ADVERTISEMENT

കൊച്ചി∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തീരുമാനിച്ച മുൻ ഡിജിപി ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സർക്കാർ സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മൽസര രംഗത്തുനിന്നു പിൻമാറുകയാണെന്ന് ട്വന്റി20 പ്രസിഡന്റ് സാബു ജേക്കബ്. ഇനി അധികം സമയം മുന്നിലില്ലാത്തതിനാലാണു മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തി അവതരിപ്പിക്കാത്തത്. ട്വന്റി20യുടെ രാഷ്ട്രീയ നിലപാട് എന്തെന്നും ആരെ പിന്തുണയ്ക്കണം എന്നുമുള്ള കാര്യത്തിൽ വാർഡ്, ഏരിയ കമ്മിറ്റി യോഗങ്ങൾക്കു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 22നാണ് ജേക്കബ് തോമസ് സ്വയം വിരമിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. ഇമെയിലില്‍ അയച്ച അപേക്ഷയിൽ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് 27ന് വീണ്ടും അപേക്ഷ സമർപ്പിച്ചിരുന്നു. പത്തു ദിവസം കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ല. ‘പരിമിതമായ സമയത്തിനുള്ളിൽ സ്ഥാനാർഥിയെ അവതരിപ്പിച്ചു ജനങ്ങൾക്കിടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്നില്ല. സർവീസ് ചട്ടങ്ങളനുസരിച്ചു ജേക്കബ് തോമസിന്റെ അപേക്ഷ സ്വീകരിക്കാതിരിക്കാൻ കാരണങ്ങളൊന്നുമില്ല. അദ്ദേഹം മൽസര രംഗത്തുണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവരും ഭയപ്പെടുന്നവരും ഉണ്ടാകാം. അതിനാലാവണം അപേക്ഷ സ്വീകരിക്കാതിരുന്നത്.

സർക്കാർ മാത്രമാണു ജേക്കബ് തോമസിന്റെ അപേക്ഷ സ്വീകരിക്കാത്തതിനു പിന്നിൽ എന്നു പറയാനാവില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള സ്വാധീനവുമുണ്ടാകാം. പലരും ജേക്കബ് തോമസിനെ മൽസരിപ്പിക്കുന്നതിന് എതിരുണ്ടായിരുന്നു. മറ്റു രാഷ്ട്രീയ പാർട്ടികളുടെ സമ്മർദമുണ്ടായിട്ടുണ്ട്. ഒരു ലോബി തന്നെ അതിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

ഏതൊരു പഞ്ചായത്തിലും നടത്തിയിട്ടുള്ളതിനെക്കാൾ കൂടുതൽ പദ്ധതികൾ കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഈ മോഡൽ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കണം എന്നാണ് ആഗ്രഹം. മറ്റു സംഘടനകൾ, ആശയങ്ങൾ ഉള്ളവർ രംഗത്തു വരുമ്പോൾ പല സ്ഥലത്തേക്കും വ്യാപിപ്പിക്കും. ഒരു പാർട്ടിയോടും എതിർപ്പും താൽപര്യവുമില്ല. പല വ്യക്തികൾ നേരിട്ട് എതിർത്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയെയും തോൽപിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവർത്തനമല്ല ട്വന്റി20യുടേത്. ഇങ്ങോട്ട് എതിർക്കുന്നവരെ തിരിച്ചും എതിർക്കും എന്നതാണു രീതി. അത് ആരായാലും എതിർക്കും.

ട്വന്റി20ക്ക് ഇന്നസന്റ് ഉപദ്രവമൊന്നും ചെയ്തിട്ടില്ല. എന്നാൽ ബെന്നി ബഹനാൻ ഇപ്പോഴെന്നല്ല, കാലങ്ങളായി പ്രസ്ഥാനത്തെ ഉപദ്രവിച്ചിട്ടുണ്ട്. അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു പരാമർശങ്ങളും പ്രസ് റിലീസുകളും ഉണ്ടായിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണം, എതിർക്കണം എന്ന കാര്യത്തിൽ ഇതൊന്നും ബാധകമാകില്ല. എല്ലാ പാർട്ടിക്കാരും പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടില്ല. ഇത്തവണ മൽസരിക്കുന്നില്ല എന്നു കരുതി ഭാവി പദ്ധതികളിൽനിന്നു പിൻമാറുന്നില്ല. വരുന്ന തിരഞ്ഞെടുപ്പുകളിലും അനുയോജ്യമായ സാഹചര്യങ്ങളിൽ മൽസര രംഗത്തിറങ്ങും’ – അദ്ദേഹം പറഞ്ഞു.

അതേസമയം ട്വന്റി20യുടെ വികസന ആശയങ്ങളുമായി യോജിപ്പുണ്ടെന്നും വരും നാളുകളിൽ ഈ വികസന ആശയങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com