ADVERTISEMENT

കണ്ണൂർ∙ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നതായി ആരോപിച്ചു കോണ്‍ഗ്രസ് പുറത്തു വിട്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍. കണ്ണൂരിലെ ഭൂരിപക്ഷം ബൂത്തുകളിലും കമ്മിഷന്‍ ക്യാമറ സ്ഥാപിച്ചിരുന്നു. ചില ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പല സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ശേഖരിച്ചതായാണ് വിവരം. മണ്ഡലത്തിലെ സംശയമുള്ള എല്ലാ ബൂത്തുകളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചതിനു ശേഷം മാത്രം വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തോടെ സിപിഎമ്മിനെതിരെ പരാതി നല്‍കാനാണു കോണ്‍ഗ്രസ് നീക്കം. 

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന്റെ അന്നേദിവസം രാത്രി പല പ്രദേശങ്ങളിലും വ്യാപകമായി മഴ പെയ്തിരുന്നു. തൊട്ടുപിന്നാലെ വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തു. എന്നാല്‍ ബോധപൂര്‍വ്വം വൈദ്യുതിബന്ധം പുനഃസ്ഥാപിപ്പിക്കുന്നതു വൈകിച്ച് ഇതിന്റെ മറവില്‍ കള്ളവോട്ടു നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. 

പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തിലെ 774-ാം വോട്ടറായ പത്മിനി രണ്ടു തവണ വോട്ടു ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യം വോട്ടു ചെയ്തശേഷം വിരലില്‍പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടച്ചു മായ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഈ സമയം പോളിങ് ബൂത്തിന്റെ വാതില്‍ അടച്ചിരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

17-ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡംഗം എം.പി. സലീന 19-ാം ബൂത്തില്‍ വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.സലീനയ്ക്കു സിപിഎം ബൂത്ത് ഏജന്റ് തിരിച്ചറിയില്‍ കാര്‍ഡ് കൈമാറുന്നതും, വോട്ടു ചെയ്തശേഷം മടക്കി നല്‍കുന്നതും വ്യക്തമായി കാണാം.

24-ാം ബൂത്തിലെ വോട്ടറായ  ചെറുതാഴം മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19-ാം ബൂത്തില്‍ വോട്ടുചെയ്യുന്നു. വോട്ടറല്ലാത്തവരും ബൂത്തിനുള്ളില്‍ പ്രവേശിച്ചതിന്റെ തെളിവും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂര്‍ 48-ാം ബൂത്തിലും പയ്യന്നൂര്‍ 136-ാം ബൂത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറിയതിന്റെ തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടു. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

English Summary: Allegation of bogus voting in Kasaragod Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com