ADVERTISEMENT

പത്തനംതിട്ട ∙ കടുത്ത വേനലിൽ അൾട്രാവയലറ്റ് രശ്‌മികളുടെ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 14 ജില്ലാ ആസ്‌ഥാനങ്ങളിലും യുവി ഇൻഡക്‌സ് അളക്കാനുള്ള റേഡിയോ മീറ്ററുകൾ സ്‌ഥാപിക്കാൻ ദുരന്ത നിവാരണ വകുപ്പ് നടപടി ആരംഭിച്ചു. 100 ഓട്ടമാറ്റിക് കാലാവസ്‌ഥാ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനു പുറമേയാണിത്.

കേരളത്തിലെ കലക്ടറേറ്റുകളിലാവും ഇവ സ്‌ഥാപിക്കുകയെന്ന് ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. മികച്ച യുവി റേഡിയോ മീറ്ററുകൾ ഉടൻ ലഭ്യമാക്കുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ സ്‌ഥലത്തും യുവിയുടെ തോത് ഉയരുമ്പോൾ വിവരം കലക്ടറേറ്റുകളിൽ നിന്നു ജനങ്ങളെ അറിയിക്കാനാണ് പദ്ധതി. വിവരം ദുരന്ത നിവാരണ അതോറിറ്റി ഓഫിസിലും തത്സമയം ലഭ്യമാക്കുന്നതോടെ സർക്കാർ തലത്തിലും മുന്നറിയിപ്പു നൽകാനാവും.

കാലാവസ്‌ഥാ വകുപ്പിന് ഈ സംവിധാനമില്ലാത്തതിനാലാണു നടപടിക്ക് അതോറിറ്റി ഒരുങ്ങുന്നത്. സ്വകാര്യ ഏജൻസികളിൽ നിന്നുള്ള കണക്കിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്തെ യുവി ഇൻഡസ്‌ക് മാരമായ 12 യൂണിറ്റിനും മുകളിലായിരുന്നുവെന്ന് മനോരമ ഓൺലൈൻ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതാണു നടപടി എടുക്കാൻ ദുരന്തനിവാരണ വകുപ്പിനെ പ്രേരിപ്പിച്ചത്.  ഇതു സംബന്ധിച്ച് ആധികാരിക വിവരം ലഭ്യമല്ലാത്തിനാൽ സ്വന്തം നിലയിൽ സംവിധാനമൊരുക്കുകയാണ് സർക്കാർ. യുവി അഞ്ചിനു മുകളിൽ പോകുന്നതു തന്നെ അപകടകരമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

തിമിരത്തിനു പിന്നിലും മാരകമായ യുവി

ഭൂമധ്യരേഖയോടു ചേർന്ന് 10 ഡിഗ്രി അക്ഷാംശത്തിൽ സ്‌ഥിതി ചെയ്യുന്ന കേരളത്തിൽ യുവി ഇൻഡക്‌സ് കൂടുതലാണെന്നു നേരത്തെ തന്നെ സൂചനകളുണ്ടെങ്കിലും അത് അളക്കാൻ സംവിധാനമില്ല. ഇവിടെ തിമിര രോഗികളുടെ എണ്ണം കൂടുന്നതിനു കാരണവും യുവി ആണെന്നു ചില ഗവേഷകർ പറയുന്നു. 11 നും മൂന്നിനുമിടയിൽ വെയിലേൽക്കാതിരിക്കുക മാത്രമാണ് പോംവഴി. വാഹനം ഓടിക്കുകയാണെങ്കിലും യുവി കണ്ണിനെ ബാധിക്കാം. സൺഗ്ലാസും സൺസ്‌ക്രീൻ ലേപനങ്ങളും പുരട്ടുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള വഴി.

യുവി 3 തരം

മൂന്നു തരം യുവി കിരണങ്ങളാണുള്ളത്: യുവി– എ, ബി, സി. ഇതിൽ എ ത്വക്ക് അരിച്ചു കയറി അർബുദത്തിനു വരെ കാരണമാകും. ബി പുറന്തൊലിയെ ബാധിക്കും. സി ഏറ്റവും മാരകമാണെങ്കിലും ഓസോൺ പാളികളിലൂടെ അരിച്ചു കടന്നു വരുന്നതിനാൽ ഭൂമിയിൽ എത്താറില്ല. സൂര്യരശ്‌മി നേരിട്ടു പതിക്കുന്ന ഭൂമധ്യരേഖയോടു ചേർന്ന സ്‌ഥലങ്ങളിലും കേരളം പോലെയുള്ള സമീപ അക്ഷാംശങ്ങളിലും യുവി കൂടുതലാണ്.

ഓസോൺ പാളികൾ ശോഷിച്ചാൽ അപകടം

അന്തരീക്ഷ ഓസോൺ യുവിയെ വലിച്ചെടുക്കുന്നതിനാലാണ് ഭൂമിയിൽ അപകടം കൂടാതെ ജീവിക്കാൻ കഴിയുന്നത്. എപ്പോഴും ഭൂമിയിലെത്തുന്നുണ്ടെങ്കിലും സൂര്യന്റെ അകലം വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ശൈത്യത്തിലും മഴക്കാലത്തും യുവിയിൽ ഏറ്റക്കുറച്ചിൽ വരും. ഉച്ചയ്‌ക്ക് 12 നും രണ്ടിനുമിടയിൽ ഏറ്റവും തീഷ്‌ണം. ഓസോൺ അളവ്, അക്ഷാംശം, സമയം, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, മേഘസാന്നിധ്യം, വായുമലിനീകരണം, സസ്യാവരണം എന്നിവയെ ആശ്രയിച്ചിരിക്കും.

105 ഡിഗ്രി (എഫ്) ശരീരതാപം

കുറെ നേരം വെയിലത്ത് നിൽക്കുമ്പോൾ പെട്ടെന്ന് ബോധം മറഞ്ഞ് വീഴുക എന്നതാണ് സൂര്യാതപത്തിന്റെ രീതി. താപം നിയന്ത്രിച്ചു നിർത്താനുള്ള ശരീരത്തിന്റെ കഴിവു നഷ്‌ടപ്പെടുന്ന അവസ്‌ഥയാണിത്. ശരീര താപം 105. 1 ഡിഗ്രി ഫാരൻഹീറ്റായി പെട്ടെന്ന് ഉയരും. (പനി 100 ഡിഗ്രി ആകുമ്പോഴത്തെ അവസ്‌ഥ ഓർക്കുക) ഹൈപ്പർതെർമിയ (താപാഘാതം) എന്നാണ് ഈ അവസ്‌ഥയെ വിളിക്കുക. സൂര്യാതപമുണ്ടായാൽ എത്രയും വേഗം ഡോക്‌ടറുടെ സേവനം തേടുക.

മറ്റു ജീവികളെയും ബാധിക്കും

മറ്റു ജീവജാലങ്ങളെയും സൂര്യാതപം ബാധിക്കും. പക്ഷികൾക്കും മറ്റും വെള്ളം വയ്‌ക്കണം. നായയും മറ്റും കൂടുതലായി അണയ്‌ക്കുന്നതും നാവു പുറത്തേക്കു നീട്ടുന്നതും ഈ അവസ്‌ഥയിലാണ്. ഹൃദയമിടിപ്പും കൂടിയിരിക്കും. അവയെ പുറത്ത് അധിക സമയം കെട്ടിയിടാതിരിക്കുക. സൂര്യാപതമേറ്റാൽ മൃഗങ്ങളുടെ ശരീരത്ത് അൽപ്പം വെള്ളം കുടയുകയോ ചെറിയൊരു ജലധാര ഇടുകയോ ചെയ്യാം. എത്രയും വേഗം മൃഗഡോക്‌ടറുടെ സഹായം തേടുക. ആന്തരിക അവയവങ്ങൾക്കു കേടുപാട് വരാതിരിക്കാനാണ് ഇത്.

ഉള്ളി, പച്ചമാങ്ങ ഫലപ്രദം

ശരീരത്തിൽ ചൂടേറിയാൽ തലചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഉള്ളിനീര് ദേഹത്തു പുരട്ടുന്നതാണ് ഉത്തരേന്ത്യയിലെ രീതി. ഉള്ളിഅരിഞ്ഞ് ചെറുതായി വഴറ്റി ജീരകപ്പൊടി ചേർത്ത് മധുരമിട്ട് നൽകാം. നെഞ്ചിലും ചെവിയ്‌ക്കു പുറകിലും ഈ കുഴമ്പ് പുരട്ടാം. പച്ചമാങ്ങ അരിഞ്ഞിട്ട് തിളപ്പിച്ച് ഊറ്റിയെടുത്തു ജീരകപ്പൊടി, ഉപ്പ്, ശർക്കര, കുരുമുളക് പൊടി, മല്ലി എന്നിവ ചേർത്ത തണുത്തവെള്ളത്തിൽ കലർത്തി നൽകാം.

മേഘമില്ലെങ്കിൽ യുവി കൂടും

ഉയരം കൂടിയ പർവത പ്രദേശത്ത് വായു മണ്ഡലത്തിനു ഘനം കുറവായതിനാലും പൊടി കുറവായതിനാലും യുവി കൂടും. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം കൂടുന്നതിനനുസരിച്ച് ഇതു വർധിക്കും. കട്ടിമേഘങ്ങൾ ഇതിനെ പ്രതിരോധിക്കും. മേഘങ്ങളില്ലാത്ത ആകാശമാണ് യുവി കൂടാൻ ഒരു കാരണം. എന്നാൽ മൂടൽമഞ്ഞുള്ളപ്പോൾ തിരികെ ബാഹ്യാകാശത്തേക്കു തന്നെ തിരികെ പ്രതിഫലിപ്പിക്കും.

(വിവരങ്ങൾക്ക് കടപ്പാട് : ഡോ. രാജഗോപാൽ കമ്മത്ത് , ശാസ്ത്ര നിരീക്ഷകൻ)
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com