ADVERTISEMENT

ഡെറാഡൂൺ∙ വിദ്യാർഥികൾ മർദിച്ചു കൊലപ്പെടുത്തിയ 12 വയസ്സുകാരനെ ആരും അറിയാതെ സ്കൂളിൽതന്നെ മറവുചെയ്ത് മാനേജ്മെന്റ്. ഈ മാസം പത്തിനാണ് സംഭവം. ഉത്തരാഖണ്ഡിലെ ശിശുവികസന കമ്മിഷന്റെ സന്ദർശനത്തിനിടെയാണ് വിവരം പുറത്തറിഞ്ഞത്. ഹാപുർ സ്വദേശിയായ വാസു യാദവാണു കൊല്ലപ്പെട്ടത്. കുട്ടികൾ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം.

കഴിഞ്ഞ ദിവസം കുട്ടികളെ സ്കൂളിൽനിന്ന് പുറത്തുകൊണ്ടുപോയിരുന്നു. അന്ന് കൊല്ലപ്പെട്ട വാസു യാദവ് മറ്റൊരു കുട്ടിയുടെ ബാഗിൽനിന്ന് ബിസ്കറ്റ് മോഷ്ടിച്ചിരുന്നുവെന്ന് ആരോപണമുയർന്നു. ഇതേത്തുടർന്ന് കുട്ടികളെ പുറത്തേക്കു കൊണ്ടുപോകുന്നത് സ്കൂൾ അധികൃതർ നിർത്തലാക്കി. ഇതോടെ രോഷാകുലരായ മുതിര്‍ന്ന കുട്ടികൾ വാസുവിനെ മർദിക്കുകയായിരുന്നു.

ക്രിക്കറ്റ് ബാറ്റ്, വിക്കറ്റ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം. കൂടാതെ തണുത്ത വെള്ളം ഇവർ വാസുവിന്റെ ശരീരത്തിൽ ഒഴിക്കുകയും ചെയ്തു. കുട്ടികളുടെ ക്രൂരമർദനത്തിൽ ഉടൻതന്നെ വാസു മരിച്ചു. മൃതദേഹം ക്ലാസ്മുറിയിൽ ഉപേക്ഷിച്ച് മുതിർന്ന കുട്ടികൾ കടന്നുകളയുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഹോസ്റ്റൽ വാർഡനാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചത്.

തുടർന്ന് വീട്ടുകാരെപ്പോലും അറിയിക്കാതെ മാനേജ്മെന്റ് മൃതശരീരം മറവുചെയ്തു. അതിന്റെ പിറ്റേദിവസമാണ് ശിശുവികസന കമ്മിഷൻ സ്കൂൾ സന്ദർശിച്ചത്. ഇവിടെ വച്ച് അവർക്ക് കുട്ടിയെ കൊന്നു മറവുചെയ്തതായുള്ള വിവരം ലഭിച്ചു. പിന്നീട് കമ്മിഷൻ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പോലും ചെയ്യാതെയാണ് കുട്ടിയുടെ മൃതദേഹം മറവുചെയ്തിരുന്നത്. കമ്മിഷന്റെ പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട രണ്ടു കുട്ടികളെ കസ്റ്റഡിയിലെടുത്തു. കൂടാതെ ഹോസ്റ്റൽ മാനേജർ, വാർഡൻ, കായികാധ്യാപകൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com