ADVERTISEMENT

മുംബൈ ∙ മുംബൈ സൗത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മിലിന്ദ് ദേവ്റെയെ പിന്തുണച്ചു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പരസ്യമായി രംഗത്തു വന്നതിനു തൊട്ടുപിന്നാലെ മകന്‍ ആനന്ദ് അംബാനി ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച പ്രചാരണ റാലിയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. 

അനിൽ അംബാനിയെ റഫാൽ വിവാദത്തിന്റെ പേരിൽ കോൺഗ്രസും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും രൂക്ഷമായി വിമർശിക്കുന്നതിനിടെ സഹോദരൻ  മുകേഷ് അംബാനി ഒരാഴ്ച് മുൻപ് കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. 

മോദിയെ ശ്രവിക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താൻ എത്തിയതെന്ന്  ബാന്ദ്ര-കുർള കോംപ്ലക്സിലെ പ്രധാനമന്ത്രിയുടെ സമ്മേളന വേദിയിൽ വച്ച് ആനന്ദ് അംബാനി മാധ്യമങ്ങളോടു പറഞ്ഞു. മുൻനിരയിലായിരുന്നു ആനന്ദിന്റെ ഇരിപ്പിടം.

പരസ്യമായുള്ള രാഷ്ട്രീയ പ്രസ്താവനകളിൽ നിന്നു സാധാരണ വിട്ടുനിൽക്കാറുള്ള മുകേഷ് അംബാനിയുടെ പിന്തുണ മിലിന്ദിനു മാത്രമല്ല, കോൺഗ്രസിന് ഒന്നാകെയുണ്ടെന്ന വ്യാഖ്യാനങ്ങളും അംബാനിയുടെ വിഡിയോ സന്ദേശത്തിനു പിന്നാലെ ഉടലെടുത്തതിനു തൊട്ടുപിന്നാലെയാണ് ആനന്ദ് ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടത്.

മിലിന്ദ് ദേവ്റെയെ പിന്തുണച്ചുള്ള മുകേഷ് അംബാനിയുടെ വിഡിയോ പുറത്തിറങ്ങിയത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. മുകേഷ് അംബാനിയെ കൂടാതെ കൊടക് മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ഉദയ് കൊടകും കോൺഗ്രസ് സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 29 നാണ് സൗത്ത് മുംബൈയില്‍ തിരഞ്ഞെടുപ്പ്. 

English Summary: Mukesh Ambani backs Congress' Milind Deora, son Anant attends Narendra Modi's rally 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com