ADVERTISEMENT

തിരുവനന്തപുരം ∙ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരം പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ വ്യക്തമാക്കിയതോടെ കേസുവിവരങ്ങൾ പരസ്യമാക്കി സ്ഥാനാർഥികൾ.

സംസ്ഥാനത്തെ സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ഉള്ളത് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനാണ്. 240 കേസുകളാണ് സുരേന്ദ്രന്റെ പേരിൽ. ബിജെപി മുഖപത്രമായ ജന്മഭൂമിയിലാണ് ഇതു വെളിപ്പെടുത്തി സുരേന്ദ്രൻ പരസ്യം നൽകിയത്. ജന്മഭൂമിയുടെ നാലുപേജുകൾ സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങൾ നൽകാനുള്ള പരസ്യത്തിനായി നീക്കി വച്ചു.

വടകരയങ്കത്തിൽ ആര്? വോട്ട് ഓൺവീൽസ് വിഡിയോ കാണാം

വധശ്രമം, കലാപശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കെ. സുരേന്ദ്രനെതിരെയുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സുരേന്ദ്രനെതിരെ കേസുണ്ട്. കാസർകോട് 33, കണ്ണൂർ 1, കോഴിക്കോട് 2, വയനാട് 1, മലപ്പുറം 1, തൃശ്ശൂർ 6, എറണാകുളം 13, ഇടുക്കി 16, ആലപ്പുഴ 55, കോട്ടയം 8, പത്തനംതിട്ട 31, കൊല്ലം 68, തിരുവനന്തപുരത്ത് 5, പാലക്കാട് 1 എന്നിങ്ങനെയാണ് സുരേന്ദ്രനെതിരായ കേസുകളുടെ എണ്ണം.

അതേസമയം, ഒൻപത് ഇടതു സ്ഥാനാർഥികളുടെ കേസുവിവരങ്ങൾ അടങ്ങുന്ന പട്ടിക വെളളിയാഴ്ച ദേശാഭിമാനി പരസ്യമാക്കി പ്രസിദ്ധീകരിച്ചു. 11 കേസുകൾ ഉള്ള വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനാണ് കേസെണ്ണത്തിൽ മുന്നിൽ. പത്തു കേസുകളുമായി കണ്ണൂരിലെ സിപിഎം സ്ഥാനാർഥി പി.കെ.ശ്രീമതിയാണ് തൊട്ടുപിന്നിൽ. കോണ്‍ഗ്രസിന്റെ ഇടുക്കി സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെതിരെ 109, ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ 40, കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെതിരെ 17 കേസുകളാണ് ഉള്ളത്.

പത്തനംതിട്ടയിലെ പോരാട്ടം, വോട്ട് ഓൺ വീൽസ് വിഡിയോ കാണാം

കേസുകളുടെ കണക്കെടുത്താൽ കോട്ടയത്തെ ഇടതുവലതു മുന്നണി സ്ഥാനാർഥികളാണ് ഭാഗ്യവാന്മാർ. ഇടതുസ്ഥാനാർഥി വി.എൻ.വാസവനും യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനും എതിരെ കേസുകൾ നിലവിലില്ല. ഇവിടെ എൻഡ‍ിഎ സ്ഥാനാർഥിയായ പി.സി.തോമസിനെതിരെ രണ്ടു കേസാണുള്ളത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശംപാലിച്ച് അദ്ദേഹം ഇതിനകം ഇത് സംബന്ധിച്ച് പത്രപരസ്യവും നൽകി.

പരസ്യം മൂന്നു ദിവസങ്ങളിൽ, ടിവിയിലും നൽകാം

നിശ്ചിത ഫോർമാറ്റിൽ പ്രദേശത്തെ പ്രധാനപ്പെട്ട പത്രങ്ങളിൽ കുറഞ്ഞത് മൂന്ന് വ്യത്യസ്ത ദിവസങ്ങളിലും, പ്രധാന ടിവി ചാനലുകളിൽ മൂന്ന് വ്യത്യസ്ത ദിവസങ്ങളിലും പരസ്യം നൽകണം. അതത് പാർലമെൻറ് മണ്ഡലത്തിൽ പ്രചാരമുള്ള പ്രമുഖ പത്രങ്ങളിലാണ് പരസ്യം നൽകേണ്ടത്. പത്രപരസ്യം കുറഞ്ഞത് 12 പോയിൻറ് ഫോണ്ട് സൈസിലായിരിക്കണം. ശ്രദ്ധിക്കുന്നതും വ്യക്തമായി കാണാവുന്നതുമായ രീതിയിലായിരിക്കണം പരസ്യം.

അച്ചടിരേഖ ടിവിയിൽ വായിക്കാനാകുംവിധമുള്ള നിശ്ചിത ഫോണ്ട് സൈസ് ടിവി പരസ്യത്തിൽ ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത് ഏഴു സെക്കന്റെങ്കിലും വേണം. ടി.വിയിൽ രാവിലെ എട്ടിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്. ഇംഗ്‌ളിഷിലോ പ്രാദേശിക ഭാഷയിലോ പരസ്യം നൽകാം. ഏപ്രിൽ 21 വരെയുള്ള പത്രങ്ങളിലും, എപ്രിൽ 21 ന് വൈകിട്ട് ആറുവരെ ടിവി ചാനലുകളിലും പരസ്യം നൽകാം.

വടകര ആർക്കൊപ്പം നിൽക്കും? എന്റോട്ട് എങ്ങോട്ട് വിഡിയോ കാണാം

ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ് സ്ഥാനാർഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തും. രാഷ്ട്രീയ കക്ഷി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെ കണക്കിൽപെടുത്തും. സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും നിർദ്ദിഷ്ട സി 4, സി 5 ഫോർമാറ്റിലെ ഫോറത്തിലാണ് പരസ്യപ്പെടുത്തേണ്ടത്. ഇത് തെറ്റില്ലാതെ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പരസ്യപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഹർജികളും കോടതിയലക്ഷ്യവുമുൾപ്പെടെയുള്ള കേസുകൾക്ക് പരിഗണിക്കാൻ കാരണമാകും.

കഴിഞ്ഞവർഷം സെപ്റ്റബർ ഒൻപതിന് സുപ്രീം കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം നൽകിയത്. സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിക്കുമ്പോൾ പരസ്യം നൽകേണ്ട കാര്യം ഓർമിപ്പിച്ചു വരണാധികാരി സി 3 ഫോം നൽകും. പാർട്ടി, അല്ലെങ്കിൽ സംഘടന, മണ്ഡലം, കേ‍ാടതി, കേസ് ഏതു നിയമ പ്രകാരം, അതിന്റെ വകുപ്പ്, ശിക്ഷിക്കപ്പെട്ടെങ്കിൽ അതുസംബന്ധിച്ച മുഴുവൻ കാര്യങ്ങളും ശിക്ഷാ കാലാവധി എന്നിവ പരസ്യത്തിൽ ഉണ്ടാകണം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതിക്കു ശേഷം വോട്ടെടുപ്പിനു രണ്ടു ദിവസം മുൻപായി നടപടി പൂർത്തിയാക്കണം. ദൃശ്യമാധ്യമങ്ങളിൽ വോട്ടെടുപ്പിനു 48 മണിക്കൂർ മുൻപുവരെ പരസ്യം ചെയ്യാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്സൈറ്റിലും ഇതു നൽകിയിരിക്കണം എന്നാണ് നിബന്ധന.

വോട്ടർമാരുടെ ചോദ്യങ്ങൾക്ക് സ്ഥാനാർഥികളുടെ മറുപടി, സ്ഥാനാർഥിയോട് വിഡ‍ിയോ കാണാം

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പട്ടികയനുസരിച്ചു പ്രചാരമുള്ള ഒരു പത്രത്തിൽ വായനക്കാർ ശ്രദ്ധിക്കുന്ന സ്ഥലത്തു 3 തവണ പ്രസിദ്ധീകരിച്ച് അതിന്റെ രേഖകൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനാണു നിർദേശം. ഒരു പ്രധാന ദൃശ്യമാധ്യമത്തിലും 3 തവണ പരസ്യം ചെയ്യണം. ഇതിന്റെ ചെലവു തിരഞ്ഞെടുപ്പു പ്രചാരണ വകയിൽ ഉൾപ്പെടുത്താം. വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായരീതിയിൽ പ്രതിപാദിക്കുകയും ചെയ്യുന്നതു ശക്തമായ നടപടിക്ക് ഇടയാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com