ADVERTISEMENT

അദ്ഭുതങ്ങളൊന്നുമുണ്ടായില്ല; ഏഴു സഹോദരിമാരുടെ ഹൃദയം കീഴടക്കിയതു ബിജെപി തന്നെ. നവംബറിൽ നടന്ന മിസോറം നിയമസഭാ തിരഞ്ഞെടുപ്പോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിന്റെ പെട്ടിയിൽ അവസാന ആണിയും തറച്ചതാണ്. ചാരത്തിൽനിന്നുള്ള ഉയിർത്തെഴുന്നേൽപിനായിരുന്നു ഇക്കുറി പാർട്ടിയുടെ ശ്രമം. എന്നാൽ, രാജ്യത്താകെ അലയടിച്ച ബിജെപി അനുകൂല തരംഗം അതേപടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഫലിച്ചു.

ഏഴു സംസ്ഥാനങ്ങളിലായി ആകെയുള്ള 24 സീറ്റുകളിൽ 20 എങ്കിലും സ്വന്തമാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇനിയും സാന്നിധ്യമറിയിക്കാൻ കഴിയാത്ത മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളെ ആദ്യമേ കൂട്ടുപിടിച്ചു. എന്നാൽ, പൗരത്വ ബില്ലിനെ തുടർന്നുണ്ടായ കോലാഹലങ്ങളിൽ തിരിച്ചടി മണത്ത പാർട്ടികൾ ഒന്നൊന്നായി ആ കൂട്ടു കൈവിടുന്ന കാഴ്ചയാണു തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കണ്ടത്. കോൺഗ്രസിനെ തകർക്കാൻ ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിൽ(നേദ) കൂട്ടു ചേർന്നവർ ആ സഖ്യം ഉപേക്ഷിക്കാതെ തന്നെ ഒറ്റയ്ക്കു മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നു.

കൂട്ടുകക്ഷികൾ വിട്ടുപോയപ്പോഴും ബിജെപി പതറിയില്ല. അസമിലും അരുണാചലിലും ത്രിപുരയിലും എതിരാളികളെ ഇല്ലാതാക്കും വിധം തിളങ്ങി. അസമിലെ 14ൽ ഒൻപതു സീറ്റുകളിലും അരുണാചലിലും ത്രിപുരയിലും ആകെയുള്ള രണ്ടു വീതം സീറ്റുകളിലും ബിജെപിയാണു മുൻപിൽ. വടക്കു കിഴക്കൻ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 2014ലെ മോദി തരംഗത്തിൽ, 7 സീറ്റായിരുന്നു അസമിൽ ബിജെപിയുെട സമ്പാദ്യം.

കേരളത്തെ ഞെട്ടിച്ച പോരാളികൾ ഇവർ, വിഡിയോ സ്റ്റോറി കാണാം

അരുണാചലിൽ ഒരു സീറ്റാണു കഴിഞ്ഞ തവണ ബിജെപി നേടിയത്; ഒന്നിൽ കോൺഗ്രസും. 60 അംഗ നിയമസഭയിൽ 42 സീറ്റുമായി തിളങ്ങിയ കോൺഗ്രസ് പക്ഷേ, അധികാരത്തിൽ രണ്ടു വർഷം പിന്നിട്ടപ്പോഴേക്കു നിന്നനിൽപിൽ ഇല്ലാതാകുന്ന കാഴ്ചയും അമ്പരപ്പോടെ രാജ്യം കണ്ടുനിന്നു. തിരഞ്ഞെടുപ്പിൽ 11 സീറ്റ് മാത്രം നേടിയ ബിജെപി കോൺഗ്രസ് വിമതരെ കൂട്ടുപിടിച്ച് സർക്കാരുണ്ടാക്കുമ്പോൾ നിസ്സഹായനായി നോക്കിനിൽക്കാൻ കോൺഗ്രസ് പാളയത്തിൽ ആകെയുണ്ടായിരുന്നത് മുഖ്യമന്ത്രിയായിരുന്ന നബാം തുകി മാത്രം.

ഇത്തവണ അരുണാചൽ വെസ്റ്റ് മണ്ഡലത്തിൽ കിരൺ റിജിജുവിനെതിരെ രണ്ടും കൽപിച്ചു പൊരുതാനിറങ്ങിയ തുകി ദയനീയമായി തോൽക്കുന്നു. പൊരുതാൻ പോലും കോൺഗ്രസിന് ആളില്ലാതായ നിയമസഭാ തിരഞ്ഞെടുപ്പിലും കാണുന്നത് ബിെജപിയുടെ സർവാധിപത്യം.

ത്രിപുരയിൽ പൂജ്യത്തിൽനിന്ന് 100 ശതമാനത്തിലേക്കാണ് ബിജെപിയുടെ കുതിപ്പ്! 2014ൽ പാർട്ടി തിരഞ്ഞെടുപ്പ് ചിത്രത്തിലേയില്ലായിരുന്നു. 4.5 ലക്ഷം, 5 ലക്ഷം വീതം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ സിപിഎം ജയിച്ച രണ്ടു സീറ്റുകളിലും ഇത്തവണ വൻ മുന്നേറ്റമാണു ബിെജപിക്ക്. രണ്ടിടത്തും രണ്ടാമതുള്ളതു കോൺഗ്രസ്.

കഴിഞ്ഞ തവണ അസമിൽ മാത്രം മൂന്നു സീറ്റ് നേടിയ കോൺഗ്രസിന് ഇക്കുറി വടക്കുകിഴക്കൻ മേഖലയിലാകെ ലീഡ് ചെയ്യാൻ കഴിയുന്നത് മൂന്നു സീറ്റിൽ. 2014ൽ മണിപ്പുരിൽ രണ്ടു സീറ്റും നേടിയ പാർട്ടി ഇക്കുറി രണ്ടിടത്തും രണ്ടാമതാണ്. എൻപിപി മുന്നേറുന്ന ഔട്ടർ മണിപ്പുരിൽ രണ്ടാമതെത്താൻ പോലും പാർട്ടിക്കു കഴിഞ്ഞില്ല. പൗരത്വ ബില്ലിന്റെ പേരിൽ ഏറ്റവും ശക്തമായ പ്രതിഷേധമുണ്ടായ സംസ്ഥാനമാണു മണിപ്പുർ. അവിടെ ഒരു സീറ്റിൽ മുന്നിൽ നിൽക്കുന്ന ബിജെപി അടുത്തതിൽ രണ്ടാമതുമെത്തി.

മേഘാലയയിൽ അപ്രതീക്ഷിതമായൊന്നും സംഭവിക്കില്ലെന്നു തന്നെയാണു സൂചനകൾ. ഷില്ലോങ് കോൺഗ്രസിന്റെ വിൻസന്റ് എച്ച്. പാലയും അന്തരിച്ച പി.എ. സാങ്മയുടെ എക്കാലത്തെയും ഉറച്ച മണ്ഡലമായ ടൂറ മകൾ അഗത കെ. സാങ്മയും നിലനിർത്തുമെന്ന് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. വടക്കു കിഴക്കൻ മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ മൽസരമായിരുന്നു അഗത–മുകുൾ സാങ്മ പോരാട്ടം. ഭരണകക്ഷിയായ എൻഡിപിപിയെ വീഴ്ത്തി നാഗാലാൻഡിലെ ഏക സീറ്റിൽ മുന്നേറാൻ കഴിഞ്ഞതിൽ കോൺഗ്രസിന് ആശ്വസിക്കാം. തുടക്കത്തിൽ ഏറെ നേരം പിന്നിട്ടുനിന്ന ശേഷമാണു കെ.എൽ ചിഷിയുടെ മുന്നേറ്റം.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം അതേപടി തൊട്ടുപിന്നാലെ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നതാണു മിസോറമിലെ ചരിത്രം. ഇത്തവണയും സംഭവിക്കുന്നത് ആ ചരിത്രത്തിന്റെ തനിയാവർത്തനം. 26 സീറ്റുമായി നവംബറിൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) വിജയം ലോക്സഭയിലും ആവർത്തിക്കുമെന്ന് ഏതാണ്ടുറപ്പായി. 11 സീറ്റ് നേടിയ സോറം പീപ്പിൾസ് മൂവ്മെന്റുമായുള്ള കൂട്ടുകെട്ടും കോൺഗ്രസിനെ തുണച്ചില്ല.

‘കൈ’ തെളിഞ്ഞ മൂന്നു സീറ്റുകളിൽ മേഘാലയയിലും നാഗാലാൻഡിലും ബിജെപി ചിത്രത്തിലില്ലായിരുന്നു എന്നതും ശ്രദ്ധേയം. അസമിൽ നേർക്കുനേർ പോരാടിയ ഒരു സീറ്റിലും ബിജെപിക്കു വെല്ലുവിളിയുയർത്താൻ പോലും കോൺഗ്രസിനായില്ല. ഇപ്പോൾ മുന്നിട്ടു നിൽക്കുന്ന ബർപേട്ട മണ്ഡലത്തിൽ പോര് എജിപിയുമായായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com