ADVERTISEMENT

ന്യുഡൽഹി∙ രാഹുൽ ഗാന്ധിയുടെ ട്വീറ്റുകളും പ്രസംഗങ്ങളും തന്ത്രപ്രധാന നയസ്വീകരണങ്ങളും ചർച്ചയാകുമ്പോൾ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്, സന്ദീപ് സിങ് എന്ന പഴയ ജെഎന്‍യു നേതാവ്. 2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കരിങ്കൊടി കാണിച്ച, 'ഐസ'യുടെ പഴയ തീപ്പൊരി നേതാവാണു രാഹുലിന്റെ ചടലുമായ നീക്കങ്ങൾക്കു കരുത്തു പകരുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമുളള സന്ദീപ് സിങ്ങിനു രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഖ്യപങ്കാണു ഉളളതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗാഡിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് സിങ് അലഹബാദ് സര്‍വ്വകലാശാലയിലെ ബിരുദപഠനകാലത്താണ് ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ  (ഐസ) ഭാഗമാകുന്നത്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥിസംഘടനയാണു തീവ്രഇടതുപക്ഷ സ്വഭാവമുള്ള ഐസ.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിലും പ്രധാനമന്ത്രിയെ കരിങ്കൊടി കാട്ടിയ കേസിലും പ്രതിയായ സന്ദീപ് രാഹുൽ ഗാന്ധിയുടെ ഉപദേശകനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി അത്തരം സ്ഥാനങ്ങൾ വഹിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം. എഐസിസി ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തതു മുതൽ പ്രിയങ്ക ഗാന്ധിക്കൊപ്പവും സന്ദീപ് ഉണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾക്കു പിന്നിലും സന്ദീപിന്റെ സാന്നിധ്യമുണ്ടെന്നാണു റിപ്പോർട്ടുകൾ. 

ജെഎൻയു പഠന കാലത്തിനു ശേഷം ഇടതുപക്ഷ ആശയങ്ങളിൽനിന്നും പിൻവലിഞ്ഞ സന്ദീപ് അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജ്‌രിവാളിന്റെയും നേതൃത്വത്തിൽ നടന്ന ലോക്‌പാൽ പ്രക്ഷോഭങ്ങളിലും മുഖ്യപങ്കു വഹിച്ചിരുന്നു. പ്രസംഗകലയില്‍ അസാമാന്യ വൈഭവം ഉള്ള സന്ദീപ് 2007ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. തന്നെ കരിങ്കൊടി കാണിച്ച മുന്‍ ഐസ പ്രവര്‍ത്തകനു മന്‍മോഹന്‍ സിങ് മാപ്പ് നല്‍കിയതു വൻ വാർത്താപ്രധാന്യം നേടിയിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയ്ക്കു സന്ദീപ് ഇപ്പോഴും അനഭിമതനാണ്. 2018ല്‍ ജെഎന്‍യുവിലെ എന്‍എസ്​യുഐ ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള വിദ്യാര്‍ത്ഥി സന്ദീപിനെതിരെ എഐസിസിക്ക് കത്തെഴുതിയിരുന്നു.

രാഹുലിന്റെ നേതൃത്വത്തിലുളള പടയൊരുക്കം പ്രതിപക്ഷ പാർട്ടികളെ ആശങ്കയിലാഴ്ത്തി കഴിഞ്ഞുവെന്ന അവകാശവാദത്തിലാണു കോൺഗ്രസ്. അമേഠിയിൽനിന്നു ഒളിച്ചോടുന്ന നെഹ്റു കുടുംബത്തിന്റെ ഇളംമുറക്കാരനിലാണോ രാജ്യം പ്രതീക്ഷ വയ്ക്കേണ്ടതെന്ന എന്ന മറുചോദ്യവുമായി ബിജെപി ക്യാംപും സജീവമായി കഴിഞ്ഞു.

ഒരു തവണ ജനതാപാര്‍ട്ടിയും രണ്ട് തവണ ബിജെപിയും ജയിച്ചതൊഴിച്ചു നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന്റെയും നെഹ്റു കുടുംബത്തിന്റെയും ഉരുക്കുകോട്ടയായിരുന്നു അമേഠി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേഠിയിലെ കോണ്‍ഗ്രസിന്റെ സാന്നിധ്യവും സ്വാധീനവും കുത്തനെ ഇടിയുന്നുവെന്നു വോട്ടുകണക്കുകള്‍ കാണിച്ച് സമർഥിക്കാനാണു പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. 

English Summary; Former JNU student Sandeep Singh is Congress president Rahul Gandhi's new political advisor 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com