ADVERTISEMENT

തിരുവനന്തപുരം ∙ അന്തർ സംസ്ഥാന സര്‍വീസുകളില്‍ കോയമ്പത്തൂര്‍ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് ഒരു ദിശയിലേക്കു മാത്രം റിസര്‍വേഷന്‍ നല്‍കി കെഎസ്ആര്‍ടിസിയുടെ ദ്രോഹം. മടക്കയാത്രയ്ക്കു റിസര്‍വേഷന്‍ എടുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. സ്വകാര്യബസ് കമ്പനികളും കെഎസ്ആര്‍ടിസിയിലെ ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നാണ് ആരോപണം. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രിക്കു പരാതി ലഭിച്ചു.

തമിഴ്നാട്ടിലേക്കു കെഎസ്ആർടിസി സർവീസുകൾ നടത്തുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ കോയമ്പത്തൂർ, പഴനി, മധുര, ഊട്ടി, കന്യാകുമാരി, നാഗർകോവിൽ, തെങ്കാശി, തിരുനെൽവേലി എന്നിവയാണ്. ഇതിൽ കോയമ്പത്തൂർ ഒഴികെയുള്ള സ്ഥലങ്ങളിലേക്കുള്ള സർവീസുകളിൽ തിരിച്ചുള്ള യാത്രയ്ക്കു റിസർവേഷൻ സൗകര്യമില്ല. അതിനാൽ ഇതര സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളെയും സ്വകാര്യ ബസുകളെയുമാണു യാത്രക്കാര്‍ ആശ്രയിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിൽനിന്നു തിരിച്ചുള്ള ട്രിപ്പുകൾക്കു ചാർട്ട് എടുക്കാൻ കൗണ്ടർ ലഭ്യമല്ലെന്ന പരാതിക്കു യാത്രക്കാര്‍തന്നെ പ്രതിവിധി നിര്‍ദേശിക്കുന്നു. കൗണ്ടർ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഇന്റർനെറ്റ് കഫേകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, മറ്റു സ്ഥാപനങ്ങളിൽ എന്നിവിടങ്ങളില്‍നിന്നു പത്തു രൂപ നൽകി ചാർട്ട് എടുക്കാറുണ്ട്. കൊല്ലൂർ പോലുള്ള സ്ഥലങ്ങൾ ഉദാഹരണം.

അല്ലെങ്കിൽ ഹോം ഡിപ്പോകളില്‍നിന്നു ചാർട്ടിന്റെ കോപ്പി കണ്ടക്ടർക്കു വാട്ട്സാപ് ചെയ്തു നൽകാം. ഇങ്ങനെ സർവീസ് നടത്തുന്ന ബസുകൾ കെഎസ്ആർടിസിക്കുണ്ട്. എല്ലാ ജില്ലകളിൽനിന്നും അന്തർസംസ്ഥാന സർവീസുകൾ ഉണ്ടെന്നിരിക്കെ, ഒരു ജില്ലയ്ക്ക് ഒരു അന്തർ സംസ്ഥാന സ്പെയർ ബസ് അനുവദിച്ചാൽ സർവീസ് ഓപ്പറേഷൻ സുഗമമാകുമെന്നും യാത്രക്കാര്‍ പറയുന്നു.

ചങ്ങനാശ്ശേരി - വേളാങ്കണ്ണി

വേളാങ്കണ്ണിയിലേക്കുള്ള കെഎസ്ആർടിസിയുടെ ഏക സർവീസ്. കേരളത്തിൽനിന്നു വേളാങ്കണ്ണിയിലേക്കു ദിവസവും നിരവധി യാത്രക്കാർ ബുക്ക് ചെയ്തു യാത്ര ചെയ്യുന്നു. തിരിച്ചുള്ള യാത്രയ്ക്കു ബസ് വരുമ്പോൾ ചാടിക്കയറി സീറ്റു പിടിക്കേണ്ട അവസ്ഥ. ഈ തിരക്കൊഴിവാക്കാന്‍ പലരും തമിഴ്നാട് ട്രാൻസ്പോർട്ടിന്റെ ബസുകളിലും സ്വകാര്യ ബസുകളിലും മുൻകൂട്ടി സീറ്റ് ബുക്കു ചെയ്യേണ്ട സ്ഥിതി.

മധുര

കേരളത്തിൽനിന്നു മധുരയിലേക്ക് 4 കെഎസ്ആർടിസി സർവീസുകൾ ഉണ്ട്. ഇതിൽ മൂന്നെണ്ണത്തിനു മധുരയിലേക്കു ബുക്കിങ് സൗകര്യമുണ്ട്. എന്നാൽ മധുരയിൽനിന്നു തിരിച്ച് ഒരു വണ്ടിക്കു പോലും ബുക്കിങ് സൗകര്യമില്ല. മധുരയിൽനിന്നു റിസർവേഷൻ സൗകര്യത്തോടെ കേരളത്തിലേക്കു ദിവസവും സര്‍വീസ് നടത്തുന്നത് പത്തോളം സ്വകാര്യ ബസുകളും ഇതര സംസ്ഥാന സര്‍ക്കാരുകളുടെ 13 ബസുകളും.

തിരുനെൽവേലി

കെഎസ്ആർടിസിക്ക് തിരുനെൽവേലിയിലേക്കു സർവീസ് ഉണ്ടെന്നു വെബ്സൈറ്റില്‍പോലും ഇല്ല.

ഊട്ടി

റിസര്‍വേഷന്‍ സൈറ്റില്‍ ഊട്ടിയിലേക്കു ബസില്ല. എന്നാൽ കെഎസ്ആർടിസിക്ക് ഊട്ടിയിലേക്കു മൂന്നു സർവീസുകളുണ്ട്. കണ്ണൂർ, മലപ്പുറം, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽനിന്നാണ് സര്‍വീസ്. ഇരുഭാഗത്തേക്കുമുള്ള സര്‍വീസുകള്‍ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയാല്‍ ലാഭം കെഎസ്ആര്‍ടിസിക്ക്.

പഴനി

പഴനി - ചേർത്തല സൂപ്പര്‍ ഫാസ്റ്റ് ഒഴികെ മറ്റൊരു സർവീസിനും പഴനിയിൽനിന്നു കേരളത്തിലേക്കു ബുക്കിങ് സൗകര്യമില്ല. ചേർത്തലയ്ക്കു തെക്കോട്ടുളള നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പഴനി - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിനും ബുക്കിങ് സൗകര്യമില്ല.‌

ഉഡുപ്പി (കർണാടകം)

കേരളത്തിൽനിന്ന് കർണാടകയിലെ കൊല്ലൂർ മൂകാംബികയിലേക്കു സർവീസ് നടത്തുന്ന ബസുകൾക്ക് ഉഡുപ്പിയിൽ പിക്ക് അപ്പ് / ഡ്രോപ്പ് ഓഫ് പോയിന്റ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ഉഡുപ്പിയിൽ കെഎസ്ആർടിസിക്കു ഫെയർ നിലവിൽ ഉണ്ടെങ്കിലും ഉഡുപ്പിയിൽനിന്ന് ഓൺലൈനായി ബുക്ക് ചെയ്യാന്‍ സംവിധാനമില്ല.

English Summary: KSRTC Interstate Bookings, Reservations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com