ADVERTISEMENT

രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മൽസരിക്കുന്നു എന്ന വാർത്ത പെട്ടെന്നൊരു ഞെട്ടലും അദ്ഭുതവുമാണു കേരളത്തിലുണ്ടാക്കിയത്. യുഡിഎഫ് പ്രവർത്തകരിൽ അതിരറ്റ ആഹ്ലാദവും. രാഹുൽ വയനാട്ടിലെത്തുമെന്നു നേരത്തേ പറഞ്ഞു കേട്ടിരുന്നെങ്കിലും ഏതാണ്ടു സ്ഥിരീകരിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയും പറഞ്ഞതോടെ നിമിഷ നേരം കൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞു. ഏറെ ചർച്ചകൾക്കും പിടിവലികൾക്കും ശേഷം വയനാട്ടിൽ സ്ഥാനാർഥിയായി ടി.സിദ്ദീഖിനെ പ്രഖ്യാപിക്കുകയും പ്രചാരണം ആദ്യഘട്ടം പാതി വഴി പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി തന്നെ വയനാട്ടിൽ മൽസരിക്കാൻ എത്തുന്നത്.

ഇതിനെ ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’ എന്നാണു സ്ഥാനാർഥിത്വം ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന സിദ്ദീഖ് വിശേഷിപ്പിച്ചത്. ഏതാണ്ട് ഇതേ രീതിയിലാണ് കേരളത്തിലെ യുഡിഎഫ് പുതിയ സാഹചര്യത്തെ നോക്കിക്കാണുന്നത്. കേരളത്തിൽ വലിയൊരു തരംഗമുണ്ടാക്കാൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനു സാധിക്കും എന്നാണു പൊതുവായ വിലയിരുത്തൽ. കർണാടകയിലേക്കും അതിന്റെ അലയൊലികൾ ഉണ്ടാകുമെന്നും തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം കോൺഗ്രസിനും സഖ്യ കക്ഷികൾക്കും നേട്ടമുണ്ടാക്കാൻ കഴിയുമെന്നുമാണു പ്രവർത്തകരുടെ പ്രതീക്ഷ. കർണാടകയിലെ മൈസൂർ, ചാമരാജ നഗർ മണ്ഡലങ്ങളുമായും തമിഴ്നാട്ടിലെ നീലഗിരിയുമായും അതിർത്തി പങ്കിടുന്ന മണ്ഡലം കൂടിയാണ് വയനാട്.

wayanad-lok-sabha-constituency-election-2019

രാഹുലിനെ എത്തിച്ച് കോണ്‍ഗ്രസ് ഞെട്ടിച്ചതു പോലെ ബിജെപി മുതിര്‍ന്ന നേതാക്കളെ ഇറക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും സീറ്റ് ബിഡിജെഎസിനു തന്നെ എന്ന് അമിത് ഷാ തീരുമാനിക്കുകയായിരുന്നു. തൃശൂരില്‍ പ്രചാരണം തുടങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി കൂടി എത്തുന്നതോടെ വയനാടിന്റെ താരപരിവേഷം കൂടുതല്‍ ശക്തമാകും. ഇവിടെ പൈലി വാത്യാട്ടിനെ ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും രാഹുല്‍ ഗാന്ധി വന്നതോടെ സീറ്റ് തുഷാര്‍ വെള്ളാപ്പള്ളി ഏറ്റെടുക്കുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കൂടി സമ്മതത്തോടെയായിരുന്നു ഇത്. രാഹുല്‍ വരികയാണെങ്കില്‍ ബിജെപി ഈ സീറ്റ് ഏറ്റെടുക്കുമെന്നായിരുന്നു ആദ്യസൂചന. രാഹുലിനെ എതിര്‍ക്കാന്‍ സ്മൃതി ഇറാനി തന്നെ വയനാട്ടില്‍ എത്തുമെന്നു വരെ ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറിനെ പ്രഖ്യാപിച്ചത്.

ഒരിക്കലും ഫാനിട്ടു കിടന്നുറങ്ങേണ്ടി വരാറില്ലാത്ത വയനാട്ടിൽ ഈ വേനലിൽ പതിവിൽ കവിഞ്ഞ ചൂടാണ്. മിക്കപ്പോഴും ഒരു കുഞ്ഞു തണുപ്പിൽ ഒട്ടും വിയർക്കാതെ തിരഞ്ഞെടുപ്പു പ്രചാരണം നടത്താനാകുന്ന വയനാട്ടിൽ സ്ഥാനാർഥികൾ ഇത്തവണ നേരിടുന്നത് കടുത്ത ‘എരിപൊരി’ സഞ്ചാരമാണ്. മൽസരത്തിലും അതു തന്നെയാണു പ്രതീക്ഷിച്ചിരുന്നത്. പെട്ടെന്നാണു കാര്യങ്ങൾ മാറ്റിമറിച്ചു രാഹുൽ ഗാന്ധി മൽസരിക്കാനെത്തുന്നത്.

2009ലെ തിരഞ്ഞെടുപ്പു ഫലം മുന്നിൽ കണ്ട് കോൺഗ്രസിനു സുരക്ഷിത മണ്ഡലമാണ് വയനാടെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഏറെക്കുറെ അത് വസ്തുതയാണു താനും. ടി. സിദ്ദീഖ് ആയിരുന്നു സ്ഥാനാർഥിയെങ്കിൽ വയനാട്ടിൽ ശക്തമായൊരു മൽസരം ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. കാരണം വയനാടിന്റെ വികസനത്തിനായി മുൻ എംപി കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന ആക്ഷേപം ശക്തമാണെന്നതു തന്നെ. രഹസ്യമായാണെങ്കിലും യുഡിഎഫ് പ്രവർത്തകരും ഇതേ ആക്ഷേപം ഉയർത്തുന്നുണ്ട്. ഗ്രൂപ്പ് തർക്കങ്ങളും വോട്ടുചോർച്ചയ്ക്കു വഴിവയ്ക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഗ്രൂപ്പുകൾക്കതീതനായ സ്ഥാനാർഥിയുടെ രംഗപ്രവേശം. 

2008ലെ ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ പുതുതായി രൂപപ്പെട്ടതാണ് വയനാട്. വയനാട് ജില്ലയിലെ കൽപറ്റ, പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങളായ മാനന്തവാടി, സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ (പട്ടികജാതി സംവരണം) മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭാ മണ്ഡല പരിധിയിൽ വരുന്നത്. മണ്ഡല രൂപീകരണ ശേഷം രണ്ടു തവണയും യുഡിഎഫ് സ്ഥാനാർഥി എം.ഐ.ഷാനവാസ് തന്നെയായിരുന്നു മണ്ഡലത്തിലെ വിജയി. 2009ൽ സിപിഐയുടെ എം.റഹ്മത്തുള്ളയെ ഒന്നരലക്ഷത്തിൽ പരം (1,53,439)വോട്ടുകൾക്ക് വീഴ്ത്തിയെങ്കിൽ 2014ൽ സിപിഐയുടെ തന്നെ സത്യൻ മൊകേരിക്കെതിരെ 20,870 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണു ഷാനവാസിന് നേടാനായത്.

2009ലെ വോട്ടു കൊയ്ത്തിനു പിന്നിൽ

2009ൽ വയനാട്ടിലെ യുഡിഎഫ് വോട്ടുകൊയ്ത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കടങ്ങൾ എഴുതിത്തള്ളിയുള്ള തീരുമാനവും തൊഴിലുറപ്പു പദ്ധതിയും അന്നു കർഷകരുടെ കണ്ണീരൊപ്പി. കൈപ്പത്തിയിൽ വിശ്വസിച്ച് കർഷകർ ഷാനവാസിന് വോട്ടു ചെയ്തു. എൻസിപിക്കു വേണ്ടി അന്ന് കളത്തിലിറങ്ങിയ കെ. മുരളീധരനെ തുരത്താനും യുഡിഎഫ് പാളയം ഒന്നിച്ചിറങ്ങി. 2014ൽ ആകട്ടെ എം.ഐ.ഷാനവാസ് വയനാടിനു വേണ്ടി ഒന്നും ചെയ്തില്ല എന്ന പ്രചാരണമായിരുന്നു ശക്തമായത്. മുസ്‍ലിം ലീഗിനു പോലും ഇക്കാര്യത്തിൽ തർക്കമില്ലായിരുന്നു. രാത്രിയാത്രാ നിരോധനം വയനാട്ടുകാരെ വല്ലാതെ വലച്ചു, മെഡിക്കൽ കോളജും വയനാട് പാക്കേജും ഏട്ടിലെ പശുവായി ഒതുങ്ങി. കസ്തൂരി രംഗൻ റിപ്പോർട്ടിനെക്കുറിച്ചുള്ള ഭീതികൂടി വയനാട്ടിലെ കർഷകരിൽ ബാധിച്ചതോടെ വയനാട് ജില്ലയിലെ മണ്ഡലങ്ങൾ ഷാനവാസിനെ കൈവിട്ടു. നിലമ്പൂരും ഏറനാടും നൽകിയ പിന്തുണയിൽ അന്ന് ഇരുപതിനായിരത്തിലധികം വോട്ടുകള്‍ മാത്രം ഭൂരിപക്ഷവുമായി ഷാനവാസ് വീണ്ടും സഭയിലെത്തി. 

ചുരം കയറിയത് പ്രതീക്ഷകളോടെ

എൽഡിഎഫ് സ്ഥാനാർഥിയായി മലപ്പുറം ജില്ലാ കൺവീനറും സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ പി.പി.സുനീറിനെ പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ഇടതു മുന്നണി മൽസരത്തെ നോക്കിണ്ടത്. സിപിഐക്ക് മലപ്പുറം ജില്ലയിൽ ഒരു മേൽവിലാസമുണ്ടാക്കിയതിൽ പി.പി. സുനീറിന്റെ പങ്ക് ചെറുതല്ല. പൊന്നാനി മാറഞ്ചേരിയിൽ കമ്യൂണിസ്റ്റ്് കുടുംബത്തിൽ ജനിച്ചു വളർന്ന സുനീർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ നേതൃപാടവം തെളിയിച്ചയാളാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും മികച്ച സ്വാധീനമുണ്ടാക്കാൻ സുനീറിനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതു മുന്നണി. അഞ്ചാം ക്ലാസിൽ ലീഡർ സ്ഥാനത്തേക്കു മൽസരിച്ച് വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങിയതാണ് തന്റെ രാഷ്ട്രീയ ജീവിതമെന്ന് അഭിമാനത്തോടെയാണ് സുനീർ പറയാറുള്ളത്. 1999ലും 2004ലും പൊന്നാനിയിൽ മൽസരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാക്കാൻ സുനീറിനു സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ ഏറെ പ്രതീക്ഷയോടെയായിരുന്നു സുനീർ വയനാട്ടിലേക്കു ചുരം കയറിയത്. 

വയനാട്ടിൽ മികച്ച സ്വാധീനമുള്ള എം.പി. വീരേന്ദ്രകുമാറിന്റെ പിന്തുണ എൽഡിഎഫിന് ഇവിടെ നേട്ടമാകുമെന്ന പ്രതീക്ഷകളായിരുന്നു മറ്റൊന്ന്. വയനാട് ജില്ലയിലും നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിലുമുള്ള ആദിവാസി വോട്ടുകൾ ഏകോപിപ്പിക്കാൻ ആദിവാസി ഗോത്രമഹാ സഭാ നേതാവ് സി.കെ. ജാനുവിന്റെ പിന്തുണകൊണ്ട് സാധിക്കുമെന്നും ഇടതു മുന്നണി സ്വപ്നം കണ്ടു. അങ്ങനെ വന്നാൽ വയനാട്ടിൽ 2009 ആവർത്തിക്കില്ലെന്നും 2014ൽ ഇടതു മുന്നണിക്കുണ്ടായ മുന്നേറ്റത്തിന്റെ തുടർച്ചയുണ്ടാക്കി വിജയിക്കാമെന്നുമായിരുന്നു ഇടതു മുന്നണി കണക്കു കൂട്ടിയിരുന്നത്. 

ആരുടെ ചരടുവലി?

2014ൽ യുഡിഎഫിനുണ്ടായ വോട്ടു തകർച്ചയിലാണ് സിപിഎം പ്രതീക്ഷ അർപ്പിച്ചിരുന്നത്. മികച്ച സ്ഥാനാർഥിയെ തന്നെ അവതരിപ്പിക്കാനായി എന്ന പ്രതീക്ഷയും ഇവിടെ ഇടതു പക്ഷത്തിനുണ്ടായിരുന്നു. ഷാനിമോൾ ഉസ്മാനെയും വി.വി. പ്രകാശിനെയും ഉൾപ്പെടെ പലരെയും യുഡിഎഫ് വയനാട്ടിൽ പരിഗണിച്ചെങ്കിലും ഒടുവിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖിനാണ് നറുക്കു വീണത്. ഇപ്പോൾ രാഹുൽ ഗാന്ധിയെത്തുമ്പോൾ ഗ്രൂപ്പു തർക്കങ്ങളെല്ലാം അപ്രസക്തമാകുന്നു. പക്ഷേ പ്രചാരണത്തിനു പോലും രാഹുൽ ഗാന്ധിക്ക് എത്ര തവണ വയനാട് മണ്ഡലത്തിൽ എത്താനാകും എന്ന കാര്യത്തിൽ ആശങ്കയുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ സ്ഥാനാർഥിയുടെ മണ്ഡല പര്യടനങ്ങൾക്കു തടസ്സമാകുമെന്ന് ഉറപ്പ്.

രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും നിന്നു മൽസരിച്ചു ജയിക്കുകയും ഒരു മണ്ഡലം ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വയനാടിനെ തള്ളുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ഒരു പക്ഷേ ഉപതിരഞ്ഞെടുപ്പിൽ സിദ്ദീഖിനു തന്നെ നറുക്കു വീണേക്കാം. രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തെത്തിയാൽ നിലവിൽ കോൺഗ്രസിന്റെ സംഘടനാ ചുമതലവഹിക്കുന്ന കെ.സി. വേണുഗോപാലിനെ മത്സരിപ്പിച്ചു മന്ത്രിസഭയിൽ എത്തിക്കാനും മതി. ഇതിനായി കെ.സി. തന്നെ നടത്തിയ ചരടുവലിയാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള പ്രവേശനമെന്നും കരുതുന്നവരുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോടു തോൽക്കുമെന്ന ഭീതിയിലാണ് ഇവിടെ മൽസരിക്കാനെത്തുന്നത് എന്ന് ഇതിനകം ഇടതു പക്ഷവും ബിജെപിയും വിമർശനം ഉയർത്തിയിട്ടുണ്ട്. ബിജെപി വിരുദ്ധ മുദ്രാവാക്യമുയർത്തുന്ന ഇടതു മുന്നണിക്കെതിരെ മൽസരിക്കുന്നതിനെ രാഷ്ട്രീയമായി വിശദീകരിക്കേണ്ട സാഹചര്യവും ഇപ്പോൾ കോൺഗ്രസിനു മുന്നിൽ ഉയര്‍ന്നു വന്നിരിക്കുന്നു. 

കർഷകർ ഇപ്പോഴും പെരുവഴിയിൽ

വീണ്ടും വോട്ടുതേടി കർഷകർക്കു മുന്നിലെത്തുമ്പോൾ അവർക്കു വേണ്ടി എന്തു ചെയ്തു എന്നു ചോദിച്ചാൽ നെടുനീളൻ പട്ടിക നിരത്തുമെന്നല്ലാതെ കൃത്യമായി ഒരു മറുപടി പറയാൻ, കർഷകരുടെ യഥാർഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ഒരു മുന്നണിക്കും സാധിച്ചിട്ടില്ലെന്നതാണു വസ്തുത. സർക്കാരിന്റെ കൃഷി വായ്പകളിലുള്ള മോറട്ടോറിയം പ്രഖ്യാപനം പോലും പ്രായോഗികമാക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ കർഷക ആത്മഹത്യകളും കർഷകന്റെ കണ്ണീർക്കഥകളും വയനാട്ടിൽ പതിവു സംഗതികളാകുന്നു.

വയനാടിനു വേണ്ടി മുൻ എംപി ചെയ്തതിനെക്കുറിച്ചു ചോദിച്ചാൽ മലപ്പുറം ഡിസിസി പ്രസിഡന്റിനു വാക്കുകൾ മുറിഞ്ഞു പോകുന്നതല്ലാതെ കൃത്യമായി ഒന്നും ചൂണ്ടിക്കാണിക്കാൻ ഒരു ചർച്ചകളിലും അദ്ദേഹത്തിനു സാധിച്ചിട്ടില്ല. നിലമ്പൂർ നഞ്ചൻകോട് റെയിൽപാതയെന്നൊക്കെ പറയുമെന്നല്ലാതെ ഇനിയും അതു യാഥാർഥ്യമാകുമെന്ന് ഒരു വോട്ടറും പ്രതീക്ഷിക്കുന്നില്ല. ഈ റെയിൽ പാതയ്ക്കു പകരം തലശേരി–മൈസൂർ പാതയെന്ന പഴയ ആശയം നടപ്പാക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നതെന്നും എന്നാൽ രണ്ടു പദ്ധതിയും നടപ്പാക്കുകയാണു ലക്ഷ്യമെന്നു മറുകൂട്ടരും വാദിക്കുന്നുണ്ട്. മെഡിക്കൽ കോളജിന്റെ കാര്യത്തിലും ഇപ്പോഴും ഒരു പുരോഗതിയുമില്ലെന്നതും വോട്ടു ചോദിച്ചെത്തുന്ന മൂന്നു മുന്നണികൾക്കും തലവേദനയാകും.

അമേഠി പോലെ വയനാടും?

പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ് അമേഠി. ഇതിനിടെ ആകെ രണ്ടു തവണ മാത്രം 1977ലും 1998ലും ബിജെപി വിജയിച്ചപ്പോൾ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി ഒരു കുടുംബം കൈവശം വച്ച ചരിത്രമാണ് അമേഠിക്കുള്ളത്. ഇടക്കാലത്ത് കോൺഗ്രസിന്റെ തന്നെ സതിഷ് ശർമയും സഞ്ജയ് സിങ്ങും ഇവിടെ നിന്നു പാർലമെന്റിലെത്തിയിട്ടുണ്ട്. എന്നാൽ വികസനകാര്യത്തിൽ അമേഠി അത്ര മെച്ചപ്പെട്ട നിലയിലല്ലെന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ. വോട്ടു ചോദിക്കാനല്ലാതെ ആരും പിന്നെ ആ വഴി ചെന്ന ചരിത്രമില്ലെന്നാണ് ബിജിപി ഉയർത്തുന്ന ആരോപണം. കോൺഗ്രസ് നടപ്പാക്കിയ പദ്ധതികൾ വീണ്ടും ഉദ്ഘാടനം ചെയ്യുകയും സ്വന്തമെന്ന പേരിൽ അവതരിപ്പിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് കോൺഗ്രസും അവകാശപ്പെടുന്നു.

വീണ്ടും ഒരു തിരഞ്ഞെടുപ്പ് വന്നപ്പോൾ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചും നിർമാണോദ്ഘാടനം നടത്തിയും സർക്കാർ എന്തൊക്കെയൊ ചെയ്തു എന്നു വരുത്തിത്തീർത്തു തിരഞ്ഞെടുപ്പിനെ നേരിടാനാണു ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പക്ഷം ആരോപിക്കുന്നു. സ്മൃതി ഇറാനി ഇത്തവണ അമേഠിയിൽ മൽസരിക്കാനൊരുങ്ങുന്നത് മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു എന്ന അവകാശവാദവുമായാണ്. അതേസമയം ആരോഗ്യ മേഖലയിലും അടിസ്ഥാന ജീവിത സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും അമേഠിക്കായി ഇനി ഏറെ ചെയ്യാനിരിക്കുന്നു എന്നതാണു വസ്തുത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com