ADVERTISEMENT

ചണ്ഡിഗഡ്∙ സ്ത്രീകൾക്കു മാത്രമായി പ്രത്യേകം ബൂത്തുകൾ സജ്ജീകരിക്കാൻ നിർദേശം നൽകി ഹരിയാന ഇലക്‌ഷൻ കമ്മീഷൻ. സമ്മതിദാനാവകാശം വിനിയോഗിക്കാൻ സ്ത്രീവോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. സഖി മത്ദാൻ കേന്ദ്ര എന്ന പേരിലായിരിക്കും ഈ പ്രത്യേക ബൂത്തുകൾ അറിയപ്പെടുക. ഇത്തരം ബൂത്തുകളുടെ ചുമതലയും വനിതകൾക്കായിരിക്കും. 

പെൺഭ്രൂണഹത്യ മൂലം രാജ്യത്ത് ഏറ്റവും കുറവ് സ്ത്രീ–പുരുഷ അനുപാതം നിലനിൽക്കുന്ന സംസ്ഥാനമാണു ഹരിയാന. കണക്കുകൾ പ്രകാരം 1000 പുരുഷൻമാർക്ക് 877 സ്ത്രീകൾ എന്നതാണ് ഇവിടുത്തെ നില. തല മറയ്ക്കാതെ പുറത്തിറങ്ങാൻ ഹരിയാനയിലെ ഗ്രാമീണപ്രദേശങ്ങളിൽ ഇപ്പോഴും സ്ത്രീകൾക്കു ഭയമാണ്. അത്തരം സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ ആളുകൾ മടിക്കില്ല. ഈയൊരു സാഹചര്യത്തിലാണ് ഹരിയാനയിലെ വനിതാ ബൂത്തുകൾ പ്രാധാന്യമർഹിക്കുന്നത്.

ഖാപ് പഞ്ചായത്തുകളും പുരുഷാധിപത്യ വ്യവസ്ഥയും കൊടികുത്തി വാഴുന്ന ഹരിയാനയിൽ, സ്ത്രീകളെ വോട്ടു ചെയ്യാനെങ്കിലും വീടുകളിൽനിന്നു പുറത്തെത്തിക്കുന്നത് ശ്രമകരമായ പ്രവൃത്തിയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ സ്ത്രീകൾക്കിടയിൽ പ്രത്യേകം ബോധവൽകരണ ക്ലാസുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘടിപ്പിക്കുന്നുണ്ട്. 

വനിതാ ബൂത്തുകൾക്കു പുറമെ, സാധാരണ ബൂത്തുകളിലും സ്ത്രീകൾക്കു പ്രത്യേക പരിഗണന നൽകണമെന്നാണു നിർദേശം. സ്ത്രീകൾക്കുള്ള വരിയിൽ പതിനഞ്ചിലധികം പേരുണ്ടെങ്കിൽ, ഒരു പുരുഷൻ വോട്ടു ചെയ്തതിനു ശേഷം രണ്ടു സ്ത്രീകൾക്ക് അവസരം നൽകണം. കൂടാതെ, ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്കും മുൻഗണന നൽകണമെന്നും നിർദേശമുണ്ട്.

ഹരിയാനയിലെ വനിതാ ബൂത്തുകളുടെ മാതൃകയിൽ ഡൽഹിയിലും 'പിങ്ക് ബൂത്തുകൾ' സജ്ജീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കമ്മിഷന്റെ കണക്കുകൾ പ്രകാരം 1.61 കോടി സ്ത്രീ വോട്ടർമാരാണ് ഹരിയാനയിലുള്ളത്. 

മേയ് 12നാണു ഹരിയാനയിലെ 10 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. നിലവിൽ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികളിൽ മൂന്നു സ്ത്രീകളാണു ഹരിയാനയിൽ ജനവിധി തേടുന്നത്. മുൻ കേന്ദ്രമന്ത്രി കുമാരി സെൽജയും മുൻ ഭീവാനി മഹേന്ദർഗഡ് എംപി ശ്രുതി ചൗധരിയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമ്പോൾ ബിജെപിയുടെ വനിതാ സ്ഥാനാർത്ഥി സുനിത ദഗ്ഗളാണ്. സിസ്രയിൽ നിന്നാണ് സുനിത ജനവിധി തേടുന്നത്. ഇന്ത്യൻ റവന്യൂ സർവീസിലായിരുന്ന സുനിത കടുത്ത മോദി അനുയായി ആണ്.

മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ കൊച്ചുമകളാണ് കോൺഗ്രസ് സ്ഥാനാർഥിയായ ശ്രുതി ചൗധരി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായിരുന്ന ചൗധരി ദൽബീർ സിങ്ങിന്റെ മകളാണ് അംബാലയിൽ നിന്നു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി കുമാരി സെൽജ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com