ADVERTISEMENT

ന്യൂഡൽഹി∙ വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതേ നാണയത്തിൽ മറുപടിയുമായി കോണ്‍ഗ്രസ്. ബ്രിട്ടിഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച സ്വാതന്ത്ര്യസമരസേനാനി പഴശ്ശി രാജയുടെ കര്‍മഭൂമിയാണ് വയനാട്. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമുള്ള നാടാണു വയനാടെന്നും മോദിക്ക് അത് അറിയുമോയെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. മോദി ദക്ഷിണേന്ത്യയോടു മാപ്പു പറയണം. പ്രധാനമന്ത്രി രാജ്യത്തിന്റെ മതേതരത്വത്തെ അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കൾ അല്ലാത്ത ഒരു വിഭാഗം ജനങ്ങൾ അധിവസിക്കുന്ന സ്ഥലമാണു വയനാടെന്നു പറയുമ്പോൾ പ്രധാനമന്ത്രിക്കും ബിജെപിക്കും അവർ അനഭിമതരാണ് എന്ന സന്ദേശമാണു മോദി നൽകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ രാജ്യത്തെ പൗരൻമാരെ വേർതിരിച്ചു കാണുന്നതു ലജ്ജാകരമാണെന്നും വേണുഗോപാൽ പറഞ്ഞു. വയനാട്ടിലെ പാരമ്പര്യത്തെയും ചരിത്രത്തെയും മനസിലാക്കാതെ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയാണു മോദിയുടേതെന്നും വേണുഗോപാൽ പറഞ്ഞു. പഴശ്ശിരാജയുടെ വീരചരിത്രം പേറുന്ന വയനാടൻ മണ്ണിനെ അപമാനിച്ചതു വഴി സ്വാതന്ത്ര്യസമരത്തെ മോദി അപഹസിച്ചതായും വേണുഗോപാൽ തുറന്നടിച്ചു. 

തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് ഇന്ത്യയുടെ സംസ്‌കാരത്തെ അപമാനിക്കുന്ന നിലയിലേക്കു വരെ ഇന്ത്യയുടെ പ്രധാനമന്ത്രി അധഃപതിച്ചുവെന്നതു സങ്കടകരമാണ്. വെറുപ്പിന്റെ വിത്തുകള്‍ വിതച്ചു വിലകുറഞ്ഞ രാഷ്ട്രീയമാണു മോദി കളിക്കുന്നതെന്നും മതപരമായി ജനത്തെ വേര്‍തിരിച്ചതിലൂടെ മോദി ജനപ്രാതിനിധ്യ നിയമത്തിന്റെ 123-ാം വകുപ്പു ലംഘിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ വർഗീയ പരമാർശം. ഹിന്ദു മേഖലകളിൽ മത്സരിക്കാതെ കോൺഗ്രസ് നേതാക്കൾ മറ്റിടങ്ങളിലേക്കു മത്സരിക്കാൻ പോവുകയാണെന്നു രാഹുൽ ഗാന്ധിയുടെ പേരു നേരിട്ടു പരാമർശിക്കാതെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ മോദി പരിഹസിച്ചു.

കോൺഗ്രസ് എന്നും ഹിന്ദുക്കൾക്ക് എതിരായിരുന്നു. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചിരുന്ന അവരിപ്പോൾ, അതിന്റെ ഫലം അനുഭവിക്കുകയാണ്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിലേക്കാണ് ചില നേതാക്കൾ അഭയാർഥികളെപ്പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. പ്രസ്താവന വൻ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. രാജ്യത്തെ ജനങ്ങളെ മതപരമായി വേർതിരിച്ചുകാണുന്നതാണു മോദിയുടെ നയമെന്നു സിപിഎമ്മും കോൺഗ്രസും ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com