ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ  'പപ്പു'വെന്നു  വിളിച്ച സിപിഎം മുഖപത്രത്തിന്റെ നിലപാടു കൈപ്പിഴയെന്നു  മന്ത്രി തോമസ് ഐസക്. 'പപ്പു'വെന്നു വിളിക്കുന്നതു സിപിഎം നിലപാടല്ലെന്നും രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നതു  എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും തോമസ് ഐസക് കൊല്ലത്തു പറഞ്ഞു.  രാഹുലിന്റെ വരവോടെ യുഡിഎഫ് –ബിജെപി വോട്ടുകച്ചവടം പ്രയാസകരമാകുമെന്നും തോമസ് ഐസക് പറഞ്ഞു.

എന്നാല്‍ പപ്പുവിളിയിൽ നിന്നു പുറത്തു വന്ന രാഹുൽ ഗാന്ധി തിരികെ പപ്പുവാകാതിരിക്കാനാണു  സിപിഎം മുഖപത്രത്തിന്റെ മുഖപ്രസംഗമെന്നു സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ ഗാന്ധിക്കുള്ള പാഠമാണ് മുഖപ്രസംഗം. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ ആശങ്കയില്ല. ആഗോള കുത്തകകളുടെ തീരുമാനപ്രകാരമാണ് രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയായതെന്നും ബിനോയ് വിശ്വം മലപ്പുറത്ത് പറഞ്ഞു. 

രാഹുല്‍ ഗാന്ധിയെ പപ്പുവെന്നു വിളിച്ചു സിപിഎം മുഖപത്രത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതു വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. വയനാട്ടില്‍ മല്‍സരിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ടാണു പപ്പു പരാമര്‍ശം. എന്നാല്‍ പപ്പുപ്രയോഗം പിഴവു പറ്റിയതാണന്നും തിരുത്തുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിങ്കളാഴ്ച മുഖപ്രസംഗത്തിൽ 'പപ്പു സ്ട്രൈക്ക്' എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവു കൊണ്ടു ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ലെന്നു ഫെയ്‌സ്ബുക്ക് കുറിപ്പിൽ പിഎം മനോജ് പറഞ്ഞു.രാഹുൽഗാന്ധിയെന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. 

രാഹുൽഗാന്ധിയെ ബിജെപി പപ്പുമോൻ എന്നു വിളിച്ചപ്പോഴും കോൺഗ്രസിൻറെ വടകര സ്ഥാനാർഥിയായ കെ മുരളീധരൻ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ. ഇന്നലെ വരെ ബിജെപി  പപ്പുമോൻ എന്നു വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇറങ്ങിപ്പുറപ്പെട്ടതു  പരിഹാസ്യമാണ്.

പാവങ്ങളുടെ പടനായകനെന്നു എതിരാളികൾ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിർപ്പു വന്നപ്പോൾ ആക്ഷേപത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്ത വി ടി ബൽറാമിനു പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണെന്നും പിഎം മനോജ് കുറിപ്പിൽ പറയുന്നു. 

ബിജെപിയെ അവരുടെ തട്ടകത്തില്‍ നേരിടാതെ ഒളിച്ചോടുന്ന രാഹുല്‍ പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. രാഹുലിനെതിരെ കുറ്റപത്രം നിരത്തിയാണ് എഡിറ്റോറിയല്‍.വയനാട്ടിലേയ്ക്കുള്ള രാഹുലിന്‍റെ വരവ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടെന്ന ബിജെപി വാദവും മുഖപ്രസംഗം ഏറ്റുപിടിക്കുന്നു. ആ ചെപ്പടിവിദ്യകൊണ്ടു ന്യൂനപക്ഷങ്ങളെ പറ്റിക്കാനാകില്ലെന്നും മുഖപ്രസംഗം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തെ തള്ളിയാണ് അമേഠിയിലെ പരാജയഭീതി കൊണ്ടാണു രാഹുൽ വയനാട്ടിൽ മൽസരിക്കുന്നതെന്ന നിലപാടു പാർട്ടിപത്രം കൈകൊണ്ടതെന്നതു ശ്രദ്ധേയമായി.

അമേഠിയിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്നത്തെ മുഖപ്രസംഗം പറയുന്നത് അമേഠിയിലെ പരാജയഭീതി കൊണ്ടാണു രാഹുൽ വയനാട്ടിൽ മൽസരിക്കുന്നതെന്നാണ്. ബിജെപിയ്ക്ക് അമേഠിയിൽ ഒരു ജയസാധ്യതയുമില്ലെന്നാണു പത്രപ്രവർത്തകരുടെ ചോദ്യത്തിന് ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 

അമേഠി കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ്. എസ്പി–ബിഎസ്പി സഖ്യം അമേഠിയിൽ മൽസരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ ഭൂരിപക്ഷത്തിൽ 2 ലക്ഷം വോട്ടിന്റെ കുറവുണ്ടായെന്നും ഇക്കുറി അതിടിഞ്ഞാൽ നാണം കെട്ട തോൽവിയുണ്ടാകുമെന്നുറപ്പാണെന്നും മുഖപ്രസംഗം പറയുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ അമേഠിയിലെ 5 നിയമസഭാമണ്ഡലങ്ങളിലും കോൺഗ്രസ് തോറ്റതും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നെഹ്റു കുടുംബത്തിന്റെ പോക്കറ്റ‌്ബറോവിൽ തോറ്റാൽ മുഖം നഷ്ടപ്പെടുമെന്നു മാത്രമല്ല, മത്സരിച്ചു ജയിക്കാൻ രാഹുലിനും കോൺഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലംപോലും ഉത്തരേന്ത്യയിൽ ഇല്ലെന്നതാണു വാസ‌്തവമെന്നും പാർട്ടിപത്രം പറയുന്നു. അതിനാലാണ് ഇന്ദിര ഗാന്ധിയെയും സോണിയയെയും അനുകരിച്ചു രാഹുൽ ഗാന്ധിയും ദക്ഷിണേന്ത്യയിലേക്കു വന്നത്. എന്നാൽ, ഉത്തരേന്ത്യ പോലെതന്നെ കോൺഗ്രസിനു ദക്ഷിണേന്ത്യയും ഇന്നു മരുഭൂമിയാണെന്നും മുഖപ്രസംഗം പറയുന്നു.

English Summary; CPM Mouthpiece attacks Rahul Gandhi, calls him pappu over Wayanadu candidature, Thomas Isaac reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com