ADVERTISEMENT

ന്യൂഡൽഹി∙ ഒഡീഷയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിനെത്തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. കർണാടക കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെയാണു സസ്െപൻഡ് ചെയ്തത്. എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം പാലിച്ചില്ലെന്ന കാരണം പറഞ്ഞാണു കർണാടക പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് സെക്രട്ടറിയായ മുഹ്സിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ ഇതിനെതിരെ മുഹ്സിൻ നൽകിയ പരാതിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി) ഈ സസ്പെൻഷൻ നടപടി സ്റ്റേ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ നടപടി റദ്ദാക്കി കമ്മിഷൻ ഉത്തരവ് ഇറക്കിയത്.

സംബൽപുരിലെ ഹെലിപാഡിൽനടന്ന പരിശോധന കാരണം പ്രധാനമന്ത്രിയുടെ യാത്ര 15 മിനിറ്റ് വൈകിയെന്നാണു കമ്മിഷൻ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. സംബൽപുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു മുഹ്സിൻ. എസ്പിജി സുരക്ഷയുള്ളവർക്കു തിര‍ഞ്ഞെടുപ്പു കാലത്തും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിനു തടസ്സമില്ലെന്നു മാത്രമാണു നേരത്തേ കമ്മിഷൻ നിർദേശിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സുരക്ഷയ്ക്കു തടസ്സമുണ്ടാക്കുന്ന നടപടികളില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതുണ്ട്; അതിന്, പരിശോധന പാടില്ലെന്ന് അർഥമില്ല.

സസ്പെൻഷനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരുടെ സ്വകാര്യവാഹനങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും എല്ലാം നിയന്ത്രിക്കാൻ എസ്പിജിക്ക് ആകില്ലെന്നും സിഎടി അധികൃതർ പറഞ്ഞു. മാത്രമല്ല, പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിന്റെ ദൃശ്യങ്ങൾ മുഹ്സിൻ ദൂരെനിന്ന് വിഡിയോ പകർത്തുന്നുണ്ടായിരുന്നുവെന്ന് മോദിയുടെ സുരക്ഷാ സംഘം പറഞ്ഞതും ട്രൈബ്യൂണൽ പ്രത്യേകം പരാമർശിച്ചിരുന്നു.

കർണാടകയിലെ റാലിക്കിടെ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിൽ നിന്നും പെട്ടി കൊണ്ടുപോയതും വിവാദമായിരുന്നു. സസ്പെൻഷൻ റദ്ദാക്കിയതോടെ ഉദ്യോഗസ്ഥനോടു തിരികെ കർണാടക സർക്കാരിൽ ജോലിയിൽ പ്രവേശിക്കാൻ കമ്മിഷൻ നിർദേശിച്ചു. എന്നാൽ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്ന കുറ്റം നിലനിൽക്കും. സംസ്ഥാന സർക്കാരിനോട് ആവശ്യമായ നടപടികളെടുക്കാ‌നും നിർദേശം നൽകി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോ മുഹ്സിനോ പ്രതികരിച്ചിട്ടില്ല.

English Summary: Poll Body Revokes Officer's Suspension Over PM Chopper Row, Wants Action, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com