ADVERTISEMENT

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തള്ളി, ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരനെന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. 'എന്റെ പൊലീസ് ജീവിതം' എന്ന സര്‍വീസ് സ്റ്റോറിയിലാണ് നിലപാട് ആവര്‍ത്തിക്കുന്നത്. വിതുര പീഡനക്കേസില്‍ ഒരു പ്രതിയെ ഒഴിവാക്കാന്‍ ഇടതു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ്, ജേക്കബ് തോമസ് ഉൾപ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണു പുസ്തകത്തിൽ.

നമ്പി നാരായണന്‍ കുറ്റവിമുക്തനല്ലെന്നും പത്മ പുരസ്കാരം നല്‍കിയതു തെറ്റെന്നും സെന്‍കുമാര്‍ നേരത്തേ നിലപാടെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പൊതുയോഗത്തില്‍ ബിജെപി അനുഭാവമുള്ള സെന്‍കുമാറിനെ വേദിയിലിരുത്തി, നമ്പി നാരായണന്‍ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളെന്നു മോദി പ്രസംഗിച്ചു.

എന്നാല്‍, നമ്പി നാരായണന്‍ പീഡിതന്റെ വേഷം അണിഞ്ഞയാളെന്നും സത്യം പുറത്തുവരുമെന്നും വ്യക്തമാക്കുകയാണു സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയിലൂടെ. മറിയം റഷീദയുമായുള്ള ബന്ധം എന്താണെന്നതടക്കം നമ്പി നാരായണനോട് ഒട്ടേറെ ചോദ്യങ്ങളുമുണ്ട്. വിതുര പീഡനക്കേസിലാണ് മറ്റൊരു വെളിപ്പെടുത്തല്‍. 1996ല്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് എജിയായിരുന്ന എം.കെ.ദാമോദരന്‍ ഒരു പ്രതിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നാണു പുസ്തകത്തിൽ പറയുന്നത്.

പ്രമുഖ ഐപിഎസുകാര്‍ക്കെതിരെ കുറ്റപ്പെടുത്തലുകളുമുണ്ട്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സിപിഎം കണ്ണൂര്‍ ലോബിയോട് പ്രതിബദ്ധതയുള്ളയാളാണ്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പണി അറിയില്ല. നിഗൂഡത നിറഞ്ഞ ജേക്കബ് തോമസാണ് തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍. ഋഷിരാജ് സിങിനു പബ്ളിസിറ്റി പ്രേമമാണ്. താന്‍ വീണ്ടും ഡിജിപിയാകാതിരിക്കാന്‍ പരമാവധി ശ്രമിച്ചയാളാണ് ബെഹ്റ. പെരുമ്പാവൂര്‍ ജിഷ കേസ്, സിപിഎം സ്പോണ്‍സേര്‍ഡ് കൊലയെന്ന് സംശയിക്കുന്നതായി എഡിജിപിയായ വനിത ഉദ്യോഗസ്ഥ പറഞ്ഞെന്നും പുസ്തകത്തില്‍ സെൻകുമാർ വെളിപ്പടുത്തുന്നു.

English Summary: Former DGP TP Senkumar against Narendra Modi on Nambi Narayanan case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com