിക്കാനാകും– ജയ്റ്റ്ലി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമാണു പാര്‍ട്ടിയിൽ പിത്രോദയ്ക്കുള്ളത്. ഇത് ഉന്നമിട്ടായിരുന്നു ജയ്റ്റ്ലിയുടെ വാക്കുകൾ.

പിന്നോട്ടിറങ്ങിക്കളിച്ചാല്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കാൻ‍ സാധിക്കില്ല. ഭീകരതയെ പ്രതിരോധിക്കുക മാത്രമല്ല, അതിന്റെ ഉറവിടത്തിൽച്ചെന്നു മറുപടി നൽകുകയെന്നതുകൂടി ഇന്ത്യയുടെ സുരക്ഷാ തത്വമാണ്. ഇന്ത്യയുടെ സുരക്ഷാ നയം ഇപ്പോൾ മാറിയിരിക്കുന്നു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെയോ, വ്യോമാക്രമണത്തെയോ പാക്കിസ്ഥാനല്ലാതെ മറ്റൊരു രാജ്യവും വിമർശിച്ചിട്ടില്ല. ഇതേ സ്വരത്തില്‍തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കളും സംസാരിക്കുന്നത് ദൗർഭാഗ്യകരമാണ്– ജയ്റ്റ്ലി പറഞ്ഞു.

കോൺഗ്രസ് നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ വികാരത്തെയാണു ഹനിക്കുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു. പിത്രോദയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ഭീകരർക്ക് അവർക്കു മനസ്സിലാക്കാൻ സാധിക്കുന്ന ഭാഷയിൽ മാത്രമേ മറുപടി നല്‍കാനാകൂവെന്നാണു പ്രധാനമന്ത്രി വ്യക്തമാക്കിയത്. പുൽവാമ പോലുള്ള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലർ നടത്തിയ ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നുമായിരുന്നു പിത്രോദയുടെ നിലപാട്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

English Summary: India won't play on back foot against terror: Arun Jaitley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com