ADVERTISEMENT

തിരുവനന്തപുരം∙ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്, മഹാപ്രളയം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ്. ശ്രീധരന്‍ പിള്ള. 

450തിലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല.

ജനങ്ങളോട് സര്‍ക്കാര്‍ മറുപടി പറയണം. ദുരന്തം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന് വ്യക്തമായതിനാല്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കണം. നഷ്ടപരിഹാരം നല്‍കുന്നതിലെയും പുനര്‍നിര്‍മ്മാണത്തിലെയും പുനരധിവാസത്തിലെയും വീഴ്കളും അന്വേഷിക്കണം.

കേന്ദ്ര സര്‍ക്കാരിനെതിരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്ര സേനകള്‍ക്കെതിരെയും സിപിഎമ്മും സര്‍ക്കാരും വ്യാജപ്രചാരണം നടത്തിയത് വീഴ്ച മറച്ചുവയ്ക്കാനായിരുന്നുവെന്നും ഇതോടെ വ്യക്തമായി. സര്‍ക്കാരാണ് ദുരന്തത്തിന് ഉത്തരവാദിയെന്ന് ബിജെപി തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാജപ്രചാരണങ്ങളിലൂടെ ഇതില്‍ നിന്നെല്ലാം ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബിജെപി അന്ന് പറഞ്ഞത് ശരിവെക്കുകയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. നൂറുകണക്കിന് ജനങ്ങള്‍ മരിക്കാന്‍ ഇടയായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിന് കാരണമായത് എം.എം മണിയുടെ അറിവില്ലായ്മയും പിടിവാശിയുമാണ്. ഇത്തരമൊരു സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്. മണിയുടെ പിടിവാശി 500ഓളം നിരപരാധികളുടെ ജീവനാണ് ഇല്ലാതാക്കിയത്.  ഇത് മറച്ചു വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാജ പ്രചാരണം നടത്തിയത്. കൂട്ടക്കുരുതിയില്‍ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com