ADVERTISEMENT

തിരുവനന്തപുരം ∙ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം. അവസരവാദ നിലപാടാണ് ഇരു പാര്‍ട്ടികളും സ്വീകരിക്കുന്നത്. കേരളത്തില്‍ പരസ്പരം തല്ലു കൂടുന്നവര്‍ ഡല്‍ഹിയില്‍ തോളില്‍ കയ്യിട്ടു നടക്കുകയാണ്. അക്രമരാഷ്ടീയത്തിലൂടെ കുഞ്ഞുങ്ങളെ അനാഥമാക്കുന്ന സിപിഎം രാഷ്ട്രീയം കേരളത്തിന്റെ സംസ്‌കാരമല്ല. ബിജെപിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പ്രര്‍ത്തകരുടെ സ്വപ്നം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഴുവന്‍ വികസനത്തിലേക്ക് പോകുമ്പോള്‍ കേരളത്തെ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പിന്നോട്ടടിക്കുകയാണ്. ഇതില്‍ നിന്ന് മോചനം വേണം. നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എതിര്‍പ്പും തിരഞ്ഞെടുപ്പും വേണ്ടത്. ബിജെപി മുന്നോട്ടു വയ്ക്കുന്ന നയങ്ങളല്ല കോണ്‍ഗ്രസിന്റേത്. കുടുംബാധിപത്യത്തിലുള്ള സര്‍ക്കാരും ദേശസ്‌നേഹമുള്ള സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം ജനം തിരിച്ചറിയണം.

വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത് ദക്ഷിണേന്ത്യക്ക് സന്ദേശം നല്‍കാനാണെന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ എന്തുകൊണ്ട് സന്ദേശം നല്‍കിയില്ല. അമേത്തിയിലെ എംപി നടപ്പാക്കിയ വികസനം ജനം തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് വയനാട്ടില്‍ വരേണ്ടി വന്നത്. ഇവിടെയും അമേത്തി മോഡല്‍ വികസനം നടപ്പാക്കും.

narendra-modi-at-tvm
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ബിജെപി പ്രചാരണത്തിന് എത്തിയപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി

ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന പാര്‍ട്ടികളോ സര്‍ക്കാരുകളോ അല്ല കോണ്‍ഗ്രസും കമ്യൂണിസ്റ്റും. പകരം അവര്‍ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാര്‍ ശ്രമിക്കുന്നു. ഭഗവാന്റെ പേര് പോലും പറയാന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല. ഭഗവാന്റെ പേര് പറയുന്നവര്‍ ജയിലിലാകുന്നു. എന്നാല്‍ ബിജെപി വിശ്വാസങ്ങളുടെ കാവല്‍ക്കാരനായി എന്നും നിലകൊള്ളും.

വെറും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള പോരാട്ടം മാത്രമല്ല ഇത്. ഭാവി ഭാരതം വാര്‍ത്തെടുക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യയെ മികച്ച സാമ്പത്തിക ശക്തിയാക്കി മാറ്റേണ്ടതുണ്ട്. ഇന്ന് ഇന്ത്യ എല്ലാ രംഗത്തും മുന്നിലാണ്. ബഹിരാകാശത്ത് നിന്നുള്ള ഭീഷണി വരെ നേരിടാന്‍ ഇന്ത്യക്ക് കഴിവുണ്ട്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഇതിനുള്ള കഴിവുണ്ടായിരുന്നെല്ലെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അതിന് ധൈര്യം കാണിച്ചില്ല. ബിജെപി സര്‍ക്കാര്‍ ഇത് ധൈര്യത്തോടെ ചെയ്‌തു. 2014 മുതല്‍ തിരുവനന്തപുരം ബിജെപിയെ പിന്തുണക്കുന്നു. ഇക്കുറി ബിജെപി സ്ഥാനാർഥികളെ പാര്‍ലമെന്റിലേക്ക് അയക്കണമെന്നും മോദി അഭ്യർഥിച്ചു.

രാത്രി എട്ടിന് എത്തുമെന്ന് അറിയിച്ച പ്രധാനമന്ത്രി ഒരു മണിക്കൂര്‍ വൈകിയാണ് വന്നത്. മലയാളത്തില്‍ പ്രസംഗം തുടങ്ങിയ അദ്ദേഹം ശ്രീ നാരായണഗുരു, അയ്യാ വൈകുണ്ഠസ്വാമി, സ്വാതിതിരുനാള്‍, വക്കം മൗലവി എന്നിവരെ അനുസ്മരിച്ചു. ഇംഗ്ലിഷിലും ഹിന്ദിയിലും മാറി മാറി നടത്തിയ പ്രസംഗം വി.മുരളീധരന്‍ എംപി പരിഭാഷപ്പെടുത്തി. തിരുവനന്തപുരം സ്ഥാനാർഥി കുമ്മനം രാജശേഖരന്‍, ആറ്റിങ്ങലില്‍ മത്സരിക്കുന്ന ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പ്രചരണാർഥം എത്തിയ മോദി രാത്രി തന്നെ ആന്ധ്രയിലേക്ക് മടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു കേരളത്തിൽ മോദിയുടെ നാലാമത്തെ പരിപാടിയാണിത്.

∙ എൻഡിഎയ്ക്കും ബിജെപിക്കുമുള്ള ഓരോ വോട്ടും നരേന്ദ്ര മോദി സർക്കാരിനുള്ള വോട്ടാണ്

∙ കരുത്തുള്ള സർക്കാരിനു മാത്രമേ 125 കോടി ജനങ്ങളെ സംരക്ഷിക്കാനാവൂ. അതിനു ശക്തനായ കാവൽക്കാരൻ വേണം

∙ സേനയോടുള്ള ആദരവ് രാജ്യത്തിന്റെ ആദരവാണ്. എന്നാൽ‌ പണമെടുക്കാനുള്ള എടിഎം മെഷീൻ ആയാണു പ്രതിരോധ മന്ത്രാലയത്തെ കോൺഗ്രസ് കണ്ടത്.

∙ പാക്കിസ്ഥാന്റെ ഉള്ളിൽ കടന്ന് സർജിക്കൽ സ്ട്രൈക്കും വ്യോമാക്രമണവും നടത്താൻ ഇന്നു സേനയ്ക്കു സാധിക്കുന്നു. എന്നാൽ  കോൺഗ്രസുകാരും പ്രതിക്ഷവും സൈന്യത്തെ അപമാനിക്കുന്നു.

∙ മധ്യവർഗത്തെ ലക്ഷ്യമിട്ട് ഇതുവരെ കേന്ദ്ര സർക്കാർ ആദായനികുതി കൂട്ടിയിട്ടില്ല. എന്നാൽ, കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മധ്യവർഗത്തെ കുറിച്ചു പരാമർശമില്ല. 

∙ സ്വന്തം ജീവൻപോലും അവഗണിച്ച് പ്രളയസമയത്ത് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികൾ. ഇവരാണ് നമ്മുടെ സഹോദരങ്ങൾ, യഥാർഥ കാവൽക്കാർ

∙ എൽഡിഎഫ് സർക്കാരിന് ഒരു നിമിഷം പോലും ഭരണത്തിൽ തുടരാൻ അർഹതയില്ല.

∙ പ്രളയദുരിതത്തിനു സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണു കാരണമെന്നു റിപ്പോർട്ട് വന്നിരിക്കുന്നു

∙ വിശ്വാസത്തിന്റെ കാര്യത്തിൽ ബിജെപിയുടേതു വ്യക്തമായ നിലപാടാണ്. പക്ഷേ അപകടകരമായ ഇരട്ടത്താപ്പാണു കോൺഗ്രസിന്റേത്

∙ മേയ് 23ന് ഫലം വരുമ്പോൾ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും. അപ്പോൾ എല്ലാ വേദികളിലും കേരളത്തിലെ വിശ്വാസ സംരക്ഷണത്തിനായി ബിജെപി സർക്കാർ നിലപാടെടുക്കും

∙  അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഓരോ കുഞ്ഞും ഇതിനായി രംഗത്തുവരും

∙ അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും കമ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുന്നില്ല. ഈശ്വരന്റെ പേര് ഉച്ചരിക്കാൻ പോലും സാധിക്കുന്നില്ല. ഈശ്വരന്റെ പേരുച്ചരിച്ചാൽ‌ കള്ളക്കേസിൽ കുടുക്കുന്നു. ലാത്തിച്ചാർജ് നടത്തുന്നു

∙ അമേത്തിയിൽ കഴിഞ്ഞകാലങ്ങളിൽ എന്തു സംഭവിച്ചെന്നു മൊബൈലിലൂടെ കേരളീയർക്കു മനസ്സിലാക്കാനാകും

∙ ഇതു ദക്ഷിണേന്ത്യക്കുള്ള സന്ദേശമല്ല. കോൺഗ്രസിന്റെ പ്രീണന നയത്തിന്റെയും ആദർശത്തിന്റെയും ഭാഗമാണ്. അമേത്തിയിലെ വികസനത്തിന്റെ കാഴ്ചപ്പാടുമായാണു വയനാട്ടിലേക്കു വന്നിരിക്കുന്നത്

∙ ദക്ഷിണേന്ത്യക്ക് സന്ദേശം നൽകാനാണു രാഹുൽ വയനാട് മൽസരിക്കുന്നത് എന്നാണു കോൺഗ്രസ് പറയുന്നത്. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മൽസരിച്ച് സന്ദേശം നൽകാമായിരുന്നില്ലേ?

∙ കോൺഗ്രസ് അധ്യക്ഷന് മൽസരിക്കാൻ വയനാട് വരേണ്ടി വന്നു

∙ കേരളത്തിൽ പരസ്പരം എതിർക്കുന്നവർ (ഗുസ്തി) പിടിക്കുന്നവർ ഡൽഹിയിൽ നല്ല ചങ്ങാത്തത്തിലാണ് (ദോസ്തി)

∙ അവസരവാദത്തിന്റെ പ്രത്യയശാസ്ത്രമാണു കോൺഗ്രസും കമ്യൂണിസ്റ്റുകാരും കേരളത്തിൽ പിന്തുടരുന്നത്

∙ കേരളത്തിലെ കോൺഗ്രസ്–കമ്യൂണിസ്്റ്റുകാരുടെ കൊലപാതക രാഷ്ട്രീയത്തിൽ ആയിരത്തിലധികം ബിജെപിക്കാർക്കാണു ജീവൻ നഷ്ടപ്പെട്ടത്.

∙ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും കേരളത്തിലെ ജനങ്ങളുടെ സാഹോദര്യത്തെ തകർത്തു

∙ നമ്പി നാരായണനോടു ചെയ്ത ദ്രോഹത്തിന് ആർക്കെങ്കിലും ക്ഷമിക്കാനാകുമോ? ഇതാണു തീരുമാനങ്ങൾ എടുക്കുന്നവരുടെ സർക്കാരും വാഗ്ദാനങ്ങൾ നൽകുന്നവരുടെ സർക്കാരും തമ്മിലുള്ള വ്യത്യാസം

∙ കേരളത്തിലെ പ്രശസ്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കോൺഗ്രസ് ഏതെല്ലാം തരത്തിൽ ഉപദ്രവിച്ചെന്നു കണ്ടതാണ്

∙ ഇന്ത്യയുടെ എല്ലാവിധ ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് അനുവാദം നൽകിയിട്ടുണ്ട്

∙ ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവൽക്കാരൻ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും

∙ മൊബൈൽ തൊട്ട് മിസൈൽ വരെ ബഹിരാകാശത്തുനിന്നു നിയന്ത്രിക്കാനാകും.

∙ കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും ഇന്ന് ഇന്ത്യ സുരക്ഷിതം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ആര്‍ക്കൊപ്പം, വോട്ടർമാര്‍ സംസാരിക്കുന്നു

English Summary: PM Narendra Modi Address BJP workers at Trivandrum, Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com