ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അപ്പീൽ ഹർജിയിൽ ഉത്തരവ് ഉണ്ടാകും വരെ വിചാരണ നടപടി നിർത്തി വയ്ക്കണമെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ അടുത്ത മാസം ആദ്യം വിചാരണ ആരംഭിക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് കോടതിയെ സമീപിച്ചിരുക്കുന്നത്.

പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഹർജിക്കാരന്റെ ഈ വാദത്തിനു ബലമേകുന്ന വസ്തുതകളില്ലെന്നും സിബിഐയ്ക്കോ മറ്റേതെങ്കിലും ഏജൻസിക്കോ അന്വേഷണം കൈമാറാൻ തക്ക കാരണങ്ങൾ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.

സംഭവത്തിൽ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തെറ്റായി പ്രതി ചേർത്തെന്നാണ് ഹർജിയിൽ ദിലീപിന്റെ പ്രധാന ആരോപണം. സത്യം കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്ര ഏൻസി അന്വേഷിക്കണം. കുറ്റപത്രം നൽകിയെങ്കിലും ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും മെമ്മറി കാർഡിലുള്ള ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

ദിലീപ് സിബിഐ അന്വേഷണ ഹർജി നൽകിയിട്ടുള്ളതു വിചാരണ വൈകിപ്പിക്കാനാണെന്ന് സർക്കാർ കോടതിയിൽ ആരോപിച്ചിരുന്നു. സത്യസന്ധവും നിയമപരവുമായ അന്വേഷണമാണു നടത്തിയതെന്നും അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയ കേസാണിതെന്നുമാണ് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com