ADVERTISEMENT

കൊച്ചി ∙ ഡബ്ല്യുസിസിയുടെ (വിമൻ ഇൻ സിനിമാ കലക്ടീവ്) കഴിഞ്ഞ രണ്ടു വർഷത്തെ പോരാട്ടം സിനിമാമേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെന്ന് മന്ത്രി കെ.കെ.ശൈലജ. മലയാള സിനിമാ മേഖലയിലെ സ്ത്രീ ശബ്ദമായ ഡബ്ല്യുസിസിയുടെ രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിവിധ മേഖലകളിൽനിന്ന് ഒരേസമയം പോരാടിയാൽ മാത്രമേ സ്ത്രീപക്ഷ മുന്നേറ്റങ്ങൾ വിജയം കാണൂ. ഇത്തരം സംഘടനകളെ മുളയിലേ നുള്ളിക്കളയാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഡബ്ല്യുസിസിക്കെതിരെയും അത്തരം ശ്രമങ്ങളുണ്ടായി. പിടിച്ചുനിൽക്കാനാവാതെ ഇവരും പൂട്ടിപ്പോകാനാണു സാധ്യതയെന്ന് ആശങ്കപ്പെട്ടിരുന്നു.

എന്നാൽ എല്ലാ എതിർപ്പുകളും അതിജീവിച്ച് ഇവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചിരിക്കുന്നു. പഴയകാല തിന്മകൾ തിരിച്ചുവരുന്നതിനൊപ്പം ആധുനികാലത്തിന്റെ സവിശേഷതകളായ ചില തിന്മകളും സമൂഹത്തിലേക്കു കടന്നുവരുന്നു. ഇതിനു രണ്ടിനുമെതിരായ പോരാട്ടമാണു സ്ത്രീകൾക്ക് നടത്താനുള്ളത്. ലിംഗനീതി ഉൾപ്പടെ ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.

ആർത്തവം അശുദ്ധമാണെന്നു പ്രചരിപ്പിക്കുന്നതായിരുന്നു അടുത്തകാലത്തു കണ്ട സ്ത്രീവിരുദ്ധത. ഇതു തിരഞ്ഞെടുപ്പിൽ ആയുധമാക്കരുതെന്ന കർശന നിർദേശവുമുണ്ടായിരുന്നു. എന്നാൽ ആരെല്ലാം ഇതിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഇപ്പോൾ പറയാനാവില്ല. കുട്ടികൾക്കെതിരായ അതിക്രമം വ്യാപകമായ സാഹചര്യത്തിൽ അതിനെതിരായ ബോധവൽക്കരണപദ്ധതിക്കു സർക്കാർ തുടക്കമിടും. സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന നിർദേശം വൈകാതെ പൂർണമായി നടപ്പാക്കും– മന്ത്രി പറഞ്ഞു.

താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്കു മുന്നിൽ ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി അധ്യക്ഷത വഹിച്ച നടി രേവതി പറഞ്ഞു. ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ല. പ്രശ്നങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി. ഡബ്ല്യുസിസിയുടെ വെബ്സൈറ്റ് കെ.കെ.ശൈലജ പ്രകാശനം ചെയ്തു. സംവിധായകൻ പാ രഞ്ജിത്, സ്വര ഭാസ്കർ, ഡോ. ബിജു, ശ്യാം പുഷ്കരൻ, ആശ അച്ചി ജോസഫ്, വിധു വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary: WCC celebrates second anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com