ADVERTISEMENT

തിരുവനന്തപുരം ∙ കള്ളവോട്ട് നടന്നിടത്തും പോളിങ് 90 ശതമാനത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും റീപോളിങ് നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് വ്യാപകമായി നടന്നതിനു തെളിവാണ് ചില ബൂത്തുകളില്‍ പോളിങ് ശതമാനം 90 കഴിഞ്ഞത്.

മുഖ്യമന്ത്രിയുടെയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയുടെ പഞ്ചായത്തിലെയും ബൂത്തുകളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം. ഇവിടങ്ങളില്‍ ക്രമാതീതമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ധൈര്യമുണ്ടോ? ജനാധിപത്യത്തോട് അല്‍പ്പമെങ്കിലും കൂറുണ്ടെങ്കില്‍ മൗനം വെടിഞ്ഞ് ഇരുവരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകണം.

കള്ളവോട്ട് രേഖപ്പെടുത്തുന്നതിന് പരിശീലനം ലഭിച്ച സിപിഎമ്മിന്റെ സംഘങ്ങള്‍ സജീവമാണ്. കള്ളവോട്ട് ചെയ്യുന്നത് സിപിഎമ്മിന് ആചാരവും അനുഷ്ഠാനവും പോലെയാണ്. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും സിപിഎം മസില്‍പവര്‍ ഉപയോഗിച്ചു കള്ളവോട്ട് ചെയ്യുന്നത് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. പരാതിപ്പെട്ടാല്‍ പോലും ഉദ്യോഗസ്ഥര്‍ ഇത് അവഗണിക്കും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ കള്ളവോട്ട് ചെയ്യുന്നതിന് സിപിഎമ്മിനെ സഹായിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ബിഎല്‍ഒ തലം മുതല്‍ സിപിഎമ്മിന് കള്ളവോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കുന്നു. മരണപ്പെട്ടവരുടെ പേരുകള്‍ പോലും വോട്ടര്‍പ്പട്ടികയില്‍ ഇടംപിടിക്കുന്നത് അതിനാലാണ്.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷത്തില്‍പ്പരം ഇരട്ടവോട്ടുകളാണ് ഉള്ളത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കും വിധം സിപിഎമ്മും ഉദ്യോഗസ്ഥരും തമ്മിലുള്ള ഇത്തരം കൂട്ടുക്കെട്ട് തകര്‍ക്കപ്പെടുകയും സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടിക്രമം ഉറപ്പുവരുത്തുകയാണെങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക് ഈ സംവിധാനത്തോട് പൂര്‍ണവിശ്വസം ഉണ്ടാകുകയുള്ളു.

നീതിപൂര്‍വമായ രീതിയില്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ മലബാറിലെ ഒരു മണ്ഡലത്തില്‍ പോലും സിപിഎമ്മിന് വിജയിക്കാനാവില്ല. കള്ളവോട്ട് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് കമ്മിഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. കള്ളവോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ റീപോളിങ് നടത്തമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

English Summary: Mullappally Ramachandran on Bogus Vote issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com