ADVERTISEMENT

യുണൈറ്റഡ് നേഷൻസ്∙പാക്ക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുളള പ്രമേയം വീണ്ടും യുഎൻ രക്ഷാസമിതിയിൽ. 15 അംഗ രക്ഷാസമിതിയിലേയ്ക്ക് ബ്രിട്ടൻ, ഫ്രാൻസ്  എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ  അമേരിക്കയാണ് പ്രമേയം കൊണ്ടുവരുന്നത്. ചൈന വീറ്റോ അധികാരം പ്രയോഗിക്കുമോയെന്ന ആശങ്കയിലാണ് യുഎസ്. രണ്ടാഴ്ച മുമ്പ് ഈ നീക്കത്തിന് ചൈന തടയിട്ടിരുന്നു.

മുസ്‌ലിം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന കാണിക്കുന്നതെന്നു യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ആഞ്ഞടിച്ചു. ഒരു ഭാഗത്ത് രാജ്യത്തെ മുസ്‍ലിംകളെ അടിച്ചമർത്തുന്നവർ മറുഭാഗത്ത് മുസ്‌ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതു ഇരട്ടത്താപ്പാണെന്നു മൈക്ക് പോംപിയോ ആരോപിച്ചു. 

പ്രമേയത്തിന്റെ കരട് ബ്രിട്ടനും ഫ്രാൻസിനും യുഎസ് കൈമാറി. പുതിയ നീക്കത്തോടു പ്രതികരിക്കാൻ ചൈന തയാറായില്ല. മസൂദ് അസ്ഹറിന് ഭീകരസംഘടനയായ അൽ ഖായിദയുമായുളള ബന്ധം വ്യക്തമാക്കുന്നതാണ് പ്രമേയം. പുൽവാമ ഭീകരാക്രമണത്തിന്റെ ആസൂത്രണം മസൂദിനാണെന്നും പ്രമേയം പറയുന്നു. അൽ ഖായിദ, ഐഎസ്, ഉപരോധപ്പട്ടികയിൽ മസൂദിന്റെ പേരും ചേർക്കണമെന്നാണു യുഎസ് ആവശ്യം. ചൈന  ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും പ്രമേയത്തിന് അനുകൂലമായി നിലപാടെടുക്കുമെന്നാണു റിപ്പോർട്ട്. 

Maulana Masood Azhar 1

രക്ഷാസമിതിയിൽ പ്രമേയം പാസായാൽ മസൂദിന്റെ ലോകമെമ്പാടുമുളള ആസ്തികൾ മരവിപ്പിക്കപ്പെടും, യാത്രവിലക്കും നേരിടേണ്ടി വരും. ഉപരോധം പാസാകുന്നതോടെ ആയുധങ്ങൾ ശേഖരിക്കാൻ മസൂദിന് സാധിക്കാതെ വരുമെന്നും നയതന്ത്ര വിദ്ഗധർ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ നിലപാട് ആശ്രയിച്ചായിരിക്കും പ്രമേയത്തിന്റെ ഭാവി. 

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ നടക്കവേ ചൈനയുൾപ്പെടെയുള്ള യുഎൻ രക്ഷാ സമിതിയിൽ അംഗങ്ങളായ രാജ്യങ്ങൾക്ക്  ഇന്ത്യ തെളിവുകൾ കൈമാറിയിരുന്നു. ഇന്ത്യ നൽകിയ തെളിവുകൾക്കൊപ്പം അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നൽകിയിട്ടുള്ള തെളിവുകളുമുണ്ട്. ജമ്മുവിലെ ജെയ്ഷ് തീവ്രവാദികളും പാക്കിസ്ഥാനിലെ തീവ്രവാദികളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് ഇന്ത്യ കൈമാറിയിരുന്നത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ചൈനയുടെ എതിർപ്പിനെ യുഎൻ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളുടെ പിന്തുണയോടെ മറികടക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

അൽ ഖായിദയും ബിൻ ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസൂദ്, 1990 കളുടെ തുടക്കത്തിലാണു ഭീകരസംഘടനയായ ഹർക്കത്തുൽ മുജാഹിദീനു രൂപം നൽകിയത്. 1994 ൽ ഇന്ത്യയിൽ പിടിയിലായ അസ്ഹർ 1999 ൽ കാണ്ഡഹാറിൽനിന്ന് ഇന്ത്യൻ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയയ്ക്കപ്പെട്ടു. ജയിലിൽനിന്നു മോചിതനായ ശേഷമാണു ജെയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്ഐയുടെ മാനസപുത്രനാണു മസൂദ് അസ്‌ഹർ. രണ്ടു ദശകത്തിനിടെ കശ്മീരിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ജെയ്ഷിന്റെ കരങ്ങളുണ്ട്. 2001 മുതൽ ജെയ്ഷെ മുഹമ്മദ് യുഎൻ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചിട്ടില്ല.

FILES-PAKISTAN-INDIA-UNREST-KASHMIR

പാക്കിസ്ഥാനിലെ ഭവൽപുരിൽ ജനിച്ച അസ്ഹർ 1994 ൽ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ നിന്നാണ് അറസ്റ്റിലായത്. ഇന്ത്യയ്ക്ക് അധികനാൾ തന്നെ തടവിൽ വയ്ക്കാനാവില്ലെന്നും പാക്കിസ്ഥാനിൽ തനിക്കുള്ള ജനപ്രീതി നിങ്ങൾക്കറിയില്ലെന്നും അയാൾ അന്ന് ഇന്റിലിജൻസ് ഉദ്യോഗസ്ഥരോടു തുറന്നടിച്ചിരുന്നു. ജയിൽചാട്ടം അടക്കം പലവഴികൾ പരീക്ഷിച്ച ശേഷമാണു 1999 ൽ പാക്ക് ഭീകരർ വിമാനം റാഞ്ചിയ ശേഷം തങ്ങളുടെ നേതാവിനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടത്.

English Summary:US sets up New Move to Blacklist JeM chief  Masood Azhar At UN Weeks After China Veto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com