ADVERTISEMENT

കൊച്ചി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനിൽ നിന്നു പിടികൂടിയ അനധികൃത പണത്തിന്റെ ഒരുഭാഗം കൈക്കലാക്കിയ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിൽ എത്തിയത് പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയിൽ. പൊലീസിനു നൽകിയ മൊഴിയിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പഞ്ചാബിൽ നിന്നുള്ള ഒരു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പണം തട്ടി രാജ്യം വിടാനാണ് എഎസ്ഐമാരായ ജോഗീന്ദർ സിങ്ങും രാജ്പ്രീത് സിങ്ങും പദ്ധതിയിട്ടതെങ്കിലും വീട്ടിൽ നിന്നു പാസ്പോർട് എടുക്കാനുള്ള ശ്രമം പാളിയതിനാൽ അതു നടന്നില്ല. തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ഒളിവിൽ പോയത്. ഇതിനിടെ പണത്തിന്റെ ഒരു ഭാഗം വിദേശത്തുള്ള സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.

പഞ്ചാബിൽ ഫാ. ആന്റണി മാടശേരിയുടെ സഹോദയ കമ്പനിയിൽ നിന്നു പൊലീസ് 16.65 കോടി രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ 9.66 കോടി മാത്രമാണ് ആദായ നികുതി വകുപ്പിൽ ഹാജരാക്കിയത്. അനധികൃതപണം ആയതിനാൽ പരാതി നൽകില്ലെന്ന പ്രതീക്ഷയിലാണ് പിടിച്ചെടുത്ത പണത്തിൽ ഒരു പങ്ക് തട്ടിയെടുക്കാൻ ഇരുവരും തീരുമാനിച്ചത്. എന്നാൽ ബാക്കി തുകയുടെ വിവരങ്ങൾ പൊലീസ് വ്യക്തമാക്കണമെന്ന ആവശ്യവുമായി ഫാ. ആന്റണി പഞ്ചാബ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ പദ്ധതി പാളി. ഇതോടെയാണ് നാടുവിടാൻ ഇരുവരും തീരുമാനിക്കുന്നത്.

നാടുവിടാനുള്ള പദ്ധതി നടക്കാതെ വന്നതോടെ ഉത്തരാഖണ്ഡ്, ന്യൂഡൽഹി, മീററ്റ്, ജയ്പുർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഇരുവരും ഒളിവിൽ കഴിഞ്ഞു. ഇതിനിടെ കേരളത്തിൽ എത്തിയാൽ ഏതെങ്കിലും വിധത്തിൽ പ്രശ്നം ഒത്തു തീർപ്പാക്കാനാകും എന്നാണ് ഇരുവരും പ്രതീക്ഷിച്ചത്. പണം തിരികെ നൽകി പരാതി പിൻവലിപ്പിക്കാനായിരുന്നു പദ്ധതി. ഇതിനകം കേരള പൊലീസിന്റെ ഇടപെടൽ പദ്ധതികൾ പൊളിക്കുകയായിരുന്നെന്ന് ഇവർ പൊലീസിനു മൊഴിനൽകി.

ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ സുരക്ഷ ശക്തമാക്കുകയും ഹോട്ടലുകളിൽ താമസിക്കണമെന്ന വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് നിർദേശിക്കുകയും ചെയ്ത സഹാചര്യത്തിലാണ് ഇരുവരും പിടിയിലായത്. മതിയായ രേഖകളില്ലാതെ രണ്ടു പേർ കൊച്ചിയിലെ ഹോട്ടലിൽ താമസിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. തുടർന്ന് ചോദ്യം ചെയ്യുമ്പോഴാണ് ഇരുവരും പഞ്ചാബിൽ നിന്നു പണം തട്ടിയ കേസിൽ ഒളിവിൽ പോയ പൊലീസുകാരാണെന്ന വിവരം ലഭിച്ചത്. പഞ്ചാബ് ക്രൈംബ്രാഞ്ച് ഐജി പി.കെ. സിൻഹയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com