ADVERTISEMENT

ന്യൂഡല്‍ഹി∙ ഫെബ്രുവരി 27-ന് പാക്കിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിക്കപ്പുറത്ത് 50 കിലോമീറ്റര്‍ അകലെനിന്ന് ഇന്ത്യയിലെ മൂന്ന് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ 1000 കിലോയുള്ള 11 എച്ച്-4 ബോംബുകള്‍ വര്‍ഷിച്ചുവെന്നും എന്നാല്‍ ലക്ഷ്യം തെറ്റിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍.

ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സമാനമായ ആക്രമണത്തിന് പാക്കിസ്ഥാന്‍ ശ്രമിച്ചതെന്നാണു റിപ്പോര്‍ട്ട്. അമേരിക്കന്‍ യുദ്ധ വിമാനം എഫ്-16, ഫ്രഞ്ച് വിമാനം മിറാഷ് -3 എസ് ചൈനീസ് വിമാനം ജെഎഫ്17 എന്നിവ ഉള്‍പ്പെടെ 20 വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ  എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

മിറാഷ്-3 വിമാനം ഉപയോഗിച്ചാണ് എച്ച്-4 ബോംബുകള്‍ വര്‍ഷിച്ചത്. ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ച സ്‌പൈസ്-2000 ബോംബുകള്‍ക്കു സമാനമാണ് ദക്ഷിണാഫ്രിക്കയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ നിര്‍മിച്ച് എച്ച്-4 ബോംബുകള്‍. എന്നാല്‍ ഇവയ്ക്ക് അത്ര കൃത്യതയില്ല.

ജമ്മുകശ്മീരിലെ ഒരു സൈനിക ക്യാംപിനെ ലക്ഷ്യമിട്ടുളള ആക്രമണത്തില്‍ വലിയ ഒരു മരത്തിനു മാത്രമാണ് നാശനഷ്ടമുണ്ടായത്. പാക്ക് ബോംബ് ഈ മരത്തിലാണ് പതിച്ചത്. ആക്രമണ സമയത്ത് മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഈ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ചിലും സമീപ പ്രദേശത്തുമുള്ള മൂന്നിടത്താണ് പാക്ക് ബോംബുകള്‍ വീണത്. ഇന്ത്യന്‍ ജെറ്റുകള്‍ കൃത്യസമയത്ത് എത്തിയതിനാലാണ് പാക്കിസ്ഥാന്‍ ജെറ്റുകള്‍ക്ക് ലക്ഷ്യം തെറ്റിയതെന്നാണ് ഉന്നതഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ തിരിച്ചടിച്ചു തുടങ്ങിയതോടെ പെട്ടെന്നു ബോംബുകള്‍ വര്‍ഷിച്ച് പാക്ക് വിമാനങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. 

പാക്കിസ്ഥാനിലെ വിവിധ വ്യോമതാവളങ്ങളില്‍നിന്നു പറന്നുയര്‍ന്ന വിമാനങ്ങള്‍ പാക്ക് അധിനിവേശ കശ്മീരില്‍ വച്ചാണ് ഒന്നിച്ചു ചേര്‍ന്നത്. തുടര്‍ന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു പറക്കുകയായിരുന്നു. പാക്ക് വിമാനങ്ങളെ തുരുത്തുന്ന ദൗത്യത്തിനിടെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ എഫ് 16 വിമാനം തകര്‍ത്തതെന്നും എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബാലാക്കോട്ടെ ആക്രമണത്തിനു ശേഷവും പാക്കിസ്ഥാന്റെ പേടി വിട്ടൊഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന പുതിയ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും പ്രധാന നഗരങ്ങളിലും വ്യോമ പ്രതിരോധം ശക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വ്യോമാക്രമണം പ്രതിരോധിക്കാന്‍ ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്ത മീഡിയം റെയിഞ്ച് പ്രതിരോധ മിസൈലുകളാണ് നിരവധി നഗരങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സംഭവിച്ച വ്യോമപ്രതിരോധത്തിലെ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ പാക്ക് വ്യോമസ സേന വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയുമായുള്ള വ്യോമപാതകള്‍ അടച്ചിട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com