ADVERTISEMENT

കൊച്ചി∙ അന്തർ സംസ്ഥാന ബസ് സർവീസ് നടത്തുന്ന സുരേഷ്‌ കല്ലട കമ്പനിയുടെ അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംക്‌ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം ഇവരെ വെറുതെ വിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.

സുരേഷ് കല്ലടയുടെ ബസിനുള്ളിൽ നടന്നതിലും വലിയ ക്രൂരതയാണ് പുറത്തുനടന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു. പുലർച്ചെ നാലേകാലോടെയാണ് എം.സച്ചിൻ, മുഹമ്മദ് അഷ്കർ എന്നീ യുവാക്കളെ ബസിൽനിന്ന് വലിച്ചിഴച്ചു പുറത്തിറക്കുന്നത്. പിന്നെ മുക്കാൽ മണിക്കൂറോളം ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് ഇവരെ തല്ലിച്ചതയ്ക്കുകയായിരുന്നു. സുരേഷ് കല്ലട ഓഫിസ് മുതൽ വൈറ്റില ജംക്‌ഷൻ‌ വരെയുള്ള ഏതാണ്ട് 500 മീറ്ററോളം യുവാക്കളെ ഓടിച്ചിട്ടടിച്ചു. രക്ഷപെടാൻ രണ്ടുപേരും വഴിപിരിഞ്ഞോടി. പക്ഷെ വഴിയിൽ കുഴഞ്ഞുവീണ സച്ചിനെ വീണ്ടും അക്രമിസംഘം തേടിപ്പിടിച്ചു.

തറയിൽ കുത്തിയിരുന്ന് പലവട്ടം സച്ചിൻ കൈകൂപ്പുന്നത് വിഡിയോയിൽ കാണാം. പിന്നെ തല്ലരുതെന്നു കാൽപിടിച്ചും അപേക്ഷിക്കുന്നുണ്ട്. എന്നാൽ കരുണയില്ലാതെ അക്രമിസംഘം നിലത്തിട്ട് ചവിട്ടുന്നതോടെ തലയിടിച്ച് സച്ചിൻ പിന്നിലേക്ക് മറിയുന്നതാണു ദൃശ്യങ്ങളിൽ‍. ഈ സമയമെല്ലാം അടിക്കാൻ പാകത്തിൽ ബിയർ കുപ്പിയും കയ്യിൽ തൂക്കിപ്പിടിച്ച് ഒരാൾ സ്ഥലത്ത് തന്നെയുണ്ട്. അഞ്ചു മിനിറ്റോളം ഇങ്ങനെ തുടർന്ന ശേഷം സ്ഥലത്ത് ക്യാമറകളുണ്ടെന്ന് തിരിച്ചറിഞ്ഞ സംഘം സച്ചിനെ വലിച്ചിഴച്ച് മറ്റെവിടേക്കോ മാറ്റാൻ ശ്രമിക്കുന്നു. ഇതിനിടയിൽ കുതറിയോടാൻ ശ്രമിച്ച സച്ചിനെ വീണ്ടും വരുതിയിലാക്കാൻ അക്രമികളിലൊരാൾ നോക്കിയെങ്കിലും സച്ചിൻ രക്ഷപെട്ട് ഓടുകയായിരുന്നു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നുള്ള വിഷ്ണു, കൊല്ലം ശൂരനാടുകാരൻ രാജേഷ്, മൺട്രോതുരുത്തിൽ നിന്നുള്ള ഗിരിലാൽ, കോയമ്പത്തൂർകാരൻ കുമാര്‍, കാരയ്ക്കൽ നിന്നുള്ള അൻവറുദീൻ തൃശൂർ കൊടകരയിൽ നിന്നുള്ള ജിതിൻ, ആറ്റിങ്ങൽകാരന്‍ ജയേഷ് എന്നിവരാണു സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത്. കൂടുതൽ പേർക്ക് ഇതുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

English Summary: Visuals of assault by Suresh Kallada bus workers out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com